ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് സന്ദീപ് പ്രദീപ്. ബേസില്‍ ജോസഫ് നായകനായ ഫാലിമി എന്ന ചിത്രത്തിലൂടെയാണ് സന്ദീപ് ശ്രദ്ധേയനായത്. ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായ ആലപ്പുഴ ജിംഖാനയിലും സന്ദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് സന്ദീപ് പ്രദീപ്. ഒരു സിനിമയില്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടായിരുന്നെന്നും എല്ലാവര്‍ക്കും അറിയാവുന്ന ചിത്രമാണ് അതെന്നും സന്ദീപ് പറഞ്ഞു. നായകനായാണ് അവസരം ലഭിച്ചതെന്നും അത് കേട്ട് താന്‍ വളരെ സന്തോഷവാനായെന്നും സന്ദീപ് പ്രദീപ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പിന്നീട് ആ സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ മറ്റൊരാളായിരുന്നു നായകനെന്നും തന്റെ പേര് എവിടെയും വന്നില്ലെന്നും സന്ദീപ് പറയുന്നു. ആ സമയത്ത് താന്‍ വല്ലാത്ത അവസ്ഥയിലായെന്നും അത് തനിക്ക് വളരെ വിഷമമുണ്ടാക്കിയെന്നും സന്ദീപ് പറഞ്ഞു. കാര്‍ത്തിക് സൂര്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്ദീപ് പ്രദീപ് ഇക്കാര്യം പറഞ്ഞത്.
‘ഷോര്‍ട് ഫിലിംസൊക്കെ ചെയ്ത് നടക്കുന്ന സമയത്ത് എനിക്ക് ഒരു സിനിമയിലേക്ക് വിളി വന്നു. എല്ലാവര്‍ക്കും അറിയാവുന്ന സിനിമയാണത്. ആ പടത്തിലേക്ക് ഹീറോയായിട്ടാണ് എന്നെ വിളിച്ചത്. ഞാന്‍ ഭയങ്കര ഹാപ്പിയായി. കാരണം, ആദ്യത്തെ സിനിമയില്‍ തന്നെ നായകനായിട്ടാണല്ലോ അവസരം കിട്ടിയത് എന്ന് കണ്ടിട്ട് സന്തോഷിച്ചു.
പിന്നീട് ആ സംവിധായകന്റെ സിനിമയുടെ സെറ്റിലേക്ക് പോയി. പുള്ളിയെ കണ്ട് സംസാരിച്ചു. ആ പടത്തില്‍ എന്തെങ്കിലും റോളുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ടൈറ്റ് കാസ്റ്റാണെന്ന് അയാള്‍ പറഞ്ഞു. ‘സാരമില്ല, അടുത്ത പടം നമ്മള്‍ തമ്മിലല്ലേ, നായകനല്ലേ, അത് സെറ്റാക്കാം’ എന്ന് പുള്ളി പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് ഞാന്‍ ഒരു ന്യൂസ് കണ്ടു. ഈ സംവിധായകന്‍ കുറച്ച് ആളുകളെ വെച്ച് ഒരു പടം ചെയ്യുന്നു എന്ന്.
അതില്‍ എന്റെ പേരില്ല. എനിക്ക് കണ്‍ഫ്യൂഷനായി. ഞാന്‍ എന്നിട്ട് പുള്ളിയെ വിളിച്ച് ചോദിച്ചു. ‘പ്രൊഡക്ഷന്‍ സൈഡില്‍ നിന്ന് പറഞ്ഞതുകൊണ്ട് മാറ്റിയതാണ്. നീ ഒരു കാര്യം ചെയ്യ്. ഓഡിഷന് വായോ. അതില്‍ നോക്കാം’ എന്ന് പറഞ്ഞ് പുള്ളി ഫോണ്‍ വെച്ചു. എനിക്ക് വിഷമമായി. കാരണം, ആ സിനിമ നമുക്ക് ഒരു പ്രതീക്ഷ തന്നതാണല്ലോ,’ സന്ദീപ് പ്രദീപ് പറഞ്ഞു.
Content Highlight: Sandeep Pradeep shares a bad experience faced from a director