മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് സംഗീത് പ്രതാപ്. എഡിറ്ററായി മലയാള സിനിമയില്‍ എത്തിയ സംഗീത് 2024ല്‍ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. എന്നാല്‍ അഭിനേതാവെന്ന നിലയില്‍ താരം ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലൂടെയാണ്.
സംഗീതിനെ ഇന്‍ഡസ്ട്രിയില്‍ ആക്ടറെന്ന നിലയില്‍ വലിയ രീതിയില്‍ സഹായിച്ച ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രവും നസ്ലെനൊപ്പമുള്ള കോമ്പിനേഷനും സംഗീതിനെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ ഒരിക്കല്‍ കൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് താരം.
200 കോടിയ്ക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരനായാണ് സംഗീത് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് ദി ഫോര്‍ത്ത് വാളിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ചെയ്യാന്‍ സാധിക്കാതെ പോയ ഭരതനാട്യം 2 മോഹനിയാട്ടത്തിലെ സുഭാഷ് എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംഗീത്. ബേബി ജീന്‍ വേഷം നന്നായി ചെയ്‌തെന്നും തനിക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ടാണ് ചിത്രം ചെയ്യാന്‍ സാധിക്കാതെ പോയതെന്നും സംഗീത് പറഞ്ഞു.
‘സിനിമയില്‍ സുഭാഷ് എന്ന കഥാപാത്രത്തെ കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കാരണം അതെനിക്ക് ചെയ്യാന്‍ പറ്റാത്തതിലല്ല, ബേബി അത് ഭയങ്ക അടിപൊളിയായി തന്നെ ചെയ്തിട്ടുണ്ട് എന്നതിനാലാണ്. ചിത്രത്തിന്റെ കഥ കേട്ടിട്ട് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു. അതില്‍ അഭിനയിക്കാന്‍ വേണ്ടി കുറേ ഓടിയിരുന്നു. എങ്ങനെയെങ്കിലും ഡേറ്റ് കിട്ടുമോ എന്നറിയാന്‍ വേണ്ടി ഒരുപാട് പ്ലാന്‍ ചെയ്തിരുന്നു. നവംബര്‍ ആദ്യം മുതലാണ് അതിന്റെ ഷൂട്ട് തുടങ്ങുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍ എല്ലാം ഞാന്‍ ഫ്രീയുമായിരുന്നു.
പക്ഷേ നവംബറിലായിരുന്നു മെഡിക്കല്‍ മിറാക്കിള്‍ സ്റ്റാര്‍ട്ട് ചെയ്തത്. ഒരുപാട് പ്രതിസന്ധികള്‍ക്ക് ശേഷമായിരുന്നു മെഡിക്കല്‍ മിറാക്കിള്‍ തുടങ്ങാനിരുന്നത്. അതിനെ വിട്ടിട്ട് പോരാന്‍ പറ്റുന്ന ഒരു സിറ്റുവേഷന്‍ ആയിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ ചിത്രം ചെയ്യാതിരുന്നത്. പക്ഷേ മോഹിനിയാട്ടത്തിന്റെ റിലീസിന് മുമ്പ് കഥാപാത്രത്തിന് ഞാനാണ് യോജിക്കുക എന്ന് സുഹൃത്തുക്കളുടെ അടുത്ത് പറയുമായിരുന്നു. പക്ഷേ ബേബി തന്നെയാണ് അതിന് ഏറ്റവും യോജിച്ചത് എന്ന് ചിത്രം കണ്ടപ്പോഴാണ് എനിക്ക് മനസിലായത്.
ഞാന്‍ ചെയ്തിരുന്നെങ്കില്‍ അത് റിപ്പീറ്റ് ആകുമോ എന്ന് തോന്നിയിരുന്നു. എന്നിരുന്നാലും ഞാന്‍ ചെയ്യുമായിരുന്നു. കാരണം എനിക്കിഷ്ടമായിരുന്നു. പക്ഷേ ബേബി ചെയ്തപ്പോള്‍ എനിക്ക് ഭയങ്കര ഫ്രെഷായിട്ട് ഫീല്‍ ചെയ്തു. അങ്ങനെ അതിനെ വിശേഷിപ്പിക്കാം,’ സംഗീത് പറഞ്ഞു.
Content Highlight: Sangeeth Prathap talks about Baby Jean’s performance in Mohiniyattam Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.