| Monday, 29th September 2014, 7:50 pm

ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ സാനിയ - സാകേത് സഖ്യത്തിന് സ്വര്‍ണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യയുടെ ഭാഗ്യദിനം. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം ലഭിച്ചതിന് പിന്നാലെ ടെന്നീസ് മിക്‌സഡ് ഡബിള്‍സിലും ഇന്ത്യക്ക് സ്വര്‍ണം. സാനിയ മിര്‍സ- സാകേത് സായ് സഖ്യമാണ് ഇന്ത്യയുടെ അഭിമാനമുയര്‍ത്തി സ്വര്‍ണം നേടിയത്.

44 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ചൈനീസ് തായ്‌പേയുടെ യിന്‍ ഹസ്യേന-പെങ്ചിങ് ഹാവൊ ചാന്‍ സഖ്യത്തെ 6-4, 6-3 എന്നീ സ്‌കോറുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. സെമിഫൈനലില്‍ ചൈനയുടെ ജീ സെംഗ്- സീ സാംഗ് സഖ്യത്തെ  (6-1, 6-3)ന് കീഴ്‌പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്.

2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ ലിയാണ്ടര്‍ പേസിനൊപ്പം സ്വര്‍ണം നേടിയ സാനിയയുടെ രണ്ടാം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്. അതേസമയം പുരുഷന്മാരുടെ ഡബിള്‍സ് ഫൈനലില്‍ സനം സിങ്-സാകേത് സായി സഖ്യം വെള്ളി നേടി. ഒരു മണിക്കൂറും 29 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ ഹ്യോണ്‍ ചുങ്-യോങ്ക്യു ലിം സഖ്യത്തോടാണ് ഇന്ത്യ അടിയറവ് പറഞ്ഞത്.

ഇതോടെ ഇഞ്ചിയോണിലെ ഇന്ത്യയുടെ സ്വര്‍ണനേട്ടം ആറായി. ആറ് സ്വര്‍ണവും ആറ് വെള്ളിയും 26 വെങ്കലമെഡലും നേടിയ ഇന്ത്യ മെഡല്‍ നിലയില്‍ ഒന്‍പതാം സ്ഥാനത്താണ്.

Latest Stories

We use cookies to give you the best possible experience. Learn more