മാപ്പിരന്നവര്‍ നേതാജിയെ മോഷ്ടിക്കുകയാണ്
Freedom struggle
മാപ്പിരന്നവര്‍ നേതാജിയെ മോഷ്ടിക്കുകയാണ്
ജുനൈദ് ടി.പി. തെന്നല
Sunday, 23rd January 2022, 7:23 pm
ഇന്ത്യന്‍ യുവത്വത്തോട് 'നിങ്ങള്‍ ബ്രിട്ടനെതിരെ സമരം ചെയ്ത് നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തരുത്' എന്ന് ആഹ്വാനം ചെയ്ത സവര്‍ക്കറുടെ നിലപാടിന് വിരുദ്ധമായി 'നിങ്ങള്‍ എനിക്ക് രക്തം തരൂ പകരം ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം' എന്ന് പ്രഖ്യാപിച്ച ബോസിനെ എങ്ങനെയാണ് സംഘപരിവാറിന് അവരുടെ ഐക്കണായി സ്വീകരിക്കാന്‍ കഴിയുക?

ഇന്ന് സ്വതന്ത്ര സമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനുമായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ 125 ാം ജന്മദിനമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന നേതാജിയെ ഇപ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ ആഘോഷപുര്‍വ്വം പരിചരിക്കുന്നത് ബി.ജെ.പിയും മറ്റു സംഘപരിവാര്‍ സംഘടനകളുമാണ്.

സ്വാതന്ത്ര്യ സമരത്തില്‍ സ്വന്തം ഐക്കണുകളില്ലാത്ത സംഘപരിവാരത്തിന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം മറ്റൊരു നേതാവിനെ കൂടി കിട്ടിയിരിക്കുകയാണ്. ഗാന്ധി വധത്തിന് ശേഷം ആര്‍.എസ്.എസ്സിനെ നിരോധിച്ച ആഭ്യന്തര മന്ത്രി എന്ന ടാഗ് നിലനില്‍ക്കെ തന്നെയാണ് ചരിത്രത്തോട് കണ്ണടച്ചുപിടിച്ചുകൊണ്ട് ബി.ജെ.പി അവരുടെ ഐക്കണുകളുടെ നിരയില്‍ പട്ടേലിന് ഉന്നതമായ സ്ഥാനം നല്‍കിയത്. ഇന്ത്യയെ രാഷ്ട്രീയമായി ഏകീകരിച്ച ഇന്ത്യന്‍ യൂണിയന്റെ സ്ഥാപകന്‍ എന്ന നിലയിലാണ് Statue of Unity എന്ന പേരില്‍ ഗുജറാത്തിലെ നര്‍മദ നദീ തിരത്ത് 597 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന ഖ്യാദിയോടെ 2018 ഒക്ടോബര്‍ 31 ന് പട്ടേല്‍ പ്രതിമ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

2013 ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി പത്തുവര്‍ഷം പുര്‍ത്തിയാക്കുന്ന വാര്‍ഷിക പരിപാടികളുടെ ഭാഗമായാണ് പട്ടേല്‍ പ്രതിമയുടെ പ്രോജക്ട് പ്രഖ്യാപിക്കുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ രാഷ്ട്രീയ ഏകതാ ട്രസ്റ്റിന് കീഴിലാണ് പദ്ധതിയുടെ പ്രവര്‍ത്തികള്‍ തുടങ്ങിയത്. 2014 ല്‍ നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായത് മുതല്‍ക്കാണ് ഈ പ്രവര്‍ത്തന പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചത്. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബര്‍ 31 ന് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിവസമായി (National Unity Day) പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി Run For Unity എന്ന പേരില്‍ രാജ്യത്തെമ്പാടും വലിയ കൂട്ടയോട്ടങ്ങള്‍ നടത്താനും സര്‍ക്കാര്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചു. നെഹ്‌റു യുവകേന്ദ്ര (NYKS) നാഷണല്‍ സര്‍വ്വീസ് സ്‌കീം (NSS) പോലുള്ള സംവിധാനങ്ങളിലൂടെ ഈ പ്രവര്‍ത്തന പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തു.

