| Monday, 3rd February 2025, 11:18 am

സ്ലീവ്‌ലെസ്സ് പോലും ഇടാത്ത ആ നടി അര്‍ജുന്‍ റെഡ്ഡിയില്‍ നായികയാവില്ലെന്ന് അവരുടെ കോര്‍ഡിനേറ്റര്‍ എന്നോട് പറഞ്ഞു: സന്ദീപ് റെഡ്ഡി വാങ്ക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറും മൂന്ന് ചിത്രങ്ങള്‍ കൊണ്ട് പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായ സംവിധായകനാണ് സന്ദീപ് റെഡ്ഡി വാങ്ക. ആദ്യചിത്രമായ അര്‍ജുന്‍ റെഡ്ഡി തെലുങ്കിലെ സര്‍പ്രൈസ് ഹിറ്റായി മാറി. ഇതേ ചിത്രം കബീര്‍ സിങ് എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുകയും തെലുങ്കിനെക്കാള്‍ വലിയ വിജയമാവുകയും ചെയ്തു. അര്‍ജുന്‍ റെഡ്ഡിയെക്കാള്‍ വിമര്‍ശനം കബീര്‍ സിങ്ങിന് നേരിടേണ്ടി വന്നു. സന്ദീപിന്റെ മൂന്നാമത്തെ ചിത്രമായ അനിമല്‍ 900 കോടിയോളം നേടുകയും ചെയ്തു.

തന്റെ ആദ്യചിത്രമായ അര്‍ജുന്‍ റെഡ്ഡിയെക്കുറിച്ച് സംസാരിക്കുകയാണ് സന്ദീപ് റെഡ്ഡി. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായ സമയത്ത് തന്റെ മനസില്‍ നായികയായി ഉണ്ടായിരുന്നത് സായ് പല്ലവിയായിരുന്നെന്ന് സന്ദീപ് റെഡ്ഡി പറഞ്ഞു. ഇക്കാര്യം തന്റെ ഒരു സുഹൃത്തിനോട് പറഞ്ഞെന്നും അതിന് ശേഷം സായ് പല്ലവിയുടെ കോര്‍ഡിനേറ്റര്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ തന്നെ വിളിച്ചെന്നും സന്ദീപ് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

അയാള്‍ തന്നോട് കഥ എന്താണെന്ന് ചോദിച്ചെന്നും ഒരു ലവ് സ്‌റ്റോറിയാണെന്ന് താന്‍ മറുപടി നല്‍കിയെന്നും സന്ദീപ് റെഡ്ഡി പറഞ്ഞു. എങ്ങനെയുള്ള ലവ് സ്റ്റോറിയാണെന്ന് ചോദിച്ചപ്പോള്‍ തെലുങ്കില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള കുറച്ച് ഇന്റന്‍സ് ആയിട്ടുള്ള ലവ് സ്‌റ്റോറിയുടെ വേര്‍ഷനാണെന്ന് പറഞ്ഞെന്നും സന്ദീപ് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

സ്ലീവ്‌ലെസ് ഡ്രസ് ഇട്ട് പോലും അഭിനയിക്കാന്‍ താത്പര്യമില്ലാത്ത നടിയാണ് സായ് പല്ലവിയെന്ന് അയാള്‍ തന്നോട് പറഞ്ഞെന്നും വേറൊരു നടിയെ നോക്കുന്നതാണ് നല്ലതെന്ന് നിര്‍ദേശിച്ചെന്നും സന്ദീപ് റെഡ്ഡി പറഞ്ഞു. എന്നാല്‍ പിന്നീടാണ് അയാള്‍ സായ് പല്ലവിയുടെ കോര്‍ഡിനേറ്റര്‍ അല്ലെന്ന് അറിഞ്ഞതെന്നും സായ്‌യെ പരിചയമുള്ള ഒരു മലയാളിയായിരുന്നു അതെന്നും സന്ദീപ് റെഡ്ഡി കൂട്ടിച്ചേര്‍ത്തു. സായ് പല്ലവി നായികയാകുന്ന തണ്ടേലിന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് റെഡ്ഡി വാങ്ക.

‘അര്‍ജുന്‍ റെഡ്ഡിയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ അതിലെ നായികയായി ആരെ കാസ്റ്റ് ചെയ്യണമെന്ന് സംശയം വന്നു. ആ സമയത്ത് എന്റെ മനസില്‍ ഉണ്ടായിരുന്ന മുഖം സായ് പല്ലവിയുടേതാണ്. പക്ഷേ എനിക്ക് അവരെ പരിചയമുണ്ടായിരുന്നില്ല. ഒരു സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് സായ് പല്ലവിയുടെ കോര്‍ഡിനേറ്ററാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ എന്നെ വിളിച്ചു.

അയാള്‍ എന്നോട് കഥയെന്താണെന്ന് ചോദിച്ചു. ഒരു ലവ് സ്‌റ്റോറിയാണ്, തെലുങ്കില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയാണെന്നും ഇന്റന്‍സായിട്ടുള്ള കുറച്ച് സീനുകളുണ്ടെന്നും ഞാന്‍ അയാളോട് പറഞ്ഞു.

‘എങ്കില്‍ സായ് പല്ലവിക്ക് പകരം വേറൊരാളെ നോക്കിക്കോളൂ, സ്ലീവ്‌ലെസ് ഇട്ട്‌പോലും സായ് അഭിനയിക്കില്ല. അപ്പോള്‍ ഇങ്ങനെയൊരു കഥ അവര്‍ എന്തായാലും ചെയ്യില്ല’ എന്ന് അയാള്‍ പറഞ്ഞു. അങ്ങനെ ഞാന്‍ മറ്റൊരു നടിയെ നോക്കി. പക്ഷേ, പിന്നീടാണ് അറിഞ്ഞത്, അയാള്‍ സായ് പല്ലവിയുടെ കോര്‍ഡിനേറ്റര്‍ അല്ലെന്നും കേരളത്തിലെ ഒരു സിനിമാക്കാരനാണെന്നും,’ സന്ദീപ് റെഡ്ഡി പറഞ്ഞു.

Content Highlight: Sandeeep Reddy Vanga saying he wished to cast Sai Pallavi in Arjun Reddy

We use cookies to give you the best possible experience. Learn more