| Friday, 2nd May 2025, 9:07 am

സൂപ്പര്‍ നാച്ചുറല്‍ ഫാമിലി; ആ യൂട്യൂബ് ചാനല്‍ ഞങ്ങള്‍ വേണ്ടെന്ന് വെച്ചതിന് കാരണങ്ങളുണ്ട്: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയാണ് സാന്ദ്ര തോമസ്. ഇന്ന് മലയാള സിനിമയിലെ വിരലിലെണ്ണാവുന്ന വനിതാ നിര്‍മാതാക്കളില്‍ ഒരാളാണ് സാന്ദ്ര. ബാലതാരമായി സിനിമാ മേഖലയിലേക്ക് എത്തിയ വ്യക്തിയാണ് അവര്‍.

ഫ്രൈഡേ, സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍, പെരുച്ചാഴി, ആട്, അടി കപ്യാരെ കൂട്ടമണി, മുദ്ദുഗൗ തുടങ്ങി മികച്ച സിനിമകള്‍ നിര്‍മിച്ചത് സാന്ദ്ര തോമസാണ്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ആറോളം സിനിമകളും പിന്നീട് തന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസില്‍ മൂന്ന് സിനിമകളുമാണ് സാന്ദ്ര നിര്‍മിച്ചത്. സിനിമാ നിര്‍മാണത്തിന് പുറമെ ചില സിനിമകളില്‍ അഭിനയിക്കാനും സാന്ദ്രക്ക് സാധിച്ചിട്ടുണ്ട്.

മുമ്പ് സാന്ദ്ര തോമസിന് ഒരു ഫാമിലി യൂട്യൂബ് ചാനല്‍ ഉണ്ടായിരുന്നു. സൂപ്പര്‍ നാച്ചുറല്‍ ഫാമിലി എന്നായിരുന്നു ആ യൂട്യൂബ് ചാനലിന്റെ പേര്. എന്നാല്‍ പിന്നീട് അതില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തുകയായിരുന്നു.

ഇപ്പോള്‍ താന്‍ ആ യൂട്യൂബ് ചാനലില്‍ വീഡിയോ ഇടാത്തതിന്റെ കാരണം പറയുകയാണ് സാന്ദ്ര തോമസ്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞങ്ങള്‍ക്ക് സൂപ്പര്‍ നാച്ചുറല്‍ ഫാമിലി എന്നൊരു യൂട്യൂബ് ചാനല്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അത് നിര്‍ത്തലാക്കി. സീരിയല്‍ കാണുന്നത് പോലെ സ്ഥിരമായി ഞങ്ങളുടെ ഫാമിലി ചാനല്‍ കാണുന്ന ഒരു ക്ലാസ് ഓഫ് ഓഡിയന്‍സ് ഉണ്ടായിരുന്നു.

രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു സബ്സ്‌ക്രൈബര്‍ ബെയ്സ്. അത് ഞങ്ങള്‍ വേണ്ടെന്ന് വെച്ചതിന് പലവിധ കാരണങ്ങളുണ്ട്. അതില്‍ പ്രധാനം നമ്മള്‍ കുട്ടികളോടൊത്ത് പുറത്ത് പോകുമ്പോള്‍ അവരെ പലരും തിരിച്ചറിയാന്‍ തുടങ്ങി എന്നതാണ്.

അവരെ പേരെടുത്ത് പറഞ്ഞ് കൊഞ്ചിക്കാനും മറ്റും ആള്‍ക്കാര്‍ എത്തിയതോടെ അവരുടെ പ്രൈവസി നഷ്ടമായി. മാത്രമല്ല, ഈ ചെറുപ്പത്തിലേ അവര്‍ക്കൊര് സെലിബ്രിറ്റി സ്റ്റാറ്റസ് വരുന്നത് ശരിയല്ല എന്ന വിലയിരുത്തലുണ്ടായി.

പിന്നെ പബ്ലിക് ഫിഗറായി കഴിഞ്ഞാല്‍ അത് നല്‍കുന്ന ഒരു സമ്മര്‍ദ്ദമുണ്ട്. നല്ലവരായി നില്‍ക്കുക എന്നതാണ് ആ സമ്മര്‍ദ്ദം. അതായത്, മറ്റുള്ളവര്‍ നമ്മളെ തിരിച്ചറിയും. അതുകൊണ്ട് നമ്മള്‍ എപ്പോഴും നല്ലത് ചെയ്യുക, നല്ലത് മാത്രം ചിന്തിക്കുക. അങ്ങനെ പലവിധ ബാദ്ധ്യതകള്‍ വന്നുചേരും.

ഞാന്‍ പറയുന്നത് ജീവിതത്തില്‍ നല്ലത് മാത്രമല്ല തെറ്റുകളും ചെയ്യണം. എന്നാലല്ലേ ലൈഫില്‍ ഒരു ത്രില്‍ ഉണ്ടാകൂ. കൊച്ചുകൊച്ചു തെറ്റുകളും കുസൃതികളുമൊക്കെ ചെയ്ത് അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സ്വയം തിരുത്തി മുന്നോട്ടുപോകുമ്പോഴല്ലേ നമുക്ക് കരുത്താര്‍ജ്ജിക്കാന്‍ സാധിക്കൂ,’ സാന്ദ്ര തോമസ് പറയുന്നു.

Content Highlight: Sandra Thomas Talks About Her Supernatural Family Youtube Channel

We use cookies to give you the best possible experience. Learn more