| Friday, 24th January 2025, 8:58 am

അഭിനയത്തെ സീരിയസായി എടുക്കാമെന്ന് തീരുമാനിച്ചത് ആ സിനിമക്ക് ശേഷമാണ്: സംഗീത് പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് സംഗീത് പ്രതാപ്. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തിലൂടെയാണ് സംഗീത് അഭിനയലോകത്തേക്ക് കടന്നുവന്നത്. അഭിനയത്തോടൊപ്പം എഡിറ്റിങ് മേഖലയിലും സംഗീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2024ല്‍ പുറത്തിറങ്ങിയ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് സംഗീത് സ്വന്തമാക്കി.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രേമലുവിലും സംഗീതിന്റെ സാന്നിധ്യമുണ്ടായിരുന്നു. അമല്‍ ഡേവിസ് എന്ന കഥാപാത്രം കേരളത്തിന് പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. സംഗീതിന്റെ പ്രകടനത്തെ എസ്.എസ്. രാജമൗലി പുകഴ്ത്തിയത് വലിയ വാര്‍ത്തയായിരുന്നു. എഡിറ്ററാകണമെന്ന മോഹവുമായി സിനിമയിലേക്കെത്തിയ സംഗീത് അഭിനയത്തിലേക്കെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ്.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സ്‌പോട്ട് എഡിറ്ററായാണ് താന്‍ കരിയര്‍ തുടങ്ങിയതെന്ന് സംഗീത് പറഞ്ഞു. പിന്നീട് ഹൃദയം, സൂപ്പര്‍ ശരണ്യ, പത്രോസിന്റെ പടപ്പുകള്‍, എന്നീ സിനിമകളില്‍ അഭിനയിച്ചെന്നും ആ സമയത്ത് അഭിനയത്തെ സീരിയസായി കണ്ടിരുന്നില്ലെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു. ഈ സിനിമകളെല്ലാം അതിന്റെ സംവിധായകരോടുള്ള സൗഹൃദത്തിന്റെ പുറത്ത് അഭിനയിച്ചതാണെന്ന് സംഗീത് പ്രതാപ് പറഞ്ഞു.

ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമ എഡിറ്റ് ചെയ്യുകയും അതില്‍ ഒരു റോള്‍ ചെയ്യുകയും ചെയ്‌തെന്ന് സംഗീത് കൂട്ടിച്ചേര്‍ത്തു. ആ സിനിമക്ക് ശേഷമാണ് അഭിനയത്തെ കുറച്ചുകൂടി സീരിയസായി കാണാമെന്ന് തീരുമാനിച്ചതെന്ന് സംഗീത് പ്രതാപ് പറഞ്ഞു. ആ സിനിമക്ക് ശേഷം അഭിനയത്തിലേക്ക് ഇറങ്ങാന്‍ കോണ്‍ഫിഡന്‍സ് കിട്ടിയെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു. ഹാപ്പി ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തിലാണ് സംഗീത് ഇക്കാര്യം പറഞ്ഞത്.

‘ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയുടെ എഡിറ്ററായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ പടത്തില്‍ ഞാന്‍ ചെറിയൊരു വേഷവും ചെയ്തിട്ടുണ്ട്. ആ പടത്തില്‍ അഭിനയിച്ചതിന് ശേഷമാണ് ആക്ടിങ്ങിനെ സീരിയസായി എടുക്കാം എന്ന് തീരുമാനിച്ചത്. അതിന് മുമ്പ് ചെയ്തിട്ടുള്ള സൂപ്പര്‍ ശരണ്യ, പത്രോസിന്റെ പടപ്പുകള്‍, ഹൃദയം എന്നീ സിനിമകള്‍ ചെയ്തത് നമുക്ക് അറിയാവുന്ന ആളുകളാണ്.

ആ ഒരു കോണ്‍ഫിഡന്‍സിലാണ് പോയി അഭിനയിച്ചത്. യാതൊരു ടെന്‍ഷനും ആ പടങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടായിരുന്നില്ല. ലിറ്റില്‍ മിസ് റാവുത്തര്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ അഭിനയം സീരിയസായി എടുക്കാമെന്ന് കോണ്‍ഫിഡന്‍സ് വന്നു. പക്ഷേ, അങ്ങനെ സീരിയസായി എടുക്കുമ്പോഴാണ് ടെന്‍ഷന്‍ കൂടുന്നത്. എന്നാലും കുഴപ്പമില്ല, അത് ഇപ്പോള്‍ എന്‍ജോയ് ചെയ്യുന്നുണ്ട്,’ സംഗീത് പ്രതാപ് പറയുന്നു.

ജോ ആന്‍ഡ് ജോയ്ക്ക് ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ബ്രൊമാന്‍സാണ് സംഗീതിന്റെ ഏറ്റവും പുതിയ ചിത്രം. മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍, ശ്യാം മോഹന്‍, മമിത ബൈജു, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Sangeeth Pratap says he took acting seriously after Little Miss Rawther movie

We use cookies to give you the best possible experience. Learn more