മണ്ണാന്മാരും പാണന്മാരും മറ്റും ഈഴവര്‍ക്ക് വഴിമാറണം. പുലയനും പറയനും മറ്റും പാണനും മണ്ണാനും വഴിമാറണം. നായാടി, പറയനും പുലയനും വഴിമാറണം. ഈ പറഞ്ഞ എല്ലാജാതിയും നാലുവര്‍ണത്തിനും(ബ്രാഹ്‌മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര) വഴിമാറണം. ചില ജാതിക്കാരെ തൊട്ടാലേ അയിത്തമുണ്ടാവൂ. മറ്റുചില ജാതിക്കാരുടെ സാന്നിധ്യംപോലും അയിത്തമുണ്ടാക്കും. ചില ജാതിക്കാരെ കണ്ടാല്‍ മതി, അയിത്തമായി. ചില കര്‍മങ്ങള്‍ക്ക് നമ്പൂതിരി കുളിച്ചു ശുദ്ധമായി വരുമ്പോള്‍, നായരോടൊന്നു മിണ്ടിയാല്‍ മതി അശുദ്ധമായി. പിന്നെ കുളിവേണം.
‘സനാതനധര്‍മ്മത്തില്‍ ഒരു ജാതിയും താഴ്ന്നതായിരുന്നില്ല’ എന്നാണ് കേസരി പത്രാധിപര്‍ ശ്രീമാന്‍ എന്‍.ആര്‍. മധുവിന്റെ പുതിയ കണ്ടുപിടിത്തം. സത്യത്തില്‍ സനാതനികളെന്നറിയപ്പെട്ട ബ്രാഹ്‌മണരും അവരുടെ ഏറാന്‍ മൂളികളായ രാജാക്കന്മാരും ശൂദ്രന്മാരും ചേര്‍ന്ന് സനാതന സാമ്രാജ്യത്തില്‍ ശാര്‍ദ്ദൂലവിക്രീഡിതം നടത്തിയത് നാമറിയണം.
ഈ ശബ്ദംകേട്ടാല്‍ വഴിക്കാരായ ഈഴവര്‍ മുതലായ ജാതികള്‍ കുതിച്ചോടി റോഡിന്റെ രണ്ടരികിലുമുള്ള പറമ്പുകളില്‍ കയറി മാറിക്കൊടുക്കണം. അന്ന് ആ റോഡുകളില്‍ക്കൂടി പുലയര്‍ക്കോ, പറയര്‍ക്കോ നടക്കാന്‍ കൂടി അവകാശമുണ്ടായിരുന്നില്ല എന്നുമറിയണം.
ഒച്ചയാട്ടുകാരനായ ഈ മുണ്ടന്‍ നായരുടെ ആക്ഷേപത്തിന് എതിരെ അതേ ഭാഷയില്‍ ‘ആട്ടിയതിനാണ്’ ടി.കെ. മാധവനെന്ന കുഞ്ഞിനെ സനാതനി കുഴലൂത്തുകാരുടെ മുന്നില്‍വെച്ച് ചന്തിയടിച്ച് പൊട്ടിച്ചത്.
ടി.കെ. മാധവന്‍
തീണ്ടലും തൊടീലും ഒച്ചാട്ടലും ‘ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരുമായി’ ഒരു ജനത ഇരുപതാംനൂറ്റാണ്ടിന്റെ അന്ത്യംവരെ കേരളത്തിലുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ പുതിയകാലത്ത് അതൊരു തമാശയായി തോന്നാം. ഇതെല്ലാം ചെയ്തത്, സനാതനികള്‍ക്കും സനാതന ധര്‍മത്തിനും വേണ്ടിയായിരുന്നെന്ന് നാം മറന്നു പോകരുത്. മധുവും മറന്നു പോകരുത്.
സനാതന ജാതിവരേണ്യര്‍, അവര്‍ക്കു നല്‍കിയ ഓമനപ്പേരായിരുന്നു ‘അവര്‍ണര്‍’ എന്നത്.