സര്‍ദാര്‍ വല്ലഭായി പട്ടേല്‍

പട്ടേലിന്റെ ദേശീയ സങ്കല്‍പത്തെ സംഘപവരിവാര്‍ അവരുടെ ദേശ സങ്കല്‍പത്തോട് കൂട്ടികെട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. പട്ടേലിനെ മറന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കൂടി ഈ സംഘപരിവാര്‍ പദ്ധതിക്ക് വളമിട്ട് നല്‍കിയിട്ടുണ്ട് എന്ന് പറയാം. ഒക്ടോബര്‍ 31 ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായാണ് കോണ്‍ഗ്രസ് ആചരിച്ചിരുന്നത്. പട്ടേലിന്റെ സംഭാവനകളെ സ്മരിക്കാതിരുന്നത് ബോധപൂര്‍വ്വമാണ് എന്ന് പറയാനൊക്കില്ലെങ്കിലും അത് ചരിത്രത്തോടുള്ള അവഗണനയോ പിഴവോ ഒക്കെയായി മാറിയിട്ടുണ്ട് എന്നതാണ് വസ്തുത.

ഇതിന് സമാനമായ ഒരു പ്രവര്‍ത്തന പദ്ധതിയാണ് ഇപ്പോള്‍ ബി.ജെ.പി സുഭാഷ് ചന്ദ്ര ബോസിന്റെ പേരിലും നടപ്പാക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായിരുന്ന നേതാജി ഗാന്ധിയുമായും നെഹ്‌റുവുമായും ഉണ്ടായ വലിയ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു പോവുന്നതും ഫോര്‍വേഡ് ബ്ലോക്ക് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നതും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നെഹ്‌റുവിനും പട്ടേലിനുമൊപ്പം തന്നെ പാര്‍ട്ടിയില്‍ വലിയ പിന്തുണ ഉണ്ടായിരുന്ന നേതാവായിരുന്നു നേതാജി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിലും നേതാജിക്ക് പലിയ പങ്കുണ്ടായിരുന്നു. പക്ഷേ ഗാന്ധിയുമായുള്ള പ്രത്യശാസ്ത്രപരമായ എതിര്‍പ്പായിരുന്നു നേതാജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോവാന്‍ പ്രേരിപ്പിച്ചത്.

പാര്‍ട്ടിക്ക് പുറത്തു പോയിരുന്നിട്ടും അദ്ദേഹം ഗാന്ധിയെയും നെഹ്‌റുവിനെയും ബഹുമാനിച്ചിരുന്നു. ബോസിന്റെ സ്വന്തം സേന വിഭാഗമായിരുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐ.എന്‍.എ) റെജിമെന്റുകള്‍ക്ക് അദ്ദേഹം എങ്ങനെയാണ് പേരിട്ടത് എന്നതില്‍ നിന്ന് ഇത് നന്നായി മനസ്സിലാക്കാം. ഗാന്ധി ബ്രിഗേഡ്, നെഹ്റു ബ്രിഗേഡ്, ആസാദ് ബ്രിഗേഡ്, റാണി ലക്ഷ്മി ബായി ബ്രിഗേഡ് എന്നീ പേരുകളാണ് അദ്ദേഹം ആര്‍മി റജിമെന്റുകള്‍ക്ക് നല്‍കിയത്. അവരില്‍ നിന്ന് ബോസിന് തിരിച്ചും ആ ബഹുമാനവും സ്‌നേഹവും ലഭിച്ചിരുന്നു. ഇന്ത്യന്‍ പോരാളികള്‍ക്കിടയിലെ രാജകുമാരന്‍ എന്നാണ് ഗാന്ധി ബോസിനെ വിളിച്ചിരുന്നത്.

സുഭാഷ് ചന്ദ്രബോസ്‌

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ജീവിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യന്‍ സര്‍ക്കാറില്‍ പ്രധാനമന്ത്രി സ്ഥാനമോ ആഭ്യന്തര മന്ത്രിസ്ഥാനമോ ഒക്കെ ലഭിക്കാന്‍ മാത്രമുള്ള കരിഷ്മ അദ്ദേഹത്തിലുണ്ടായിരുന്നു. 1945 ഓഗസ്റ്റ് 18 ന് സംഭവിച്ച വിമാന യാത്രയില്‍ സംഭവിച്ച തിരോധാനം സംബന്ധിച്ച് ഇന്നും സര്‍ക്കാറിന് കൃത്യമായ ധാരണയില്ല. തിരോധാനം അന്വേഷിക്കാന്‍ നെഹ്‌റുവിന്റെ ഭരണ കാലത്ത് തന്നെ നിയോഗിക്കപ്പെട്ട ഷാനവാസ് കമ്മീഷനും ഇന്ദിരാ ഗാന്ധിയുടെ കാലത്ത് നിയമിച്ച ഖോസ്ലാ കമ്മീഷനും പിന്നീട് വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് നിയമിച്ച മുഖര്‍ജി കമ്മീഷനും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ സര്‍ക്കാര്‍ ഇതുവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.

