അന്ന് സര്‍ഫ് എക്‌സല്‍, ഇന്ന് തനിഷ്‌ക്; പരസ്യങ്ങളെ പോലും ഭയക്കുന്ന സംഘപരിവാര്‍
അന്ന കീർത്തി ജോർജ്

ടാറ്റ ഗ്രൂപ്പിന്റെ ജ്വല്ലറി ശൃഖലയായ തനിഷ്‌ക് ഒക്ടോബര്‍ 9 ന് പുറത്തിറക്കിയ ഒരു പരസ്യം ഇപ്പോള്‍ വലിയ ചര്‍ച്ചയാരിക്കുകയാണ്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് പരസ്യത്തിനെതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ വ്യാപക വിദ്വേഷ ക്യാംപെയ്ന്‍ ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം തനിഷ്‌ക് ഗ്രൂപ് പരസ്യം പിന്‍വലിച്ചിരുന്നു.

എന്നാല്‍ പരസ്യം പിന്‍വലിച്ചാല്‍ മാത്രം പോരാ നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ടുകൊണ്ട് ബോയ്ക്കോട്ട് തനിഷ്‌ക് ക്യാംപെയ്ന്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഉപരോധ ക്യാംപെയ്നുകള്‍ ചില സ്ഥലങ്ങളില്‍ തനിഷ്‌ക് ജ്വല്ലറിക്ക് മുന്‍പിലെ പ്രതിഷേധങ്ങളിലേക്കും വഴിമാറിയിട്ടുണ്ട്. ഇവിടങ്ങളില്‍ കലുഷിതമായ അന്തരീക്ഷം കണക്കിലെടുത്ത് പൊലീസ് സുരക്ഷ ഒരുക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഇത്രയും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രം ആ പരസ്യത്തില്‍ എന്താണ് പറയുന്നതെന്ന് സ്വാഭാവികമായും അത് കണ്ട ആര്‍ക്കും ഒരു സംശയം തോന്നിയേക്കാം. ഹൈന്ദവ മതവിശ്വാസിയായ മരുമകള്‍, അവള്‍ ഗര്‍ഭിണിയായതുമായി ബന്ധപ്പെട്ട ചടങ്ങ് ആഘോഷിക്കുന്ന മുസ്ലിം കുടുംബത്തിന്റെ കഥയായിരുന്നു തനിഷ്‌കിന്റെ പുതിയ പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്. പരസ്യത്തിന്റെ അവസാനത്തില്‍ മരുമകള്‍ അമ്മായിഅമ്മയോട് ചോദിക്കുന്നു, ഈ ആചാരങ്ങളൊന്നും ഈ വീട്ടില്‍ നടക്കാറുള്ളതല്ലല്ലോയെന്ന്, അതിന് അമ്മായിയമ്മയുടെ മറുപടി, പെണ്‍കുട്ടികളെ സന്തോഷവതിയാക്കുക എന്നത് എല്ലാ വീട്ടിലും നടക്കുന്ന കാര്യമല്ലേ എന്നാണ്.

പരസ്യത്തിലെ വോയ്സ്ഓവറിന്റെ അവസാനം ഒന്നായി തീര്‍ന്നാല്‍ പിന്നെ നമ്മള്‍ അവര്‍ക്കായി എന്തും ചെയ്യില്ലേ എന്നാണ്. അവസാനം തനിഷ്‌കിന്റെ ഏകത്വം എന്ന സീരിസില്‍ പുറത്തിറക്കുന്ന ആഭരണം മരുമകളുടെ കഴുത്തില്‍ അണിയിക്കുന്നു.

മതസൗഹാര്‍ദവും മനുഷ്യബന്ധവുമൊക്കെ വിഷയമായി വരുന്ന ഒട്ടനേകം കച്ചവടപരസ്യങ്ങളില്‍ ഒന്നുമാത്രമായി പോകാമായിരുന്ന ഈ പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നു ആരോപിച്ചുകൊണ്ട് ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തി. ട്വിറ്ററില്‍ ബോയ്ക്കോട്ട് തനിഷ്‌ക് ക്യാംപെയ്ന്‍ ഏറെ ശക്തമായി. മറ്റു സോഷ്യല്‍ മീഡിയയിലും സമാനമായ പ്രചരണങ്ങള്‍ ഉടലെടുത്തു.

