ഒമാനെതിരെ അര്‍ധ സെഞ്ച്വറി നേടിയ സഞ്ജുവിനെ പലരും പരിഹസിക്കുന്നുണ്ട്. ”സഞ്ജു ടെസ്റ്റ് കളിച്ചു” എന്നാണ് അവരുടെ ആരോപണം!
45 പന്തുകളില്‍ നിന്ന് 56 റണ്‍സാണ് സഞ്ജു നേടിയത്. സ്‌കോര്‍ കാര്‍ഡ് മാത്രം പരിശോധിച്ചാല്‍ ഇതൊരു മോശം ടി-20 ഇന്നിങ്‌സ് ആയി തോന്നിയേക്കാം. എന്നാല്‍ അതാണോ യാഥാര്‍ത്ഥ്യം? ഒരിക്കലുമല്ല.
ഇന്ത്യ-ഒമാന്‍ മത്സരം അരങ്ങേറിയത് അബുദാബിയിലാണ്. അവിടത്തെ ഹ്യുമിഡിറ്റി അതിഭീകരമായിരുന്നു. അത്തരമൊരു കാലാവസ്ഥയില്‍ ബാറ്റിങ്ങ് ഒട്ടും എളുപ്പമല്ല. അക്കാര്യം പരിഗണിക്കുമ്പോള്‍ സഞ്ജു മികവുറ്റ പ്രകടനമാണ് കാഴ്ച്ചവെച്ചത്.
അഭിഷേക് ശര്‍മയും അക്‌സര്‍ പട്ടേലും തിലക് വര്‍മയും സഞ്ജുവിനേക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തു എന്നത് ശരിയാണ്. പക്ഷേ അവരെല്ലാം കുറച്ച് നേരം മാത്രമാണ് ക്രീസില്‍ നിന്നത്. കൂടുതല്‍ സമയം ഗ്രൗണ്ടില്‍ ചെലവഴിച്ചിരുന്നുവെങ്കില്‍ അവരും സ്ട്രഗിള്‍ ചെയ്യുമായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റ് സീരീസ് ഓര്‍മ്മയില്ലേ? ആ പരമ്പരയിലെ മുംബൈ ടെസ്റ്റില്‍ കിവി ബാറ്റര്‍മാര്‍ ശരിക്കും വിയര്‍ത്തിരുന്നു. നേരേ ചൊവ്വേ ശ്വസിക്കാന്‍ പോലും അവര്‍ ബുദ്ധിമുട്ടിയിരുന്നു! മുംബൈയിലെ ഹ്യുമിഡിറ്റി അത്രമാത്രം തീവ്രമായിരുന്നു!
ഹോട്ട് & ഹ്യുമിഡ് ആയ മൈതാനങ്ങള്‍ എല്ലാ ബാറ്റര്‍മാരുടെയും ഊര്‍ജ്ജം വറ്റിച്ചുകളയും. പിന്നെ എന്തിനാണ് നാം സഞ്ജുവിനെ മാത്രം പഴിക്കുന്നത്?
ഇതിനൊരു മറുവശം കൂടിയുണ്ട്. സഞ്ജുവിനെ മാറ്റി നിര്‍ത്തിയാല്‍ ഒമാനെതിരെ 30 കടന്നത് അഭിഷേക് ശര്‍മ മാത്രമാണ്. ഒരു തകര്‍ച്ച ഒഴിവാക്കിയത് സഞ്ജുവാണ്. അയാള്‍ പ്രശംസയല്ലേ അര്‍ഹിക്കുന്നത്?
ഏഷ്യാ കപ്പിന്റെ സംഘാടകര്‍ക്ക് കളിയെക്കുറിച്ച് നല്ല ധാരണയുണ്ട്. അതുകൊണ്ടാണ് പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് അവര്‍ സഞ്ജുവിന് തന്നെ സമ്മാനിച്ചത്.
സഞ്ജുവിനെ കല്ലെറിയുന്നവരോട് ഒരു ചോദ്യമുണ്ട്. നിങ്ങള്‍ ഒരിക്കലെങ്കിലും സഞ്ജുവിന്റെ ഭാഗത്തുനിന്ന് ചിന്തിച്ചിട്ടുണ്ടോ?
ടി-20 ഓപ്പണര്‍ എന്ന നിലയില്‍ 3 സെഞ്ച്വറികള്‍ സ്‌കോര്‍ ചെയ്ത ആളാണ് സഞ്ജു.
കേരള ക്രിക്കറ്റ് ലീഗില്‍ പൊന്നുവിളയിച്ചതിനുശേഷമാണ് അയാള്‍ ഏഷ്യാകപ്പിന് എത്തിയത്. പക്ഷേ സഞ്ജുവിന് പ്രതിഫലമായി ലഭിച്ചത് അനാദരവ് മാത്രമല്ലേ?