അതിനാല്‍ തന്നെ ബോസിന്റെ മരണം പോലും ഇപ്പോഴും ദുരൂഹമായി അവശേഷിക്കുകയാണ്. ബോസിന്റെ മരണത്തില്‍ നെഹ്‌റുവിന് പങ്കുണ്ടെന്ന് അക്കാലത്ത് തന്നെ ചില റൂമറുകള്‍ പ്രചരിച്ചിരുന്നു. ഇന്നും സംഘപരിവാര്‍ ടാബ്ലോയിഡുകള്‍ ഈ കഥ അവരുടെ ചാനലുകള്‍ വഴി ഗംഭീരമായി പ്രചരിപ്പിക്കുന്നുണ്ട്. സോവിയറ്റ് യൂണിയനില്‍ വച്ച് ജോസഫ് സ്റ്റാലിന്റെ നിര്‍േദശപ്രകാരമാണ് നേതാജിയുടെ മരണം സംഭവിച്ചതെന്നും എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു ഒന്നും ചെയ്തില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ഈ അടുത്ത കാലത്ത് ആരോപിച്ചിരുന്നു. ജസ്റ്റിസ് മനോജ് മുഖര്‍ജി കമ്മീഷന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സുബ്രഹ്മണ്യന്‍ സ്വാമി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഈ ദുരൂഹതകള്‍ക്ക് ഇടയിലാണ് സംഘപരിവാര്‍ നേതാജിയുടെ അസ്തിത്വം മോഷടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സുഭാഷ് ചന്ദ്രബോസ് മഹാത്മ ഗാന്ധിയോടൊപ്പം

ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ 124ാം ജന്മദിനമായ 2021 ല്‍ നേതാജിയുടെ ജന്മദിനം പരാക്രമം ദിവസമായി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉത്തരവ് വന്നതും അത് ആചരിക്കാന്‍ സര്‍ക്കുലറുകള്‍ വന്നതും. നെഹ്‌റു യുവകേന്ദ്ര പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ തന്നെ ഇതിനായി തിരഞ്ഞെടുക്കുകയും രാജ്യത്തെ എല്ലാ ജില്ലകളിലും ഈ പരിപാടി സര്‍ക്കാര്‍ ഫണ്ടോട് കൂടി ആചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വന്ന ബംഗാള്‍ അസംബ്ലി തിരഞ്ഞെടുപ്പിലാണ് ഈ അജണ്ട ഗംഭീരമായി അവതരിപ്പിച്ചത്.

തെരഞ്ഞെടുപ്പ് റാലികളിലും പ്രഭാഷണങ്ങളിലും അടക്കം ബംഗാളി ദേശീയത ഊതിക്കത്തിക്കുന്ന തരത്തില്‍ ബോസിനെ അവതരിപ്പിക്കുകയുണ്ടായി. ബോസിന്റെ കുടുംബ പരമ്പയില്‍പെട്ട ചിലരെ ബി.ജെ.പിയില്‍ അംഗത്വം എടുപ്പിച്ചും ഈ കളി ബി.ജെ.പി തുടര്‍ന്നു. പക്ഷേ ബംഗാളികള്‍ ഇതിനെ തിരഞ്ഞെടുപ്പില്‍ തള്ളിക്കളയുകയാണുണ്ടായത്. ഇപ്പോഴിതാ ഇന്ത്യാ ഗേറ്റിന് സമീപം സര്‍ക്കാര്‍ ഒരു ഗ്രാനെറ്റ് പ്രതിമ കൂടി പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് വിട്ട് പോയ ഒരാള്‍ എന്ന നിലക്ക് ഒരുപക്ഷേ പട്ടേലിനേക്കാള്‍ വേഗത്തില്‍ സംഘപരിവാറിന് നേതാജിയെ മോഷ്ടിക്കാനാവും എന്നിടത്താണ് വലിയ അപകടം കാത്തിരിക്കുന്നത്.

