വനിതാ ലോകകപ്പിന്റെ സെമിഫൈനലിലെ ഇന്ത്യയുടെ ഐതിഹാസികമായ റണ്‍ ചെയ്‌സ് ജെമീമ റോഡ്രിഗസ് എന്ന പെണ്‍കുട്ടി പൂര്‍ത്തിയാക്കിയപ്പോള്‍ ഞാന്‍ അധികം പഴക്കമൊന്നും ഇല്ലാത്ത ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിനെക്കുറിച്ച് ഓര്‍ത്തുപോയി.
ഈ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചത് ശ്രേയാ ഘോഷാല്‍ ആയിരുന്നു. പലരും അതിന്റെ ചിത്രങ്ങളും വിഡിയോകളും പലരും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടെ ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു,
”ഈ ലോകകപ്പില്‍ ഒരു ഇന്ത്യന്‍ വനിതയില്‍ നിന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള ഒരേയൊരു മികച്ച പെര്‍ഫോമന്‍സാണ് ശ്രേയയുടെ പാട്ട്,”
എന്തൊരു ക്രൂരമായ തമാശ! അത്ര വലിയ പരിഹാസം ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ അര്‍ഹിച്ചിരുന്നുവോ?
ഇന്ത്യന്‍ ടീമിനെതിരായ ശാപവാക്കുകള്‍ എല്ലായിടത്തും പ്രചരിക്കുകയായിരുന്നു.
മനഃസ്സാന്നിദ്ധ്യം ഇല്ലാത്തവര്‍…
പടിക്കല്‍ കലം ഉടയ്ക്കുന്നവര്‍…
ചോക്കേഴ്‌സ്…
രാജ്യത്തിന്റെ നീലക്കുപ്പായമണിഞ്ഞ വനിതകള്‍ക്ക് ഇത്തരം വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുക്കാന്‍ പലരും മത്സരിക്കുകയായിരുന്നു.
ജയിക്കാമായിരുന്ന പല കളികളും ഇന്ത്യന്‍ വനിതാ ടീം കൈവിട്ട് കളഞ്ഞിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ അതിന് ചരിത്രപരവും സാമൂഹികപരവുമായ കാരണങ്ങളുണ്ട്.
വനിതാ ടീമിനെ കണ്ണുംപൂട്ടി കുറ്റപ്പെടുത്തുന്ന രീതിയോട് അന്നും ഇന്നും തികഞ്ഞ എതിര്‍പ്പാണ്.
ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് 1970കളില്‍ ആരംഭിച്ചതാണ്. 1983ല്‍ കപില്‍ ദേവിന്റെ സംഘം വേള്‍ഡ് കപ്പ് ഉയര്‍ത്തി. അതിനുശേഷം പുരുഷ ക്രിക്കറ്റ് ശരവേഗത്തിലാണ് വളര്‍ന്ന് പന്തലിച്ചത്.
സ്വാഭാവികമായും അതിന് ആനുപാതികമായ ഒരു മുന്നേറ്റം വനിതാ ക്രിക്കറ്റിലും ഉണ്ടാകേണ്ടതായിരുന്നു. എന്തുകൊണ്ട് അത് സംഭവിച്ചില്ല എന്ന് ചിന്തിച്ചിട്ടുണ്ടോ?
ബി.സി.സി.ഐ എന്ന സംഘടനയില്‍ വ്യക്തമായ പുരുഷാധിപത്യം നിലനിന്നിരുന്നു. സ്ത്രീകളുടെ ക്രിക്കറ്റിനെ ഒട്ടും തന്നെ പ്രോത്സാഹിപ്പിക്കാത്ത ആളുകളാണ് അവിടത്തെ ഭരണം നടത്തിവന്നിരുന്നത്. വനിതാ ടീമിന്റെ മുന്‍കാല നായികയായിരുന്ന ഡയാന എഡല്‍ജി ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുള്ളതാണ്.
