| Sunday, 18th June 2023, 11:57 pm

രാത്രിയിൽ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചു ബാബു ചേട്ടനെക്കൊണ്ട് ഹോസ്പിറ്റലിൽ പോണമെന്ന്, ഞാൻ പറഞ്ഞതാണ് മദ്യപിക്കല്ലേന്ന്: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് നടൻ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നെന്ന് നിർമാതാവ് സാന്ദ്ര തോമസ്. ലൊക്കേഷനിൽവെച്ച് തുടരെ അട്ട കടിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും മൂന്നുതവണയോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നെന്നും സാന്ദ്ര പറഞ്ഞു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. നടൻ ബാബുരാജും അഭിമുഖത്തിൽ പങ്കെടുത്തു.

‘നല്ല നിലാവുള്ള രാത്രിയിൽ എന്ന ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുൻപ് ബാബുരാജ് ചേട്ടൻ എന്നെ വിളിച്ചുചോദിച്ചിരുന്നു ലൊക്കേഷനിൽ അട്ട ഉണ്ടാകുമോ എന്ന്. കാരണം പുളളിക്ക് അലർജിയുള്ളതാണ്. ഞാൻ പറഞ്ഞു അട്ട ഉണ്ടാകില്ലെന്ന്. പക്ഷെ അവിടെ ചെന്നപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു അവിടെ നിറയെ അട്ട ആണെന്ന്,’ സാന്ദ്ര പറഞ്ഞു.

അട്ട കടിച്ചതിനെ തുടർന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുയപോയിരുന്നെന്നും ഗുരുതരമായ അവസ്ഥ ആയിരുന്നതുകൊണ്ട് ശരീരത്തിൽ ഇൻജെക്ട് ചെയ്യേണ്ട മരുന്നുകൾ ഉണ്ടായിരുന്നെന്നും നടൻ ബാബുരാജ് പറഞ്ഞു.

അട്ട കടിച്ചപ്പോൾ എന്നെ അവിടെയുള്ള ഒരു ആശുപത്രിൽ കൊണ്ടുപോയിരുന്നു. അപ്പോൾ അവിടുത്തെ ഡോക്ടർ പറഞ്ഞു അത് വളരെ സീരിയസ് ആണെന്ന്. ഒരു മരുന്നൊക്കെ ഇൻജെക്ട് ചെയ്യേണ്ടി വന്നു. ഷൂട്ട് തുടങ്ങുന്നതിന് മുൻപ് ഞാൻ ആ മരുന്ന് ഇൻജെക്ട് ചെയ്തിരുന്നു, എന്നിട്ട് ഷൂട്ടിന് ശേഷം രാത്രി മദ്യപിക്കുകയും ചെയ്തു. ഒരു ഗ്ലാസ് മദ്യം കഴിച്ചതേയുള്ളു. അപ്പോൾ തന്നെ ഞാൻ താഴെ വീണു. കാരണം ഈ മരുന്ന് ഉപയോഗിക്കുമ്പോൾ മദ്യപിക്കാൻ പാടില്ല. എന്റെ മുഖം ഒക്കെ നീര് വെച്ചിരുന്നു. വീണ്ടും ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയിൽ ആർക്കും എന്നെ മനസിലായില്ല, ‘ ബാബുരാജ് പറഞ്ഞു.

‘ആശുപത്രിയിൽ നിന്ന് വന്നതിന് ശേഷം വീണ്ടും ബാബുരാജ് ചേട്ടനെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നു. ഞാൻ പറഞ്ഞതാണ് ചേട്ടനോട് മദ്യപിക്കല്ലേന്ന്. ഞാൻ കുടിക്കില്ലെന്ന് അപ്പൊ ചേട്ടൻ പറഞ്ഞതുമാണ്. കുറച്ചുകഴിഞ്ഞ്‌ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചു ബാബുരാജിനെക്കൊണ്ട് ഹോസ്പിറ്റലിൽ പോണമെന്ന്. അങ്ങനെ മൂന്ന് തവണ സംഭവിച്ചു. ഞാൻ പേടിച്ചുപോയി,’ സാന്ദ്ര പറഞ്ഞു.


Content Highlights: Sandra Thomas on Baburaj

We use cookies to give you the best possible experience. Learn more