തള്ളിക്കളയാന്‍ ഇത് ചായക്കടയിലെ വര്‍ത്തമാനമല്ല, പ്രധാനമന്ത്രിക്കെതിരായ ആരോപണം; എപ്സ്റ്റീന്‍ ഫയലില്‍ സന്ദീപ് വാര്യര്‍
Kerala
തള്ളിക്കളയാന്‍ ഇത് ചായക്കടയിലെ വര്‍ത്തമാനമല്ല, പ്രധാനമന്ത്രിക്കെതിരായ ആരോപണം; എപ്സ്റ്റീന്‍ ഫയലില്‍ സന്ദീപ് വാര്യര്‍
രാഗേന്ദു. പി.ആര്‍
Saturday, 31st January 2026, 10:50 pm

പാലക്കാട്: എപ്സ്റ്റീന്‍ ഫയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. എപ്സ്റ്റീന്‍ ഫയലില്‍ മോദിയുടെ പേരുണ്ടെന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ എഴുതി.

യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലിലുള്ളത് വെറുമൊരു പേരല്ലെന്നും 2017ലെ മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനത്തെ കുറിച്ച് എപ്സ്റ്റീന്‍ എഴുതിയ ഇ-മെയിലുകളാണെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു.

എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ചാണ് മോദി ഇസ്രഈലില്‍ പാട്ടുപാടിയും നൃത്തം ചെയ്തും അമേരിക്കന്‍ പ്രസിഡന്റിനെ സന്തോഷിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ഇതിന്റെ അവസാനം It worked എന്ന് എപ്സ്റ്റീന്‍ കുറിക്കുമ്പോള്‍, ആര്‍ക്ക് വേണ്ടിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ഇസ്രഈലില്‍ പോയി ‘അഭിനയിച്ചത്’ എന്ന ചോദ്യം പ്രസക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു അന്താരാഷ്ട്ര കുറ്റവാളിയുമായി നമ്മുടെ പ്രധാനമന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്? രാജ്യത്തിന്റെ വിദേശനയം തീരുമാനിക്കുന്നത് ഇത്തരം ക്രിമിനലുകളുടെ ഉപദേശം കേട്ടാണോ? ദേശസ്‌നേഹം പ്രസംഗിക്കുന്നവര്‍ക്ക് ഈ നാണക്കേടിന് എന്ത് മറുപടിയാണ് നല്‍കാനുള്ളത്?’ തുടങ്ങിയ ചോദ്യങ്ങളും സന്ദീപ് വാര്യര്‍ ഉയര്‍ത്തി.

ഇന്ത്യയുടെ അന്തസും ആഭിജാത്യവും ലോകത്തിന് മുന്നില്‍ പണയം വെക്കുന്ന ഇത്തരം ഇടപാടുകളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെറും ക്രിമിനലിന്റെ ജല്‍പനമല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ഇത് ചായക്കടയിലെ വര്‍ത്തമാനമല്ല, മറിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഗൗരവകരമായ ആരോപണമാണെന്നും സന്ദീപ് വാര്യര്‍ എഴുതി.

സത്യം പുറത്തുവരണം. വിശ്വഗുരു ചമയുന്നവരുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ തിരിച്ചറിയട്ടെന്നും ബി.ജെ.പി മുന്‍ നേതാവ് കൂടിയായ സന്ദീപ് വാര്യര്‍ പറയുന്നു.

Content Highlight: Sandeep Varier against Narendra modi in the Epstein files

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.