മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംവൃത സുനില്‍. ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ച നടിയായി സിനിമയിലേക്കെത്തിയ താരം ചുരുക്കം സിനിമകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടംനേടി. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സംവൃത സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തു.
താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2007ല്‍ പുറത്തിറങ്ങിയ ചോക്ലേറ്റ്. പൃഥ്വിരാജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവൃത സുനില്‍. തന്റെ കരിയറിലെ ആദ്യത്തെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എക്‌സ്പീരിയന്‍സായിരുന്നു ചോക്ലേറ്റെന്ന് താരം പറഞ്ഞു.
തിയേറ്ററില്‍ ആദ്യത്തെ ഷോ ഉത്സവം പോലെയായിരുന്നെന്നും ആ അനുഭവം മറക്കാനാകാത്തതാണെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമ അവസാനിച്ച ശേഷം തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കുറച്ചുനേരം കുടുങ്ങിപ്പോയെന്നും സംവൃത പറയുന്നു. 100 ദിവസത്തിനുമുകളില്‍ ആ ചിത്രം ഓടിയെന്നും മറക്കാനാകാത്ത സിനിമയാണ് ചോക്ലേറ്റെന്നും താരം പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ചോക്ലേറ്റ് എന്ന സിനിമയുടെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മറക്കാനാകാത്തതാണ്. എന്റെ ലൈഫിലെ ആദ്യത്തെ FDFS ആയിരുന്നു ആ സിനിമ. അതിന് മുമ്പ് ഞാന്‍ അഭിനയിച്ച പടങ്ങളൊന്നും തിയേറ്ററില്‍ നിന്ന് കാണാന്‍ സാധിച്ചിരുന്നില്ല. മറ്റ് സിനിമകളുടെ തിരക്കില്‍ പെട്ട് ഒന്നും കണ്ടിരുന്നില്ല. പക്ഷേ, ചോക്ലേറ്റ് ആദ്യത്തെ ദിവസം തന്നെ പോയി കണ്ടിരുന്നു.
ആ ഷോ തുടങ്ങി അവസാനിക്കുന്നത് വരെ തിയേറ്ററില്‍ ആഘോഷമായിരുന്നു. പടം കഴിഞ്ഞിട്ടും ഞങ്ങള്‍ക്ക് പുറത്തേക്ക് പോകാനായില്ലായിരുന്നു. അങ്ങനെ കുറച്ച് നേരം തിയേറ്ററില്‍ തന്നെ ഇരിക്കേണ്ടി വന്നു. എറണാകുളത്ത് നിന്നായിരുന്നു അന്ന് പടം കണ്ടത്. കേരളത്തില്‍ പല തിയേറ്ററിലും ആ സിനിമ 100 ദിവസത്തിനടുത്ത് ഓടിയിരുന്നു. മറക്കാനാകാത്ത സിനിമയാണ് ചോക്ലേറ്റ്,‘ സംവൃത സുനില്‍ പറഞ്ഞു.
സച്ചി- സേതു എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജിന് പുറമെ വന്‍ താരനിര അണിനിരന്നു. റോമയായിരുന്നു ചിത്രത്തിലെ നായിക. ജയസൂര്യ, സലിം കുമാര്‍, രമ്യ നമ്പീശന്‍, രാജന്‍ പി. ദേവ്, ലാലു അലക്‌സ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. അലക്‌സ് പോള്‍ ഈണമിട്ട ഗാനങ്ങളും ഹിറ്റായി മാറി.
Content Highlight: Samvrutha Sunil shares the theatre experience of Chocolate movie