ചരിത്രത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയവുമായി ഒരിക്കലും സന്ധി ചെയ്യാത്ത സ്വഭാവക്കാരനായിരുന്നു ബോസ്. ഇന്ത്യന്‍ പരാമ്പര്യത്തെ അതിന്റെ മതേതര സ്വഭാവത്തില്‍ മനസ്സിലാക്കുകയും അതിന് വേണ്ടി നിരന്തരം പ്രസംഗിക്കുകയും ചെയ്ത ആളായിരുന്നു ബോസ്. ബംഗാളിലെ മുസ്ലിങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ഉന്നമനത്തിനായി 60% സീറ്റുകള്‍ നീക്കിവച്ച ദേശ്ബന്ധു ചിത്തരഞ്ജന്‍ ദാസില്‍ നിന്നാണ് നേതാജി രാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ പഠിച്ചത്. അദ്ദേഹം ഒരു മതേതര ദേശീയവാദിയായിരുന്നു. ‘നമുക്ക് ഇന്ത്യയെ ശരിക്കും മഹത്തരമാക്കണമെങ്കില്‍, ഒരു ജനാധിപത്യ സമൂഹത്തിന്റെ പീഠത്തില്‍ ഒരു രാഷ്ട്രീയ ജനാധിപത്യം കെട്ടിപ്പടുക്കണം. ജനനം, ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പദവികള്‍ പോകണം, തുല്യ അവസരങ്ങള്‍ എല്ലാവര്‍ക്കും തുറന്നിടണം. ജാതിയോ മതമോ ഇതിനെ വേര്‍തിരിക്കാന്‍ പാടില്ല, സാംസ്‌കാരിക സങ്കലനത്തിന്റെ പാതയിലെ ഏറ്റവും വലിയ മുള്ള് മതഭ്രാന്താണ്, മതഭ്രാന്തിന് മതേതരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസത്തേക്കാള്‍ മികച്ച പ്രതിവിധി ഇല്ല എന്നും അദ്ദേഹം ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജവഹര്‍ ലാല്‍ നെഹ്‌റു

സംസ്‌കൃത ഹിന്ദിക്ക് പകരം അക്കാലത്ത് വ്യാപകമായിയിരുന്ന ഉറുദുവിന്റെയും ഹിന്ദിയുടെയും സങ്കലനമായിരുന്ന ഹിന്ദുസ്ഥാനി ഭാഷ ഉപയോഗിക്കാനും നേതാജി ശ്രദ്ധിച്ചിരുന്നു. തല്‍ഫലമായി, ടാഗോറിന്റെ ജന്‍ ഗന്‍ മാനിന്റെ ലളിതമായ ഹിന്ദുസ്ഥാനി വിവര്‍ത്തനം ദേശീയഗാനമായി അംഗീകരിക്കപ്പെട്ടത്. ഇതോടൊപ്പം, ഇത്മദ് (വിശ്വാസം), ഇത്തിഫാഖ് (ഐക്യം), കുര്‍ബാനി (ത്യാഗം) എന്നീ മൂന്ന് ഉര്‍ദു വാക്കുകളുമായിരുന്നു ഐ.എന്‍.എയുടെ മുദ്രാവാക്യമായി ബോസ് സ്വീകരിച്ചത്.

ഐ.എന്‍.എ സൈനികരുടെ തോളില്‍ തുന്നിച്ചേര്‍ത്ത ബാഡ്ജുകള്‍ക്കായി സ്പ്രിംഗ് കടുവയെ സ്വീകരിച്ചത് ടിപ്പു സുല്‍ത്താനില്‍ നിന്നായിരുന്നു. ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ ആദ്യ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ അതിന്റെ ചരിത്രപരമായ പ്രഖ്യാപനത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തില്‍ വീരമൃത്യു വരിച്ച നിരവധി വീരന്മാര്‍ക്കിടയിലും ബോസ് ടിപ്പുവിനെ ഒര്‍മിച്ചിരുന്നു. എന്നാല്‍ ടിപ്പുവിനെ സ്വാതന്ത്ര്യ സമര സേനാനിയായി പോലും അംഗീകരിക്കാന്‍ ബി.ജെ.പി ഇതുവരെ തയ്യാറായിട്ടില്ല.

നേതാജി ഒരു തികഞ്ഞ മതേതര വാദിയും ഇടതുപക്ഷക്കാരനുമായിരുന്നു. നെഹ്‌റുവിനെ കുറിച്ച് ബോസ് പറഞ്ഞത് അദ്ദേഹത്തിന്റെ മസ്തിഷ്‌കം ഇടതുപക്ഷത്തും ഹൃദയം ഗാന്ധിക്കൊപ്പവുമാണെന്നായിരുന്നു. ബോള്‍ഷെവിക് വിപ്ലവത്തെയും കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനെയും അദ്ദേഹം അദ്ദേഹം വലിയ ആരാധനയോടെ നോക്കികണ്ടിരുന്നു. അത് കൊണ്ട് തന്നെ സംഘപരിവാറിന് ഇടതുപക്ഷക്കാരനോ റഷ്യന്‍ ചാരനോ ദേശവിരുദ്ധനോ ഒക്കെയായി മാറേണ്ട ബോസാണ് ഇപ്പോള്‍ അവരുടെ വലിയ ആചാര്യനായിരിക്കുന്നത് എന്നതാണ് വലിയ വൈരുദ്ധ്യം.

