ശ്രീശാന്ത്, അവസാനത്തിനു ശേഷം ഒരു തുടക്കം
Cricket
ശ്രീശാന്ത്, അവസാനത്തിനു ശേഷം ഒരു തുടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th March 2019, 6:03 pm
  • സനില്‍ പി.തോമസ്

വിലക്കു മാറി മടങ്ങിയെത്തിയപ്പോള്‍ കപില്‍ദേവ് പറഞ്ഞു. “അവസാനത്തിനു ശേഷം ഒരു തുടക്കം”. പക്ഷേ, കപിലിന് ആ പറഞ്ഞ അവസാനവും ആരംഭവും സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ആയിരുന്നു. എന്നാല്‍ നമ്മുടെ എസ്.ശ്രീശാന്തിനെതിരെ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീം കോടതി റദ്ദാക്കിയപ്പോള്‍ ഈ ഫാസ്റ്റ് ബൗളറുടെ മുന്നില്‍ കളി ദിനങ്ങള്‍ അധികം ബാക്കിയില്ല.

അറസ്റ്റും പൊലീസ് കേസും ജയില്‍ വാസവും അവിടെ ജീവനു നേരെയുണ്ടായി എന്നു പറയപ്പെടുന്ന ഭീഷണിയും തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടതുമെല്ലാം ചേര്‍ന്നപ്പോള്‍ ശ്രീശാന്തിനു നഷ്ടപ്പെട്ടത് ക്രിക്കറ്റ് ജീവിതത്തിലെ വിലപ്പെട്ട കാലഘട്ടമാണ്. മുപ്പത്തിയാറാം വയസില്‍ മടങ്ങിവരവിനു ശ്രമിക്കുമ്പോള്‍ അവസരങ്ങള്‍ എത്ര ബാക്കിയെന്നു പറയാനാവില്ല.

Image result for SREESANTH

ആജീവനാന്ത വിലക്ക് നീക്കിയപ്പോഴും ശിക്ഷാ കാലാവധി നിശ്ചയിക്കാന്‍ ബോര്‍ഡിന് അധികാരം ബാക്കി. കഴിഞ്ഞ കാല വിലക്ക് ധാരാളമെന്നു തീരുമാനിച്ചാല്‍ തന്നെ, ഇന്ത്യന്‍ ടീമില്‍ ഇനിയൊരു അവസരം അകലെയാണ്. രഞ്ജി ട്രോഫിയില്‍ കേരളത്തിനു കളിക്കാന്‍ ശ്രീ ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞു. പക്ഷേ, ഈ സീസണ്‍ സച്ചിന്‍ ബേബിയുടെ ടീം സെമിയില്‍ എത്തി എന്ന ചരിത്രനേട്ടത്തോടെ പൂര്‍ത്തിയാക്കി കഴിഞ്ഞല്ലോ. ഇനി ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കണം. മാത്രമല്ല, ഇപ്പോള്‍ കേരളത്തിന് മികച്ച പേസ് ബൗളര്‍മാര്‍ ഉണ്ട്. അവരില്‍ ഒരാളെ പിന്‍തള്ളി വേണം കയറിപ്പറ്റാന്‍. അസാധ്യമെന്നു പറയാനാവില്ല. പക്ഷേ, നന്നായി വിയര്‍ക്കണം.

ശ്രീശാന്ത് എന്ന സുഹൃത്തുക്കളുടെ ഗോപുവിന് വാതുവയ്പ്പിനും ഒത്തുകളിക്കും കൂട്ടുനിന്നവന്‍ എന്ന പേരുദോഷം മാറിക്കിട്ടും. വിദേശത്ത് ഏതെങ്കിലും ക്ലബ് ക്രിക്കറ്റ് കളിക്കാം. അതു വഴി മടങ്ങിവരവിന് ശ്രമിക്കാം. എത്രയോ വര്‍ഷങ്ങളാണ് ശ്രീശാന്തിന് നഷ്ടപ്പെട്ടത്. 2011 ഏപ്രിലില്‍ ശ്രീലങ്കയ്ക്കെതിരെയാണ് അവസാനമായി ഏകദിന ക്രിക്കറ്റില്‍ പങ്കെടുത്തത്. 2011 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. 2005ലും 2006ലും ആയിരുന്നു യഥാക്രമം ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറ്റം.

Image result for SREESANTH

നന്നേ ചെറുപ്പത്തില്‍ കൈവന്ന ഭാഗ്യം ശ്രീയെ അഹങ്കാരിയാക്കിയെന്നു വിശ്വസിക്കുന്നവരാണ് അധികവും.”കളിക്കളത്തിലും പുറത്തും ഒരു ആന്‍ഗ്രി യൂത്ത് “.ശ്രീക്കു മുമ്പ് ഫാസ്റ്റ് ബൗളറായി ടെസ്റ്റ് കളിച്ച മലയാളി ടിനു യോഹന്നാന് അധികകാലം പിടിച്ചു നില്‍ക്കാനായില്ല. അതിനു കാരണം അദ്ദേഹത്തിന്റെ പിതാവ്, ഒളിംപ്യന്‍ ടി.സി.യോഹന്നാന്‍ ഒരിക്കല്‍ പറഞ്ഞു. ” അവന്‍ ടി.സി.യോഹന്നാന്റെ മകനായിപ്പോയി “. ആ വാചകം ഞാന്‍ പൂരിപ്പിച്ചു കൊടുത്തു ” അതു കൊണ്ട് കില്ലര്‍ ഇന്‍സ്റ്റിന്റ് ഇല്ലാതെ പോയി. യോഹന്നാന്‍ ഒരു പാവം. ആനി ചേച്ചി അതിലും പാവം.”ശ്രീശാന്തിന് കില്ലര്‍ ഇന്‍സ്റ്റിന്റ് കൂടിപ്പോയി. ക്ഷോഭിക്കുന്ന ആ യൗവനം സച്ചിനും ധോണിയും ഒക്കെ ഉള്‍പ്പെട്ട ശാന്തരായ ഒരു സൂപ്പര്‍താര നിരയ്ക്കിടയില്‍ വേറിട്ടുനിന്നു. പരിണതപ്രജ്ഞരായ താരങ്ങള്‍ക്കു മുമ്പിലും ശ്രീക്കു ക്ഷോഭം നിയന്ത്രിക്കാന്‍ കഴിയാതെ പോയി.