മതേതരത്വത്തിന്റെ പേര് പറഞ്ഞുകൊണ്ട് ഇവിടെ ഒരു വിഭാഗം ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പരസ്യങ്ങള്‍ ഉണ്ടാക്കുകയാണ്. നിര്‍മ്മാതാക്കള്‍ പരസ്യം പിന്‍വലിച്ചു മാപ്പ് പറയണം. എന്തിനാണ് മുസ്ലിം കുടുംബത്തിലെത്തുന്ന ഹിന്ദു പെണ്‍കുട്ടിയുടെ കഥ പറയുന്നത്. തിരിച്ച് ഹിന്ദു കുടുംബത്തിലെത്തുന്ന മുസ്ലിം പെണ്‍കുട്ടിയുടെ കഥ എന്തുകൊണ്ട് പറയുന്നില്ല. ഇത് ലൗ ജിഹാദിനെ മഹത്വവത്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് എന്നിങ്ങനെയായിരുന്നു തനിഷ്‌കിനെ നിരോധിക്കണമെന്നും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വന്ന കമന്റുകള്‍.

ബോളിവുഡ് നടി കങ്കണ റണൗത്തും പരസ്യത്തെ ലവ് ജിഹാദായി ചിത്രീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. ‘ഈ ക്രിയേറ്റീവ് തീവ്രവാദികള്‍ നമ്മള്‍ ഹിന്ദുക്കള്‍ക്കിടയിലേക്ക് കുത്തിവെക്കുന്ന കാര്യങ്ങളെക്കുറിച്ച് നമ്മള്‍ അതീവ ബോധവാത്മാരകണം. അവര്‍ പറയുന്ന ഓരോ കാര്യങ്ങളെയും നമുക്ക് വെച്ചുനീട്ടുന്ന ഓരോ ബോധ്യങ്ങളെയും ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുക മാത്രമാണ് നമ്മുടെ സംസ്‌കാരത്തെ രക്ഷിക്കാനുള്ള ഏക മാര്‍ഗം. എന്ന് തുടങ്ങുന്നതായിരുന്നു കങ്കണയുടെ ട്വീറ്റുകള്‍.

അതേസമയം തന്നെ വിദ്വേഷ പ്രചരണങ്ങളില്‍ എതിര്‍പ്പറിയിച്ചുകൊണ്ടും തനിഷ്‌കിന് പിന്തുണയുമായും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ‘മനോഹരമായ ഈ പരസ്യത്തിലൂടെ ഹിന്ദു മുസ്ലിം ഐക്യം ഉയര്‍ത്തിക്കാട്ടിയതിന് തനിഷ്‌ക് ജ്വല്ലറി ബഹിഷ്‌കരിക്കാന്‍ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ഐക്യം അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ ഇന്ത്യയെ ബഹിഷ്‌കരിക്കാത്തത്? എന്നായിരുന്നു ശശി തരൂര്‍ ട്വീറ്റ് ചെയ്ത്.

മതസൗഹാര്‍ദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ പേരില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ ഒരു പരസ്യം പിന്‍വലിക്കേണ്ടി വരുന്ന സമയത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നിട്ടും കൊവിഡ് 19നാണ് ഏറ്റവും ഭീകരനായ വൈറസെന്നും കരുതിയിരിപ്പാണ് നമ്മളെന്നായിരുന്നു തിരക്കഥാകൃത്തായ അനിരുദ്ധ ഗുഹയുടെ പ്രതികരണം.