1936 നവംബര്‍ 12-ാംതീയതി തിരുവിതാംകൂര്‍ സര്‍ക്കാര്‍ അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചപ്പോള്‍ ഗാന്ധിജിപോലും ഒരുവേള സംശയിച്ചത്, ജാതീയതയും അയിത്തവും സംഹാരതാണ്ഡവം നടത്തുന്ന തിരുവിതാംകൂര്‍ രാജ്യത്ത് ക്ഷേത്രപ്രവേശനവിളംബരം സാധ്യമാകുമോ എന്നാണ്! ഇതേക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് 1937 ജനുവരി 12ന് ഗാന്ധിജി തിരുവിതാംകൂറിലെത്തിയത്.
ഹിന്ദു സനാതന രാജ്യമായ തിരുവിതാംകൂറിലെ ഈഴവര്‍, ജാതി പീഡനം സഹിയാതെ, മൊത്തമായി ക്രിസ്തുമതം സ്വീകരിക്കുമെന്ന അവസ്ഥ വന്നപ്പോഴാണ് അമ്മമഹാറാണിയുടെ പാവാടത്തുമ്പില്‍ തൂങ്ങി നടന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മയെന്ന ‘മഹാ’രാജാവിനോടുപോലും ചര്‍ച്ച ചെയ്യാതെ സി.പി രാമസ്വാമി അയ്യര്‍ എന്ന ഹിന്ദുസനാതനി ക്ഷേത്രപ്രവേശന വിളംബരം എഴുതിത്തയ്യാറാക്കി തുല്യം വെപ്പിച്ചത്.
സി.പി രാമസ്വാമി അയ്യര്‍
ചോരയും കണ്ണീരും കൂടിക്കുഴഞ്ഞ മലയാളനാടിന്റെ ഭൂതകാലത്തിലേക്ക് ചെവിയോര്‍ത്താല്‍, അവിടെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ – സനാതന ധര്‍മ്മത്തിന്റെ പേരില്‍ നികൃഷ്ടജീവികളായി ചവിട്ടിയരയ്ക്കപ്പെട്ട പാവപ്പെട്ട മനുഷ്യരുടെ മുഖംപൊത്തിയുള്ള കരച്ചില്‍ കേള്‍ക്കാം.
ജാതിമേല്‍ക്കോയ്മയില്‍ എന്നും മുന്‍പന്തിയില്‍ നിന്നത് സനാതന ബ്രാഹ്‌മണരായിരുന്നു. നാട്ടു രാജാക്കന്മാരെവരെ തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ കഴിയുമായിരുന്ന തമ്പുരാക്കള്‍ മുതല്‍ ജാതിമാത്രകന്മാരും ശാപഗ്രസ്തരും ഓത്തുള്ളവരും ഓത്തില്ലാത്തവരുമായി. അവിടേയും വൈവിധ്യങ്ങളുടെയും അസ്പൃശ്യതയുടേയും വിളയാട്ടം നടന്നിരുന്നു എന്നത് അത്ഭുതമായി അവശേഷിക്കുന്നു.
കേരളത്തിലേക്കു കടന്നുവന്ന പല ദേശ-ഭാഷാ-സ്വത്വം പേറുന്ന നമ്പൂതിരിമാര്‍ക്കു തങ്ങളുപേക്ഷിച്ചുവന്ന സ്ഥലകാലത്തിന്റെ സംസ്‌കാരാവേശമുണ്ടായിരുന്നില്ല എന്നതാണ് രസകരമായ വസ്തുത. ദക്ഷിണേന്ത്യന്‍ ബ്രാഹ്‌മണര്‍ പഞ്ചദ്രാവിഡരും ഉത്തരേന്ത്യന്‍ ബ്രാഹ്‌മണര്‍ പഞ്ചഗൗഡരുമാണ്. എന്നാല്‍ കേരള നമ്പൂതിരിമാര്‍ ഈ രണ്ടുവിഭാഗത്തിലും പെടുന്നുമില്ല. ഈയൊരു സാംസ്‌കാരികാന്തരീക്ഷത്തിലേക്കാണ് ജാതീയതയും അടിമത്തവും തൊട്ടുകൂടായ്മയും തീണ്ടലും കടന്നുവന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭംമുതല്‍ അടിച്ചമര്‍ത്തപ്പെട്ടവരും അവര്‍ണര്‍ എന്ന കള്ളികളിലേക്കു ആണിയടിക്കപ്പെട്ടവരും തങ്ങളുടെ സ്വത്വപ്രകാശനത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുംവേണ്ടി ശബ്ദമുയര്‍ത്താന്‍ തുടങ്ങി. തിരുവിതാംകൂറില്‍ ഇക്കാലങ്ങളില്‍ കണ്ടുവന്നിരുന്ന പ്രത്യേകത, ഹിന്ദുമതത്തിലെ അനാചാരങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ഹിന്ദുക്കളിലെ അവര്‍ണര്‍ ക്രിസ്തുമതം സ്വീകരിച്ച് ജീവിതം ഭദ്രമാക്കാനുള്ള ശ്രമമായിരുന്നു.
