| Sunday, 16th February 2025, 8:01 pm

കേക്കില്ലെങ്കില്‍ എന്താ, പഴംപൊരി കൊടുത്തുകൊണ്ട് സംഗീതിന്റെ ബര്‍ത്ത്‌ഡേ ആഘോഷിച്ച് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ നടനാണ് സംഗീത് പ്രതാപ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെയാണ് സംഗീത് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. പിന്നീട് സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടനായി സംഗീത് മാറി. പ്രേമലുവിലെ അമല്‍ ഡേവിസിനെ അഭിനന്ദിച്ച് സാക്ഷാല്‍ രാജമൗലി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു.

മോഹന്‍ലാല്‍ -സത്യന്‍ അന്തിക്കാട് കോമ്പോ വീണ്ടും ഒന്നിക്കുന്ന ഹൃദയപൂര്‍വം ആണ് സംഗീതിന്റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞദിവസം ഹൃദയപൂര്‍വത്തിന്റെ സെറ്റില്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ സംഗീതിന്റെ ജന്മദിന ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സാധാരണ സിനിമാസെറ്റുകളില്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നതുപോലെയായിരുന്നു സംഗീതിന്റെ ജന്മദിനവും ആഘോഷിച്ചത്. എന്നാല്‍, കേക്ക് വരാന്‍ വൈകിയതിനാല്‍ പഴംപൊരി പങ്കിട്ട് നല്‍കിയാണ് സെറ്റിലുള്ളവര്‍ ബര്‍ത്ത്‌ഡേ ആഘോഷിച്ചത്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും സംഗീതിന് പഴംപൊരി പകുത്തുനല്‍കുന്ന വീഡിയോയാണ് വൈറലായത്. അനൂപ് സത്യനാണ് ബര്‍ത്ത്‌ഡേ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചത്. ഇനിയാരുടെയെങ്കിലും ബര്‍ത്ത്‌ഡേ ഉണ്ടോയെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ ചോദിക്കുന്നതും കേള്‍ക്കാന്‍ സാധിക്കും.

10 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴുമാണ് ഇരുവരും ഒന്നിച്ച അവസാനചിത്രം. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞവര്‍ഷമാണ് ചിത്രം അനൗണ്‍സ് ചെയ്തത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമ്പോ ഒരിക്കല്‍ കൂടി ഒന്നിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

മോഹന്‍ലാലിന് പുറമെ സംഗീത, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്. ഏറെ നാളായി താടി വളര്‍ത്തിക്കൊണ്ട് മാത്രം എല്ലാ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാല്‍ താടി ട്രിം ചെയ്താണ് ഹൃദയപൂര്‍വത്തില്‍ ജോയിന്‍ ചെയ്തത്. ചിത്രത്തിന്റെ പൂജയുടെ സ്റ്റില്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കേരളക്കരയൊന്നാകെ കാത്തിരിക്കുന്ന എമ്പുരാനാണ് മോഹന്‍ലാലിന്റെ അടുത്ത തിയേറ്റര്‍ റിലീസ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്‍ 2019ല്‍ റിലീസായ ലൂസിഫറിന്റെ തുടര്‍ച്ചയാണ്. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം ചിത്രകീരിച്ച എമ്പുരാന്‍ മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തും.

Content Highlight: Sangeet Prathap’s birthday celebrated in Hridayapoorvam movie sets

We use cookies to give you the best possible experience. Learn more