| Saturday, 11th January 2025, 9:13 pm

ആദ്യ സിനിമക്ക് കിട്ടിയ ട്രോള്‍ കാരണം സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന് ആലോചിച്ചിരുന്നു, എന്നാല്‍...: സാനിയ അയ്യപ്പന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സാനിയ അയ്യപ്പന്‍. ബാല്യകാലസഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ സാനിയ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. തുടര്‍ന്ന് മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ സാനിയ കഴിഞ്ഞ വര്‍ഷം തമിഴിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു.

സിനിമയില്‍ നില്‍ക്കണമെന്ന് തനിക്ക് ആഗ്രഹമില്ലായിരുന്നെന്ന് പറയുകയാണ് സാനിയ. റിയാലിറ്റി ഷോയിലൂടെയാണ് താന്‍ സിനിമയിലേക്കെത്തിയതെന്നും ബാല്യകാലസഖിയും അപ്പോത്തിക്കിരിയും അങ്ങനെ ലഭിച്ച സിനിമകളാണെന്നും സാനിയ പറഞ്ഞു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ ക്വീനില്‍ അഭിനയിച്ചതെന്നും ആ സിനിമ റിലീസായപ്പോള്‍ താന്‍ പത്താം ക്ലാസിലായിരുന്നെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

ക്വീന്‍ എന്ന സിനിമ സാമ്പത്തികമായി വിജയിച്ചെങ്കിലും തന്റെ കഥാപാത്രത്തിന് ഒരുപാട് ട്രോള്‍ കിട്ടിയിരുന്നെന്ന് സാനിയ പറഞ്ഞു. സിനിമയില്‍ നില്‍ക്കണമെന്ന ആഗ്രഹമില്ലാത്തതിനാല്‍ ക്വീനിന് ശേഷം ഒരു സിനിമയും കമ്മിറ്റ് ചെയ്തില്ലെന്ന് സാനിയ കൂട്ടിച്ചേര്‍ത്തു. ആ സമയത്താണ് പൃഥ്വിരാജ് തന്നെ ലൂസിഫറിലേക്ക് വിളിച്ചതെന്നും ആ സിനിമയില്‍ വളരെ ചെറിയൊരു വേഷമായിരുന്നെന്നും സാനിയ പറഞ്ഞു.

ആ സിനിമയുടെ സെറ്റാണ് തന്റെ തീരുമാനം മാറ്റിയതെന്നും ലൂസിഫറിന് ശേഷമാണ് താന്‍ സിനിമയെ സീരിയസായി കണ്ടതെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. ലൂസിഫറിന് ശേഷം തനിക്ക് മികച്ച വേഷങ്ങള്‍ കിട്ടിയിരുന്നില്ലെന്നും സാറ്റര്‍ഡേ നൈറ്റ്‌സാണ് താന്‍ ഒടുവില്‍ ചെയ്ത മലയാളചിത്രമെന്നും സാനിയ പറഞ്ഞു. തമിഴില്‍ താന്‍ ചെയ്ത ഇരുഗപട്ര് എന്ന സിനിമയിലെ കഥാപാത്രം പലര്‍ക്കും റിലേറ്റായെന്ന് വിളിച്ച് പറഞ്ഞിരുന്നെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സാനിയ അയ്യപ്പന്‍.

‘സിനിമ എന്നത് എന്റെ പണ്ടത്തെ സ്വപ്‌നങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. ഡാന്‍സായിരുന്നു പണ്ടുമുതലേ പാഷന്‍. റിയാലിറ്റി ഷോയിലൂടെയാണ് അപ്പോത്തിക്കിരിയും ബാല്യകാലസഖിയും കിട്ടുന്നത്. ആ പടങ്ങളില്‍ ബാലതാരമായിട്ടായിരുന്നു. ക്വീന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ആ പടം റിലീസായപ്പോള്‍ ഞാന്‍ പത്താം ക്ലാസിലെത്തി.

സിനിമ ഹിറ്റായെങ്കിലും എന്റെ ക്യാരക്ടറിന് ഒരുപാട് ട്രോള്‍ കിട്ടി. അതുകൂടിയായപ്പോള്‍ ഇനി സിനിമയുടെ ഏരിയയിലേക്ക് പോലുമില്ലെന്ന് തീരുമാനമെടുത്തു. ആ സമയത്താണ് രാജു സാര്‍ എന്നെ ലൂസിഫറിലേക്ക് വിളിച്ചത്. ആ സെറ്റാണ് എന്റെ തീരുമാനം മാറ്റിയത്. ലൂസിഫറിന്റെ സെറ്റ് എന്നെ സംബന്ധിച്ച് പുതിയൊരു ലോകമായിരുന്നു. ലൂസിഫറിന് ശേഷം ഞാന്‍ സിനിമയെ സീരിയസായി കാണാന്‍ തീരുമാനിച്ചു.

പക്ഷേ മലയാളത്തില്‍ എന്റെ ലാസ്റ്റ് പടം വന്നിട്ട് രണ്ട് വര്‍ഷമായി. സാറ്റര്‍ഡേ നൈറ്റ്‌സ് ആയിരുന്നു അവസാനം ചെയ്ത മലയാളസിനിമ. പിന്നീട് തമിഴില്‍ രണ്ട് സിനിമകള്‍ ചെയ്തു. രണ്ട് സിനിമയിലും നല്ല വേഷങ്ങളായിരുന്നു. ഇരുഗപട്ര് എന്ന സിനിമ കണ്ടിട്ട് എന്റെ ക്യാരക്ടറുമായി റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ടെന്ന് പറഞ്ഞ് ഒരുപാട് പേര്‍ മെസ്സേജയച്ചു,’ സാനിയ അയ്യപ്പന്‍ പറഞ്ഞു.

Content Highlight:  Saniya Iyappan saying she took cinema seriously after Lucifer movie

We use cookies to give you the best possible experience. Learn more