തെക്കന്‍തിരുവിതാംകൂറിലെ കൃഷിക്കാരും പന ചെത്തുന്നവരുമായ ചാന്നാര്‍ സമുദായത്തിലെ ക്രിസ്തുമതം സ്വീകരിച്ച ചാന്നാര്‍ സ്ത്രീകള്‍ നടത്തിയ മേല്‍ശീലക്കലാപം അയിത്തത്തിനും തീണ്ടലിനും തൊടീലിനുമെതിരായുള്ള പത്തൊമ്പതാം നൂറ്റാണ്ടാരംഭത്തിലെ പ്രതിഷേധസ്വരമായിരുന്നു. 1822ലാണ് ചാന്നാട്ടികള്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്.
ജാതിയില്‍ നികൃഷ്ടരെന്നു മുദ്രകുത്തപ്പെട്ട ഹിന്ദുക്കള്‍ ക്രിസ്ത്യാനിയായാല്‍, അല്ലെങ്കില്‍ മറ്റു മതങ്ങളില്‍ ചേര്‍ന്നാല്‍ അവര്‍ക്കു കിട്ടുന്ന സാമൂഹികസ്ഥാനം വലുതായിരുന്നു.
1901ലെ ഒരു റിപ്പോര്‍ട്ട് ഇപ്രകാരം പറയുന്നു: ‘ക്രിസ്തുമതത്തിലോ മുഹമ്മദുമതത്തിലോ ചേരുന്നതിനാല്‍ ഇന്നലത്തെ പറയന്‍ ഇന്ന് ഉത്കൃഷ്ടനായിത്തീരുന്നു. ചട്ടയും കുപ്പായവും ബൂട്ട്സും ധരിച്ചു വന്നാല്‍ അവനെ ഒരു സന്ദേഹവും കൂടാതെ സത്കരിച്ച് അകത്തു കയറ്റി കസാല കൊടുത്തിരുത്തുന്നു. വിദ്യകൊണ്ടും മറ്റും അവനേക്കാള്‍ പതിന്മടങ്ങു യോഗ്യനായിരിക്കാവുന്ന അവന്റെ സഹോദരനെ സ്വമതത്യാഗം ചെയ്യാത്ത ദോഷംകൊണ്ട് 64-74 അടി അകലെ നിര്‍ത്തുന്നു.
ഒരു ഹിന്ദുവായ ഈഴവനെ ഒരു ഹിന്ദു ദേവാലയത്തിന്റെ ഗോപുരവാതുക്കല്‍ നിന്ന് 24-36 അടി അകലെ നിര്‍ത്തുന്നു. എന്നാല്‍ മ്ലേച്ഛരെന്നു ഹസിക്കുന്ന ക്രിസ്ത്യാനികളേയും മുഹമ്മദീയരേയും അവിടത്തോളം വരുവാന്‍ അനുവദിക്കുന്നുമുണ്ട്.’
ജാതിമേല്‍ക്കോയ്മയില്‍ എന്നും മുന്‍പന്തിയില്‍ നിന്നത് സനാതന ബ്രാഹ്‌മണരായിരുന്നു.
ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍പ്പോലും ഇതായിരുന്നു കേരളത്തിന്റെ അവസ്ഥ. ഹിന്ദു ആരാധനാലയങ്ങളുടെ സമീപത്തുകൂടി വഴിനടക്കാന്‍ പോലും അവര്‍ണര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഇവിടങ്ങളിലൊക്കെ സനാതന ബ്രാഹ്‌മണരും അവരുടെ ആശ്രിതരും തീണ്ടല്‍പ്പലകകള്‍ സ്ഥാപിച്ചിരുന്നു.
‘1905-ല്‍ കോട്ടയം ഡിവിഷന്‍ പേഷ്‌കാറായിരുന്ന കെ.പി. ശങ്കരമേനോന്‍, വൈക്കം ക്ഷേത്രത്തിന്റെ നാലു നടയിലുള്ള റോഡുകളില്‍ ‘തീണ്ടല്‍ ജാതിക്കാരുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു’ എന്നെഴുതിയ തീണ്ടല്‍പ്പലകകള്‍ സ്ഥാപിച്ചത്, ക്ഷേത്രത്തിന്റെ പവിത്രതയ്ക്കു കോട്ടം തട്ടാതിരിക്കാന്‍ സനാതനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയായിരുന്നു.
ഈ തീണ്ടല്‍പ്പലകകള്‍ എടുത്തുകളയാനും വഴിനടക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍(1924) പ്രസിദ്ധമായ വൈക്കം സത്യഗ്രഹം ആരംഭിച്ചത്. ഈ സമരമാണ് പിന്നീട് ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് നയിച്ച സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
വി.ടി ഭട്ടതിരിപ്പാട്
വി.ടി. ഭട്ടതിരിപ്പാടിന്റെ ഭാഷയില്‍, ‘പ്രാകൃത കമ്യൂണിസ’മെന്ന കാലത്തുനിന്നും ഏതുവിധേനയും ക്രിസ്ത്യാനിയായാല്‍ തുണിയുടുക്കാനും വഴിനടക്കാനും പറ്റുമെന്നുള്ള അവര്‍ണരുടെ ബോധ്യത്തിനു പിന്നിലുള്ള അന്നത്തെ സാമൂഹികനികൃഷ്ടതയുടെ പേരായിരുന്നു അയിത്തം. ജാതികള്‍ക്ക് പരസ്പരം അയിത്തം കല്‍പ്പിച്ചതാണ് പഴയകാലത്തെ പ്രത്യേകത.
അതിന്റെ സ്വഭാവം നോക്കുക: ‘മണ്ണാന്മാരും പാണന്മാരും മറ്റും ഈഴവര്‍ക്ക് വഴിമാറണം. പുലയനും പറയനും മറ്റും പാണനും മണ്ണാനും വഴിമാറണം. നായാടി, പറയനും പുലയനും വഴിമാറണം. ഈ പറഞ്ഞ എല്ലാജാതിയും നാലുവര്‍ണത്തിനും(ബ്രാഹ്‌മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര) വഴിമാറണം.
ചില ജാതിക്കാരെ തൊട്ടാലേ അയിത്തമുണ്ടാവൂ. മറ്റുചില ജാതിക്കാരുടെ സാന്നിധ്യംപോലും അയിത്തമുണ്ടാക്കും. ചില ജാതിക്കാരെ കണ്ടാല്‍ മതി, അയിത്തമായി. ചില കര്‍മങ്ങള്‍ക്ക് നമ്പൂതിരി കുളിച്ചു ശുദ്ധമായി വരുമ്പോള്‍, നായരോടൊന്നു മിണ്ടിയാല്‍ മതി അശുദ്ധമായി. പിന്നെ കുളിവേണം.
ഓരോ ജാതിയും സവര്‍ണജാതിക്കുമുമ്പില്‍ എത്രയെത്ര ദൂരമാണ് മാറിനില്‍ക്കേണ്ടതെന്നുള്ളതിന് കൃത്യമായി അളവു കല്‍പ്പിച്ചിട്ടുണ്ട്. നായാടികള്‍(നായ്ക്കളെ തിന്നുന്നവന്‍-72 അടി ദൂരം, പുലയന്‍(അടിമ)-64 അടി ദൂരം, കണിശന്‍(ജ്യോത്സന്‍)-36 അടി ദൂരം, മുക്കുവന്‍(മത്സ്യം പിടിക്കുന്നവന്‍)-24 അടിദൂരം.’