പ്രമുഖരുടെ പിന്തുണ ലഭിച്ചെങ്കിലും തനിഷ്‌കിനെതിരെയുള്ള പ്രചാരണം കൂടുതല്‍ ശക്തമാവുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 9ന് ഇറക്കിയ പരസ്യം വെറും നാല് ദിവസത്തിനുള്ളില്‍ ഒക്ടോബര്‍ 13ന് നിര്‍മ്മാതാക്കള്‍ക്ക് പിന്‍വലിക്കേണ്ടിയും വന്നു. ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ഒന്നിച്ചു വരുന്നതിന്റെയും വിവിധ വിഭാഗങ്ങളിലുള്ളവര്‍ തമ്മിലുള്ള ഐക്യത്തിന്റെയും സൗന്ദര്യം ആഘോഷിക്കുക എന്നതായിരുന്നു തനിഷ്‌കിന്റെ ഏകത്വം എന്ന ആഭരണ സീരിസിന്റെ ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഗുരുതര പ്രതികരണമാണ് തനിഷ്‌ക് നേരിടേണ്ടി വന്നിരിക്കുന്നത്. ഇത്തരത്തില്‍ ഒരു പ്രതികരണമുണ്ടായതില്‍ ഞങ്ങള്‍ അതീവ ദുഖിതരാണ്. ഞങ്ങളുടെ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ആലോചിച്ചുക്കൊണ്ട് പരസ്യം പിന്‍വലിക്കുകയാണെന്നായിരുന്നു പരസ്യം പിന്‍വലിച്ചുക്കൊണ്ടുള്ള തനിഷ്‌കിന്റെ പ്രസ്താവന.

ഈ പ്രസ്താവനക്കെതിരെയായി പിന്നീട് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം. പ്രസ്താവനയിലെവിടെയും മാപ്പ് പറയുന്നില്ലെന്നും ഇരവാദം കളിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഹിന്ദുക്കളെ കൂടുതല്‍ കുറ്റക്കാരാക്കുകയാണ് തനിഷ്‌കിന്റെ പ്രസ്താവനയെന്നും ഇവര്‍ പറയുന്നു. മാപ്പ് പറഞ്ഞില്ലെങ്കില്‍ പാപ്പരാകാന്‍ കാത്തിരുന്നോളൂ എന്ന ഭീഷണിയും പല ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്നും പുറത്തുവരുന്നുണ്ട്.

‘സമ്മര്‍ദത്തിന് വഴങ്ങി തനിഷ്‌ക് ജ്വല്ലറിക്ക് പരസ്യം പിന്‍വലിക്കേണ്ടി വന്നത് ചിലര്‍ രാജ്യത്ത് അഴിച്ചുവിട്ട ഭയത്തിലേക്കും ഭീഷണിയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നതെന്നായിരുന്നു സംഭവത്തില്‍ ശശി തരൂര്‍ പ്രതികരിച്ചത്. ഞാന്‍ വളര്‍ന്നു വന്ന ഇന്ത്യ തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയിരിക്കുന്നു, അതും ഏറ്റവും ദോഷകരമായ രീതിയില്‍. മതസ്പര്‍ധ പ്രചരിപ്പിക്കുന്നത് തികച്ചും സാധാരണമായ ഒരു കാര്യമായി തീരുന്ന സാഹചര്യത്തിലേക്ക് ഇന്ത്യ മാറിപ്പോകുന്ന ഒരു ദിനം വരുമെന്ന് താന്‍ ചിന്തിച്ചിരുന്നേയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

തനിഷ്‌കിനെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണം ഒരു പടി കൂടി കടന്നതായാണ് ഇപ്പോള്‍ പുറത്തവരുന്ന റിപ്പോര്‍ട്ടുകള്‍. തനിഷ്‌ക് മാപ്പ് പറയണമെന്നാവശ്യപ്പെട്ടുക്കൊണ്ട് ഗുജറാത്തിലെ തനിഷ്‌കിന്റെ ഗാന്ധിഗ്രാം സ്റ്റോറിന് നേരെ പ്രതിഷേധം നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജ്വല്ലറിയില്‍ അതിക്രമിച്ചെത്തിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ മാനേജരെക്കൊണ്ട് നിര്‍ബന്ധിച്ച് മാപ്പ് എഴുതിക്കുകയായിരുന്നു. ‘പരസ്യം ലജ്ജാകരമാണ്, ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു ,’ എന്നാണ് സ്റ്റോര്‍ മാനേജരെ കൊണ്ട് ഇവര്‍ എഴുതിച്ചത്. പിന്നീട് ഇത് സ്റ്റോറില്‍ ഒട്ടിക്കുകയും ചെയ്തുവെന്നാണ് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തത്.

