ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ സംഗീത സംവിധായകനാണ് എ.ആര്‍. റഹ്‌മാന്‍. 33 വര്‍ഷമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന റഹ്‌മാന്‍ സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി എ.ആര്‍. റഹ്‌മാന് നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഛാവയില്‍ സംഗീതം നല്‍കിയതിനെക്കുറിച്ച് റഹ്‌മാന്‍ പറഞ്ഞ വാക്കുകള്‍ സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഛാവയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ആ സിനിമ ആളുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന പ്രൊജക്ടാണെന്ന് മനസിലായെന്നും എന്നാല്‍ ആളുകളെ അത്ര എളുപ്പത്തില്‍ സ്വാധീനിക്കാന്‍ സിനിമക്ക് പറ്റില്ലെന്നുമായിരുന്നു റഹ്‌മാന്‍ പറഞ്ഞത്. ബി.ബി.സി റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ ഈ അഭിമുഖത്തിന് പിന്നാലെ എ.ആര്‍. റഹ്‌മാന് നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് സംഘപരിവാര്‍ അനുകൂലികള്‍ അഴിച്ചുവിടുന്നത്. എ.ആര്‍. റഹ്‌മാനെ ജിഹാദിയെന്ന് അധിക്ഷേപിച്ചുകൊണ്ടാണ് പല ഐ.ഡികളും പോസ്റ്റുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. ഹിന്ദുക്കളുടെ സിനിമ മുസ്‌ലിമായ റഹ്‌മാന് പ്രൊപ്പഗണ്ടയായി തോന്നുമെന്നാണ് എക്‌സിലെ പല പോസ്റ്റുകളും.
എ.ആര്‍. റഹ്‌മാനെതിരെ സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകള്‍ Photo: Screen Grab/ X
ഛാവയിലെ പാട്ടുകളില്‍ സൂഫി, അറബിക് ബീറ്റുകള്‍ കുത്തിക്കയറ്റി ആ സിനിമയെ എ.ആര്‍. റഹ്‌മാന്‍ നശിപ്പിച്ചെന്നും ചില സംഘപരിവാര്‍ അനുകൂല ഐ.ഡികള്‍ പോസ്റ്റില്‍ കുറിച്ചു. ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തും റഹ്‌മാനെതിരെ രംഗത്തെത്തി. തന്റെ സിനിമയായ എമര്‍ജന്‍സിയുടെ സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അത് പ്രൊപ്പഗണ്ടയാണെന്ന് പറഞ്ഞ് പിന്മാറിയെന്നായിരുന്നു കങ്കണ കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്‌റ്റോറിയില്‍ കുറിച്ചത്.
‘ജോധാ അക്ബര്‍, ദില്‍ സേ, ബോംബൈ പോലുള്ള ലെഫ്റ്റ്, ഇസ്‌ലാമിക് പ്രൊപ്പഗണ്ട സിനിമകള്‍ക്ക് സംഗീതം നല്‍കുമ്പോള്‍ കുഴപ്പമൊന്നും തോന്നിയില്ല. ഛാവ, എമര്‍ജന്‍സി പോലെ സത്യമായ കാര്യങ്ങള്‍ പറയുന്ന സിനിമ അയാള്‍ക്ക് കുഴപ്പമുള്ളതായി തോന്നി’ കണ്ടെയ്ന്‍ ക്രിയേറ്റര്‍ എന്ന പേജ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
എ.ആര്‍. റഹ്‌മാന്‍ Photo: Screen grab/ BBC Radio
എ.ആര്‍. റഹ്‌മാന്റെ പാട്ടുകളെല്ലാം കോപ്പിയാണെന്നും ഫേസ്ബുക്കിലെ വലതുപക്ഷ അനുകൂല ഐ.ഡികള്‍ പങ്കുവെക്കുന്ന പോസ്റ്റുകളില്‍ പറയുന്നുണ്ട്. ഇസ്‌ലാമിലേക്ക് മതം മാറിയ ശേഷം അയാള്‍ ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ചിലര്‍ ആരോപിക്കുന്നു.
എന്നാല്‍ റഹ്‌മാനെ പിന്തുണച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഛാവയെക്കുറിച്ച് കൃത്യമായി പറഞ്ഞ ഒരേയൊരാള്‍ റഹ്‌മാന്‍ മാത്രമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. വന്ദേ മാതരം പാടിയാല്‍ പോലും റഹ്‌മാനെ ദേശസ്‌നേഹിയായി ഇന്നത്തെ ഇന്ത്യയിലെ പലരും അംഗീകരിക്കില്ലെന്ന് പ്രണവ് പ്രധി എന്ന ഐ.ഡി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ എ.ആര്‍. റഹ്‌മാന് നേരെയുള്ള ഈ സൈബര്‍ ആക്രമണം ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.
#ARRahman sir is the Only ONE, who is making “True” thing called MUSIC. I’ll say this everytime. Music is SILENCE, that’s it. Every composition of Rahman is the Silence,you can only feel it in his music only. I’ve explored and exploring more n more artist, but no one exists #GOD