1927-ല്‍ ഗാന്ധിജി കേരളക്കരയിലൂടെ പര്യടനം നടത്തിയപ്പോള്‍ ഒക്ടോബറില്‍ പാലക്കാട്ടുമെത്തി. അവിടെവെച്ച് അദ്ദേഹം കേരളത്തിലെ അയിത്തത്തിന്റെ ഭീകരമുഖം ദര്‍ശിച്ചു. ജാതിവ്യവസ്ഥയില്‍ അതിനികൃഷ്ടരായി കണക്കാക്കുന്ന നായാടി വിഭാഗങ്ങളിലെ ഒരാളെ ഗാന്ധിജി അവിടെവച്ചു കണ്ടു.
മഹാത്മാ ഗാന്ധി
ഇതിനെക്കുറിച്ച് ഗാന്ധിജി വിവരിക്കുന്നതിങ്ങനെയാണ്: ‘പാലക്കാട്ട് എത്തിയ ഉടനെതന്നെ ഞാന്‍ താമസിക്കുന്ന വീടിന്റെ അടുത്തെങ്ങോ നിന്ന് ചെവി തുളയ്ക്കുംപോലുള്ള എന്തോ ഒരു ശബ്ദംകേട്ടു. അപ്പോള്‍ മി. സി. രാജഗോപാലാചാരി എന്റെ അടുക്കല്‍ വന്ന് എന്നോടു ചോദിച്ചത്, വിചിത്രമായ ശബ്ദങ്ങള്‍ എന്തെങ്കിലും കേള്‍ക്കുന്നുണ്ടോ എന്നാണ്. കേള്‍ക്കുന്നുണ്ട് എന്നു ഞാന്‍ മറുപടി പറഞ്ഞു. അത് എന്താണെന്നറിയാമോ എന്നായി അദ്ദേഹത്തിന്റെ അടുത്ത ചോദ്യം. അദ്ദേഹം പറഞ്ഞു, അതു ഒരു നായാടിയുടെ ശബ്ദമാണെന്ന്.
നായാടി ഏറെ അകലെനിന്ന് ഭിക്ഷചോദിക്കുന്നതിന്റെ ശബ്ദമാണത്രെ ആ ശബ്ദം. നായാടി എത്രദൂരെയാണ് നില്‍ക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അയാള്‍ ഒരു വിളിപ്പാടകലെയാണെന്ന് കേട്ടപ്പോള്‍ എനിക്കു അയാളെ കാണാന്‍ ധൃതിയായി. ഇത്രയൊക്കെ ശബ്ദമുണ്ടാക്കുന്ന മനുഷ്യന്‍ എനിക്ക് എത്ര അകലെയാണ് കാണാന്‍ സാധിച്ചതെന്ന് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. അയാള്‍ റോഡില്‍ക്കൂടെ നടക്കുകയായിരുന്നില്ല. റോഡിനടുത്തുള്ള വേലിയില്‍ നിന്നും വളരെ അകന്നാണ് അയാള്‍ നിന്നിരുന്നത്.’ കേരളത്തിലെ ജാതീയമായ ഉച്ചനീചത്വങ്ങള്‍ താന്‍ അറിഞ്ഞതിനുമപ്പുറമാണെന്ന് ഗാന്ധിജി സ്വയമനുഭവിച്ച നിമിഷങ്ങളായിരുന്നു അത്.
ജാതികള്‍ക്ക് പരസ്പരം അയിത്തം കല്‍പ്പിച്ചതാണ് പഴയകാലത്തെ പ്രത്യേകത.