ഓസീസിനെതിരായ സെമി ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ ജെമീമ ഒരു അഭിമുഖത്തില്‍ മനസ്സ് തുറന്നിരുന്നു,
”2017 വരെ വനിതാ ക്രിക്കറ്റ് ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ആ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ നാം ഫൈനല്‍ വരെയെത്തി. അതിനുശേഷമാണ് വനിതാ ക്രിക്കറ്റര്‍മാരെ കാണാന്‍ ആളുകള്‍ തടിച്ചുകൂടാന്‍ തുടങ്ങിയത്…”
വനിതാ കളിക്കാരുടെ പ്രയാണം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ ആരംഭിച്ചതാണ്. പക്ഷേ മാധ്യമങ്ങളും പൊതുസമൂഹവും അവരെ ശ്രദ്ധിച്ചുതുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ! ആ വിവേചനം എത്ര വലുതാണ്!
അത്ര ഭീകരമായ അവഗണന നേരിട്ട വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് ഒരു സുപ്രഭാതത്തില്‍ എല്ലാ നോക്കൗട്ട് മത്സരങ്ങളും ജയിക്കാന്‍ കഴിയണമെന്നില്ല. നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ അവര്‍ക്ക് കുറച്ചുകാലം വേണ്ടിവരും എന്ന കാര്യം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
ഞാന്‍ വീണ്ടും സെമി ഫൈനലിനെക്കുറിച്ച് ആലോചിക്കുകയാണ്! ഒരു വശത്ത് ഏഴ് തവണ ലോകകിരീടം ചൂടിയ ഓസീസിന്റെ പെണ്‍പട! മറുവശത്ത് ഫോമില്ലായ്മയുടെ പേരില്‍ 2022ലെ ഏകദിന ലോകകപ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജെമീമ എന്ന 25 വയസ്സുകാരി! ശരിക്കും ദാവീദും ഗോലിയാത്തും തമ്മിലുള്ള അങ്കം തന്നെ! പക്ഷേ ജെമീമ ഇന്ത്യയ്ക്കുവേണ്ടി യുദ്ധം ജയിച്ചു!
ലോകകപ്പിന് നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച് ജെമീമ സംസാരിച്ചിരുന്നു. ബോംബെയിലെ ആസാദ് മൈതാനത്തിലാണ് അവള്‍ പരീശീലിച്ചത്.
ആ ഗ്രൗണ്ടില്‍ പ്രഭാതസമയത്ത് നല്ല മഞ്ഞുവീഴ്ച്ചയുണ്ടാകും. അപ്പോള്‍ പേസര്‍മാര്‍ക്ക് പിന്തുണ കിട്ടും. വൈകുന്നേരം പന്ത് നന്നായി ടേണ്‍ ചെയ്യും. രാവിലെയും വൈകീട്ടും ജെമീമ പരിശീലിച്ചു. പുരുഷ ക്രിക്കറ്റര്‍മാരോട് മത്സരിച്ചു. അങ്ങനെ ഒരു കംപ്ലീറ്റ് ബാറ്ററായി പരിണമിച്ചു!
ഇന്ത്യ സ്വതന്ത്രമായത് 1947ലാണ്. പക്ഷേ ഇന്ത്യന്‍ അത്‌ലീറ്റുകളുടെ മനസിലെ അടിമച്ചങ്ങല അപ്പോഴും പൂര്‍ണമായും അറ്റുപോയിരുന്നില്ല. വെള്ളക്കാരോട് ക്രിക്കറ്റ് കളിക്കുമ്പോള്‍ നാം വല്ലാത്ത അപകര്‍ഷതാബോധം അനുഭവിച്ചിരുന്നു.
അത് മാറ്റിയെടുത്തത് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി എന്ന നായകനാണ്. നാം അദ്ദേഹത്തെ ആദരപൂര്‍വം വിളിച്ചു- ടൈഗര്‍! ടൈഗര്‍ പട്ടൗഡി!
ഇതാ ഒരു ജെമീമ! വനിതാ ക്രിക്കറ്റര്‍മാരുടെ ആത്മവീര്യം വീണ്ടെടുത്തവള്‍! പരിഹസിക്കുന്നവര്‍ക്ക് ചുട്ട മറുപടി കൊടുത്തവള്‍ ടൈഗര്‍, ടൈഗര്‍ ജെമീമ…!
Content Highlight: Sandeep Das writes about India vs Australia Semi Finial and Jemimah Rodriguez