ഏഷ്യാകപ്പില്‍ സഞ്ജുവിന് ഓപ്പണിങ്ങ് പൊസിഷന്‍ വിട്ടുകൊടുക്കേണ്ടിവന്നു. ആദ്യ രണ്ട് കളികളില്‍ ബാറ്റ് തൊടാന്‍ പോലും സാധിച്ചില്ല. സഞ്ജുവിനെ ബലി കൊടുത്ത് ശുഭ്മന്‍ ഗില്ലിനെ നൂലില്‍ കെട്ടിയിറക്കി. വേറെ ഏതെങ്കിലുമൊരു കളിക്കാരന് ഇതുപോലൊരു ദുര്‍വിധി ഉണ്ടായിട്ടുണ്ടാവുമോ!?
ഇത്രയേറെ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോഴും വീണുകിട്ടിയ ആദ്യ അവസരത്തില്‍ തന്നെ സഞ്ജു ഫിഫ്റ്റി നേടി! ആ ചങ്കുറപ്പിനെ അഭിനന്ദിച്ചേ മതിയാകൂ!
രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് ഒമാന്റെ മുഖ്യ പരിശീലകനായ ദുലീപ് മെന്‍ഡിസ് പറഞ്ഞിരുന്നു,
”ഈ മത്സരം ഒമാനെ സംബന്ധിച്ചിടത്തോളം വലിയൊരു അവസരമാണ്. ചെറിയ ടീമുകള്‍ക്കെതിരെ നന്നായി കളിച്ചാല്‍ ആരും നിങ്ങളെ ശ്രദ്ധിക്കില്ല. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ നന്നായി പെര്‍ഫോം ചെയ്താല്‍ ലോകം നിങ്ങളെ ആദരിക്കും…”
കോച്ചിന്റെ വാക്കുകള്‍ നെഞ്ചിലേറ്റിയാണ് ഫൈസല്‍ ഷാ എന്ന ലെഫ്റ്റ് ആം സീമര്‍ പന്തെറിഞ്ഞത്. ഗില്ലിനെ ഫൈസല്‍ പുറത്താക്കിയപ്പോള്‍ പാക് ഇതിഹാസമായ വഖാര്‍ യൂനിസ് കമന്ററി ബോക്‌സിലൂടെ അഭിപ്രായപ്പെട്ടു,
”ഫൈസലിന്റെ സീം പൊസിഷന്‍ നോക്കൂ! അയാള്‍ നല്ല സ്വിങ് ഉത്പാദിപ്പിക്കുന്നുണ്ട്. ഗില്ലിന്റെ പ്രതിരോധം തുളച്ച പന്തിനെ ഡ്രീം ഡെലിവെറി എന്ന് വിശേഷിപ്പിക്കേണ്ടതാണ്…”
ആ സമയത്താണ് സഞ്ജു കളിക്കാനിറങ്ങിയത്. ഫൈസല്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു. സ്വന്തം പൊസിഷന്‍ പോലും കൈമോശം വന്ന സഞ്ജു രാജ്യം നഷ്ടപ്പെട്ട രാജകുമാരനെപ്പോലെയായിരുന്നു!
ആദ്യ 7 പന്തുകളില്‍നിന്ന് ഒരേയൊരു റണ്‍ മാത്രമാണ് സഞ്ജു നേടിയത്. വീണ്ടും വഖാറിന്റെ ശബ്ദം മുഴങ്ങി,
”സഞ്ജുവിന്റെ താളമെല്ലാം നഷ്ടപ്പെട്ടത് പോലെ തോന്നുന്നു. അയാള്‍ ശരിക്കും പതറുന്നു…!’
ഫൈസലിന്റെ അടുത്ത പന്ത് 87 മീറ്റര്‍ അകലെയാണ് നിലംതൊട്ടത്! സിക്‌സര്‍.
സഞ്ജുവിനെ അളക്കാന്‍ ആ ഷോട്ട് മാത്രം മതി. ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുമ്പോഴും ഏറ്റവും മികച്ച എതിരാളിയെ നിലംപരിശാക്കാന്‍ സഞ്ജുവിന് കഴിയും!
കുറച്ച് നേരത്തേയ്‌ക്കെങ്കിലും ഫൈസല്‍ മിഡില്‍ ഈസ്റ്റിന്റെ രാജാവായി മാറിയിരുന്നു. ആ ചില്ലുമേടയില്‍ നിന്ന് ഫൈസലിനെ ഒറ്റ ഹിറ്റ് കൊണ്ട് താഴെ ഇറക്കിയവന്റെ പേരാണ് സഞ്ജു സാംസണ്‍
Content Highlight: Sandeep Das writes about Sanju Samson and his performance against Oman