പരസ്യത്തിനെതിരെ നടക്കുന്ന ക്യാംപെയ്നുകളെ വിമര്‍ശിച്ചുക്കൊണ്ട് പുതിയ ക്യാംപെയ്നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. തീവ്രമായ മതസ്പര്‍ധയും വിദ്വേഷപ്രചരണവും രാജ്യത്തെ കീഴടക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുക്കൊണ്ട് പരസ്യ വീഡിയോ പരമാവധി ഷെയര്‍ ചെയ്താണ് ഈ ക്യാംപെയ്ന്‍ മുന്നോട്ടുപോകുന്നത്.

ഹിന്ദു മുസ്ലിം ഐക്യം പ്രമേയമായി വരുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്‍പും ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. 2019 മാര്‍ച്ചില്‍ ഹോളിയുടെ ഭാഗമായി സര്‍ഫ് എക്‌സല്‍ ഇറക്കിയ പരസ്യം പിന്‍വലിക്കണമെന്നും കമ്പനി നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. 10 വയസ്സുകാരിയായ ഹിന്ദു പെണ്‍കുട്ടി വെള്ളിയാഴ്ച നമസ്‌കാരത്തിന് പോകുന്ന മുസ്ലിം ബാലന്റെ കുപ്പായത്തില്‍ നിറം പുരളാതിരിക്കാന്‍ നടത്തുന്ന ശ്രമങ്ങളായിരുന്നു ആ പരസ്യത്തിന്റെ പ്രമേയം. ഒടുവില്‍ നമസ്‌കാരത്തിന് ശേഷം വേഗം വരാമെന്നും ചായമെറിഞ്ഞ് കളിക്കാമെന്നും ബാലന്‍ പറയുന്നിടത്തായിരുന്നു പരസ്യം അവസാനിച്ചത്.

പത്ത് വയസ്സുകാരായ കുട്ടികളുടെ പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹിന്ദുക്കളുടെ ഹോളിയെ അപമാനിക്കുന്നുവെന്നും ആരോപിച്ചായിരുന്നു അന്ന് പ്രചരണം. സര്‍ഫ് എക്സല്‍ പാക്കറ്റുകള്‍ കത്തിച്ചുക്കൊണ്ടും ഇനിയൊരിക്കലും സര്‍ഫ് എക്സല്‍ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തും സര്‍ഫ് എക്സല്‍ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തും അന്ന് നൂറ് കണക്കിന് പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അന്ന് പരസ്യം പിന്‍വലിക്കാന്‍ സര്‍ഫ് എക്‌സല്‍ തയ്യാറായില്ല.

പക്ഷേ, ഇപ്പോള്‍ ടാറ്റ പോലൊരു വമ്പന്‍ ഗ്രൂപ്പിന് അവരുടെ പരസ്യം വെറും നാല് ദിവസത്തിനുള്ളില്‍ പിന്‍വലിക്കേണ്ടി വന്നിരിക്കുന്നു. അതിനുശേഷവും ആക്രമണം തുടരുന്നു. തനിഷ്‌കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും വിദ്വേഷ പ്രചരണത്തെ എതിര്‍ത്തുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ടെങ്കിലും മതസൗഹാര്‍ദം പോയിട്ട് രണ്ട് മതങ്ങളുടെ പേര് ഒന്നിച്ച് ഉച്ചരിക്കാന്‍ പോലും വയ്യാത്ത നിലയിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു എന്നത് ഭീതിപ്പെടുത്തുന്ന സത്യം തന്നെയാണ്. അതിനേക്കാള്‍ ഭയപ്പെടുത്തുന്നത് ഇത്തരം സംഭവങ്ങള്‍ പുതിയ ഇന്ത്യയുടെ പുതിയ ‘നോര്‍മല്‍’ ആയി തീര്‍ന്നിരിക്കുന്നു എന്നതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sangh Parivar attack against Tanishq Jewelry new advertisement-Explained

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.