എന്നാല്‍ ഇതിനും മുന്‍പ്, 1892-ല്‍ കൊടുങ്ങല്ലൂരിലെത്തിയ വിവേകാനന്ദ സ്വാമിയെ വരവേറ്റത് കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാനും ‘ഭട്ടന്‍ തമ്പുരാന്‍’ എന്നറിയപ്പെട്ട ഗോദവര്‍മത്തമ്പുരാനുമായിരുന്നു. അറിവിന്റെ സര്‍വജ്ഞപീഠം കയറിയവരെന്ന ഗര്‍വിലായിരുന്നു അവരുടെ പെരുമാറ്റം.
കൊടുങ്ങല്ലൂരമ്പലത്തിന്റെ പടിപ്പുരവാതില്‍ തന്റെ മുന്നില്‍ കൊട്ടിയടച്ചപ്പോള്‍ സ്വാമി തമ്പുരാക്കന്മാരോടു ചോദിച്ചത്, ‘എന്തുകൊണ്ടാണ് എനിക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത്’ എന്നായിരുന്നു.’ ഭട്ടന്‍ തമ്പുരാന്‍ അതിനു പറഞ്ഞ മറുപടി ‘ഞങ്ങള്‍ക്ക് നിങ്ങളുടെ ജാതി അറിയില്ല. അതുകൊണ്ടാണ് എന്നാണ്!’
ക്ഷേത്രപ്രവേശനത്തിന് ജാതി മാനദണ്ഡമല്ല എന്ന് സ്വാമിയും തിരിച്ചടിച്ചു. ഈ വാദം തുടര്‍ച്ചയായ മൂന്നു ദിനരാത്രങ്ങള്‍ തുടര്‍ന്നു. എന്നിട്ടും ക്ഷേത്രപ്രവേശനം ഉണ്ടായില്ല. മൂന്നു ദിവസം കൊടുങ്ങല്ലൂര്‍ തങ്ങിയ സ്വാമിക്ക് ‘വേണ്ടുവോളം വാദഭിക്ഷ ലഭിച്ചുവെങ്കിലും ഒരു നേരത്തെ ഭിക്ഷപോലും ലഭിച്ചിരിക്കാന്‍ ഇടയില്ല’ എന്നെഴുതിയത് എ.ആര്‍. ശ്രീനിവാസനാണ്.
കേരളത്തിലെ ചാതുര്‍വര്‍ണ്യ കല്‍പ്പനകളെല്ലാം നിശ്ചയിച്ചത് ജാതിമേല്‍ക്കോയ്മയില്‍ അഹങ്കരിച്ചിരുന്ന സനാതന ബ്രാഹ്‌മണ നീതിയായിരുന്നു; അവര്‍ പ്രമാണമായിക്കരുതിയ ‘ശാങ്കരസ്മൃതി’ എന്ന ഗ്രന്ഥവുമായിരുന്നു.
ഈ ഗ്രന്ഥത്തിലാണ് കേരളത്തില്‍ സനാതന ബ്രാഹ്‌മണര്‍ നടപ്പിലാക്കിയ ചാതുര്‍വര്‍ണ്യത്തെ സംബന്ധിച്ച പ്രമാണങ്ങളുള്ളത്. ശാങ്കരസ്മൃതി രചിച്ചത് ആദിശങ്കരാചാര്യരാണെന്നായിരുന്നു സനാതനി ബ്രാഹ്‌മണരുടെ ഉറച്ചവിശ്വാസം.
ചെത്തു തൊഴിലാളി യൂണിയന്‍ ഓഫീസായി മാറിയ ഇണ്ടംതുരുത്തി മന
വൈക്കം സത്യഗ്രഹത്തില്‍ അനുരഞ്ജന ചര്‍ച്ചയ്ക്കുവന്ന ഗാന്ധിജിയുടെ മുമ്പില്‍ ക്ഷേത്ര ഊരാളനും സനാതനിയുമായ ഇണ്ടംതുരുത്തി ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരി അയിത്തത്തിന് പ്രമാണഗ്രന്ഥമായി ഉദ്ധരിച്ചത് ശാങ്കരസ്മൃതിയെ ആയിരുന്നു.
