മലയാള സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് ഒരുപാട് സന്തോഷം നല്‍കിയ വര്‍ഷമാണ് 2026. വര്‍ഷത്തിന്റെ ആദ്യ പകുതി മാത്രം പിന്നിട്ടപ്പോള്‍ തന്നെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നും പുറത്തുവന്നത്. ഇതിലൂടെ ആയിരം കോടിക്കടുത്താണ് മോളിവുഡിലെ സിനിമാവ്യവസായമെന്നും കാണാം. ആട് 3, വാഴ 2, ദൃശ്യം 3 തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസിന് തീയിടുന്ന കാഴ്ച്ചയ്ക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്.
വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നും വരാനിരിക്കുന്നത്. ജൂലൈ പത്തിന് റിലീസിനൊരുങ്ങുന്ന പൃഥ്വിരാജിന്റെ ഐ നോബഡിയ്ക്ക് ശേഷം ഏവരും ഉറ്റുനോക്കുന്നത് ഓണത്തിന് ക്ലാഷ് റിലീസായി എത്തുന്ന ചിത്രങ്ങളിലേക്കാണ്. പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖര്‍ സല്‍മാന്റെ ഐ ആം ഗെയിം, നിവിന്‍ പോളിയുടെ ബത്‌ലഹേം കുടുംബയൂണിറ്റ് തുടങ്ങി മൂന്ന് ചിത്രങ്ങളാണ് ഓണത്തിന് വമ്പന്‍ ക്ലാഷിനെത്തുന്നത്.
മൂന്ന് ചിത്രങ്ങള്‍ക്കും വലിയ ഹൈപ്പാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ഏത് ചിത്രത്തിനായാണ് കാത്തിരിക്കുന്നത് എന്ന ചോദ്യത്തിന് നടന്‍ സംഗീത് പ്രതാപ് നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്ലാഷിനെത്തുന്ന ഗിരീഷ് എ.ഡി ചിത്രം ബത്‌ലഹേം കുടുംബയൂണിറ്റില്‍ താരം പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഓണത്തിന് ദുല്‍ഖര്‍ തൂക്കുമെന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘ഓണത്തിന് എല്ലാവരും തൂക്കും. മൂന്ന് ചിത്രങ്ങള്‍ക്കും പുറമെ അന്യഭാഷയില്‍ നിന്നും ചിത്രങ്ങള്‍ വരുന്നുണ്ട്. എന്നാലും എന്റെ ഫസ്റ്റ് ചോയ്‌സ് ബത്‌ലഹേമായിരിക്കുമല്ലോ. എനിക്കെന്തായാലും ചിത്രത്തിന്റെ ഫസ്റ്റ് ഷോയ്ക്ക് പോയല്ലേ പറ്റൂ. നഹാസും ചമന്‍ ചാക്കോയുമെല്ലാം എന്റെ അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് ആ രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടിയും കട്ട വെയിറ്റിങ് ആണ്. ആദ്യ ദിവസം തന്നെ മൂന്ന് ചിത്രങ്ങളും എന്തായാലും കാണും,’ സംഗീത് പറഞ്ഞു.
ഈ മൂന്ന് ചിത്രങ്ങള്‍ക്ക് പുറമെ മറ്റ് ഒട്ടനവധി മിനിമം ഗ്യാരണ്ടിയുള്ള ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നും ആഗസ്റ്റില്‍ വരാനിരിക്കുന്നത്. വിസ്മയ മോഹന്‍ലാലിന്റെ തുടക്കം. കുഞ്ചാക്കോ ബേബന്റെ ഉന്മാദം സൂര്യയുടെ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്, യഷിന്റെ ടോക്‌സിക്ക് തുടങ്ങി വമ്പന്‍ ചിത്രങ്ങളാണ് അടുത്ത മാസം മത്സരത്തിനെത്തുന്നത്.
Content Highlight: Sangeeth Prathap talks about upcoming movies in malayalam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.