Image result for SREESANTH

വി.നാരായണ സ്വാമിയും അബി കുരുവിളയുമൊക്കെ ടെസ്റ്റ് കളിച്ച മലയാളികളാണ്. പക്ഷേ, കേരളത്തില്‍ നിന്നു വളര്‍ന്ന ശ്രീശാന്ത് മലയാളികളുടെ ക്രിക്കറ്റിനു മറ്റൊരു മേല്‍വിലാസം സമ്മാനിച്ചു എന്നതു മറക്കുന്നില്ല. ഐ.പി.എലിന്റെ 2013 സീസണിലാണ് സ്‌പോട്ട് ഫിക്‌സിങ് ആരോപിച്ച് ശ്രീശാന്തിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

അജിത്ത് ചണ്ഡീലയും അങ്കീത് ചവാനും ഒപ്പം പിടിയിലായി. 2015 ജൂലൈയില്‍ ഇവര്‍ ഉള്‍പ്പെടെ 36 പേരെ കീഴ്‌ക്കോടതി വിട്ടയച്ചു.ദല്‍ഹി പൊലീസ് അപ്പീലിനു പോയി. ബി.സി.സി.ഐ ശിക്ഷണ നടപടികളുമായി മുന്നോട്ടു പോയി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. പക്ഷേ, ഡിവിഷന്‍ ബഞ്ച് ബോര്‍ഡിന്റെ അപ്പീലില്‍ വിലക്ക് തുടരാന്‍ അനുവദിച്ചു.ഈ വിധിക്കെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

Related image

ഒത്തുകളിയുടെ പേരില്‍ വിലക്കു നേരിട്ട അസ്ഹറുദീന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും സലിം മാലിക്ക് ഉള്‍പ്പെടെയുള്ള പാക്കിസ്ഥാന്‍ കളിക്കാരും മടങ്ങിയെത്തിയില്ലേ? ശ്രീശാന്തിനു മാത്രം എന്തിന് ആജീവനാന്ത വിലക്ക്? അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദിന്റെ ചോദ്യം ശ്രദ്ധിക്കപ്പെട്ടു.

കൂകി വിളിച്ചവരുടെ മുന്നില്‍ ശ്രീശാന്തിന് ഇനി തല ഉയര്‍ത്തി നില്‍ക്കാം. പക്ഷേ, ആ തലയെടുപ്പില്‍ ഇനിയെങ്കിലും അല്പം വിനയം വേണം. ഇങ്ങനെ പറയുമ്പോഴും ഉള്ളു കൊണ്ട് ശ്രീശാന്ത് ഒരു ശുദ്ധനല്ലേ എന്നു ചോദിച്ചു പോകുന്നു. കാരണം ഹര്‍ഭജന്‍ സിങ് തല്ലിയപ്പൊള്‍ കരഞ്ഞ ശ്രീശാന്തിന്റെ മുഖം മനസ്സില്‍ ഉണ്ട്.

Image result for WORLD CUP 20 20 SREESANTH

ശ്രീശാന്തിലെ കളിക്കാരനെയും ഓര്‍ത്തെടുക്കുന്നു. 2007 ലെ ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ടേലിയയ്‌ക്കെതിരായ ബൗളിങ്. പിന്നെ പാക്കിസ്ഥാനെതിരായ ഉജ്വല ക്യാച്ച്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ കാഴ്ചവച്ച ബൗളിങ്. 2007 സെപ്റ്റംബര്‍ 24. ഇന്ത്യന്‍ സമയം രാത്രി 8.40. ജൊഹാനസ്ബര്‍ഗിലെ വാണ്ടേഴ്‌സ് സ്റ്റേഡിയം. ഇന്ത്യയുടെ അവസാന ഓവറിലെ മൂന്നാമത്തെ പന്ത്. ജോഗീന്ദര്‍ ശര്‍മയാണു ബൗളര്‍. പാക്കിസ്ഥാന്റെ മിസ് ബാ ഉല്‍ ഹഖ് ഉയര്‍ത്തിവിട്ട പന്ത് ഫൈന്‍ ലെഗില്‍ ശ്രീശാന്തിന്റെ കൈകളില്‍. ഇന്ത്യക്ക് അഞ്ചു റണ്‍സ് വിജയം. പ്രഥമ ട്വന്റി 20 ലോകകപ്പും. ഇതൊന്നും ഞങ്ങള്‍ മറന്നിട്ടില്ല ശ്രീ. .”മറക്കുകയുമില്ല.