മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ; യുദ്ധം മൂലമുണ്ടായ ഗ്യാസ് ക്ഷാമത്തിനിടെ വീണ്ടും ചര്‍ച്ചയായി സന്ദേശം
Malayalam Cinema
മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ; യുദ്ധം മൂലമുണ്ടായ ഗ്യാസ് ക്ഷാമത്തിനിടെ വീണ്ടും ചര്‍ച്ചയായി സന്ദേശം
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 12th March 2026, 8:55 am

ആണവായുധം കൈവശം വെക്കുന്നുവെന്നാരോപിച്ച് പശ്ചിമേഷ്യന്‍ രാജ്യമായ ഇറാനെതിരെ അമേരിക്കയും ഇസ്രഈലും സംയുക്ത ആക്രമണം തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. കരമാര്‍ഗവും കടല്‍മാര്‍ഗവുമുള്ള ആക്രമണം ഇരുകൂട്ടരും ശക്തമാക്കിയതോടെ ഹോര്‍മുസ് കടലിടുക്ക് വഴി ലോകത്തിന്റെ പല ഭാഗത്തേക്കുമുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഗ്യാസിന് വില കൂടാനും ക്ഷാമം നേരിടാനും ഇത് കാരണമാകുകയും ചെയ്തിരുന്നു.

സന്ദേശം. Photo: Mollywood movies

പാചക വാതകത്തിന് ക്ഷാമം നേരിടാന്‍ തുടങ്ങിയതോടെ ഇന്ത്യയിലെ പ്രധാനപ്പെട്ട പല നഗരങ്ങളിലെയും റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിഷയം ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായതോടെ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന സിനിമയിലെ പ്രഭാകരന്‍ എന്ന കഥാപാത്രം പറയുന്ന സംഭാഷണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ശ്രീനിവാസന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ശ്രീനിവാസന്‍, ജയറാം, തിലകന്‍, സിദ്ദിഖ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ആക്ഷേപ ഹാസ്യ ചിത്രമായിരുന്നു സന്ദേശം.

ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച പ്രഭാകരന്‍ എന്ന കഥാപാത്രം തന്റെ സഹോദരനായി എത്തിയ ജയറാമിന്റെ പ്രകാശന്‍ കോട്ടപ്പിള്ളിയുമായി നടത്തുന്ന വാക്ക് തര്‍ക്കത്തിനിടയില്‍ അമേരിക്കയെ കുറിച്ച് പറയുന്ന സംഭാഷണങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. നിക്കാര്വേഗയിലെ ഒര്‍ട്ടേഗ ഗവണ്‍മെന്റിനെ പുറത്താക്കി കുത്തക മുതലാളിമാരായ അമേരിക്ക ഒരു പാവ ഗവണ്‍മെന്റിനെ സൃഷ്ടിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രഭാകരന്‍ കത്തിക്കയറുന്നത്.

Photo: WRAL

ഇവിടുത്തെ കാര്യം പറയുമ്പോള്‍ എന്തിനാണ് അന്താരാഷ്ട്രത്തിലേക്ക് ഓടുന്നതെന്ന് പ്രകാശന്‍ തിരിച്ച് ചോദിക്കുമ്പോള്‍ മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ മറുപടി. ഈ ഡയലോഗ് ഹൈലൈറ്റ് ചെയ്താണ് പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധം ഇന്ത്യക്കാരെ ബാധിക്കുന്നത് എങ്ങനെയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നത്.

ഇറാനില്‍ യുദ്ധം നടക്കുന്നതിനെതിരെ കേരളത്തിലെ തെരുവുകളില്‍ പ്രതിഷേധമറിയിച്ചിട്ട് എന്താണ് കാര്യമെന്ന തരത്തില്‍ പരിഹസിച്ചവര്‍ക്കുള്ള മറുപടിയായും പലരും വീഡിയോ ഉപയോഗിക്കുന്നുണ്ട്.

 

Content Highlight: Sandesham Movie dialogues goes viral after Iran war

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.