എന്നാല്‍ ശാങ്കരസ്മൃതി എന്ന ഗ്രന്ഥം രചിച്ചത് ആദിശങ്കരാചാര്യരല്ലെന്നും ചെങ്ങന്നൂര്‍ നിവാസിയായ ഏതോ ശങ്കരന്‍ നമ്പൂതിരിയാണെന്നും തെളിയിച്ചത് പിന്നീട് ആഗമാനന്ദസ്വാമിയായി അറിയപ്പെട്ട കൃഷ്ണന്‍ നമ്പ്യാതിരിയായിരുന്നു.
ആഗമാനന്ദസ്വാമികള്‍ എഴുതുന്നു: ‘ശൂദ്രാദിസ്പര്‍ശനേ സ്നാനം’ എന്ന ശാങ്കരസ്മൃതിയിലെ ഒരു വാക്യമാണ് ഇതിനൊക്കെ എതിരായി(ആദി ശങ്കരാചാര്യവിരചിതമല്ലെന്നു തെളിയിക്കാനായി) കൊണ്ടുവരുവാനുള്ള ഒരു വാദം. ഇത് ശ്രീശങ്കരന്‍ പറഞ്ഞതാണത്രെ! അഞ്ചുവയസ്സുമുതല്‍ തന്നെ ഒന്നാംതരം പദ്യമെഴുതിത്തുടങ്ങിയ ശ്രീശങ്കരന്‍ ഇരുപതുകൊല്ലങ്ങള്‍ക്കുശേഷവും വൃത്തഭംഗവും യതിഭംഗവുമുള്ള പദ്യങ്ങളുള്ള ശാങ്കരസ്മൃതി എഴുതിയെന്നു വരുമോ?’
വൈക്കം സത്യഗ്രഹത്തിന്റെ ഏറ്റവും വലിയ സാര്‍ത്ഥകതയില്‍ ഒന്ന്, ആഗമാനന്ദസ്വാമികള്‍, ശാങ്കരസ്മൃതിയെന്ന ഗ്രന്ഥം ശങ്കരാചാര്യ വിരചിതമല്ലെന്നു സ്ഥാപിച്ചതായിരുന്നു. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ പൊളിച്ചെഴുത്ത് നടത്തിയത്.
നാരായണഗുരു
സനാതന ബ്രാഹ്‌മണമതത്തിന്റെയും ജാതിവിവേചനത്തിന്റെയും തേര്‍വാഴ്ച നടന്നുകൊണ്ടിരുന്ന കേരളക്കരയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഉദയം ചെയ്ത ഒരു മഹാന്‍ ലോകത്തെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു:
‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനിയൊരാകാശ- മൊരു ഭേദവുമില്ലതില്‍’
അവര്‍ണരെന്നു മുദ്രകുത്തിയവരെ സ്വജീവിതാദര്‍ശത്താല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആ മഹാന്റെ പേരായിരുന്നു ‘നാരായണഗുരു’. നാരായണഗുരുവിനെ പിന്‍പറ്റി നിരവധി മഹത്തുക്കള്‍ കേരളത്തെ ഗ്രസിച്ച സനാതന ധര്‍മത്തിന്റെ വേരുകളെ പിഴുതെറിയാനും പുഴുക്കുത്തുകളെ ഇല്ലാതാക്കാനും യത്‌നിച്ചു.
പുതിയ കാലത്ത് സനാതന ധര്‍മ്മത്തിന്റെ പഞ്ചാരപ്പാട്ടുമായി വരുന്ന ‘മനുവാദി’കളായ ‘മധുവാദി’കള്‍ ചരിത്രം പഠിക്കുന്നത് നന്നായിരിക്കും. മുന്നിലൊരു മൈക്കും കേട്ടിരിക്കാന്‍ കുറെ ചാണകത്തലയരേയും കിട്ടിയതു കൊണ്ടൊന്നും അധര്‍മ്മം ധര്‍മ്മമായി മാറില്ല എന്ന് ഹിന്ദുത്വക്കാര്‍ ധരിക്കുന്നത് നന്നായിരിക്കും.
Content highlights: Sanatana Dharma and Avarna life; Manoj Manayil, Former Program Head of Janam TVreplied to N.R. Madhu,Head of Kesari weekly