ബോസ് സവര്‍ക്കറുടെ ശക്തനായ വിമര്‍ശകനും സംഘപരിവാര്‍ രാഷ്ട്രീയത്തോട് അയിത്തം പുലര്‍ത്തിയ നേതാവുമായിരുന്നു. ഇന്ത്യന്‍ യുവത്വത്തോട് ‘നിങ്ങള്‍ ബ്രിട്ടനെതിരെ സമരം ചെയ്ത് നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തരുത്’ എന്ന് ആഹ്വാനം ചെയ്ത സവര്‍ക്കറുടെ നിലപാടിന് വിരുദ്ധമായി ‘നിങ്ങള്‍ എനിക്ക് രക്തം തരൂ പകരം ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’ എന്ന് പ്രഖ്യാപിച്ച ബോസിനെ എങ്ങനെയാണ് സംഘപരിവാറിന് അവരുടെ ഐക്കണായി സ്വീകരിക്കാന്‍ കഴിയുക?

എല്ലാ അര്‍ത്ഥത്തിലും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് വിരുദ്ധ നിലപാട് സ്വീകരിച്ച ബോസ് ജിന്നയെയും സവര്‍ക്കറെയും ഒരേ പോലെ എതിര്‍ത്തിരുന്നു. ഇന്ത്യന്‍ സ്ട്രഗിള്‍ എന്ന തന്റെ പുസ്തകത്തില്‍ നേതാജി സവര്‍ക്കറും ജിന്നയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഹിന്ദു മഹാസഭയുടെയും മുസ്ലീം ലീഗിന്റെയും രാഷ്ട്രീയം വലിയ തോതില്‍ ഒത്തുചേരുന്നുവെന്ന നിഗമനത്തില്‍ അദ്ദേഹം അവരെ ഒരേ രാഷ്ട്രീയ പീഠത്തില്‍ ഇരുത്തി നേതാജി ഇങ്ങനെ എഴുതി.

‘ബ്രിട്ടീഷുകാരുടെ സഹായത്തോടെ പാകിസ്ഥാന്‍ (ഇന്ത്യയുടെ വിഭജനം) എന്ന തന്റെ ആശയം എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നതിനെക്കുറിച്ച് മാത്രമാണ് ജിന്ന അപ്പോള്‍ ചിന്തിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി കോണ്‍ഗ്രസുമായി സംയുക്ത പോരാട്ടം നടത്തുക എന്ന ആശയം അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. അന്താരാഷ്ട്ര സാഹചര്യത്തെക്കുറിച്ച് സവര്‍ക്കര്‍ വിസ്മരിച്ചതായി തോന്നുന്നു, ബ്രിട്ടന്റെ സൈന്യത്തില്‍ പ്രവേശിച്ച് ഹിന്ദുക്കള്‍ക്ക് എങ്ങനെ സൈനിക പരിശീലനം നേടാമെന്ന് ചിന്തിക്കുകയായിരുന്നു. ഈ അഭിമുഖങ്ങളില്‍ നിന്ന് മുസ്‌ലിം ലീഗില്‍ നിന്നോ ഹിന്ദു മഹാസഭയില്‍ നിന്നോ ഒന്നും പ്രതീക്ഷിക്കാനാവില്ല എന്ന നിഗമനത്തിലേക്ക് ഞാന്‍ നിര്‍ബന്ധിതനായി.’

ഇതായിരുന്നു ബോസിന്റെ നിലപാട്. അത് കൊണ്ട് തന്നെ നേതാജിയുടെ യഥാര്‍ഥ ഓര്‍മകളെ നാം സ്മരിക്കേണ്ടത് സംഘപരിവാറിന് എതിരെയുളള സമരം മാത്രമായിട്ടല്ല. അത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഉജ്ജ്വലമായ ഒരു ചരിത്ര വായനകൂടിയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sangh Parivar twisting the history of Netaji Subhash Chandra Bose

 

ജുനൈദ് ടി.പി. തെന്നല
ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്