| Thursday, 26th June 2025, 10:09 am

ഹാപ്പി ഹസ്ബന്‍ഡ്‌സിന്റെ ഷൂട്ട് മലേഷ്യയില്‍ നടക്കുമ്പോള്‍ ഓരോ സ്ഥലത്തെയും നല്ല ഭക്ഷണം ആ നടന്‍ സജസ്റ്റ് ചെയ്യും, നല്ല ഫുഡിയാണ് അദ്ദേഹം: സംവൃത സുനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ച നടിമാരില്‍ ഒരാളാണ് സംവൃത സുനില്‍. രസികന്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച സംവൃത വളരെ പെട്ടെന്ന് മലയാളികളുടെ മനം കവര്‍ന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം തന്റെ സാന്നിധ്യമറിയിച്ചു. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും വീണ്ടും ടെലിവിഷന്‍ ഷോയിലൂടെ സജീവമായിരിക്കുകയാണ്.

കൂടെ വര്‍ക്ക് ചെയ്ത നടന്മാരില്‍ ഏറ്റവും ഭക്ഷണപ്രിയനായിട്ടുള്ളയാളെക്കുറിച്ച് സംസാരിക്കുകയാണ് സംവൃത സുനില്‍. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഫുഡിയായിട്ടുള്ള നടന്‍ മണിയന്‍പിള്ള രാജുവാണെന്ന് സംവൃത സുനില്‍ പറഞ്ഞു. അദ്ദേഹം തനിക്ക് പലപ്പോഴും നല്ല ഫുഡ് സ്‌പോട്ടുകള്‍ നിര്‍ദേശിക്കുമായിരുന്നെന്നും ചിലപ്പോഴൊക്കെ ഭക്ഷണം കൊണ്ടുതരുമായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഹാപ്പി ഹസ്ബന്‍ഡ്‌സ് എന്ന സിനിമയുടെ ഷൂട്ട് മലേഷ്യയിലായിരുന്നെന്നും ആ സമയത്ത് ഓരോയിടത്ത് ചെല്ലുമ്പോഴും അവിടുത്തെ നല്ല ഹോട്ടലുകള്‍ അദ്ദേഹം പരിചയപ്പെടുത്താറുണ്ടെന്നും താരം പറയുന്നു. സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരുമായെല്ലാം നല്ല സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ടെന്നും സംവൃത സുനില്‍ പറഞ്ഞു. ധന്യ മേനോനുമായി സംസാരിക്കുകയായിരുന്നു താരം.

‘കൂടെ വര്‍ക്ക് ചെയ്ത നടന്മാരില്‍ ഏറ്റവും ഫുഡിയായിട്ടുള്ള നടന്‍ മണിയന്‍പിള്ള രാജു ചേട്ടനാണ്. ഹാപ്പി ഹസ്ബന്‍ഡ്‌സ് എന്ന പടത്തിന്റെ ഷൂട്ട് മലേഷ്യയിലായിരുന്നു. അവിടെ ഓരോ സ്ഥലത്തും ഷൂട്ടിന് പോകുമ്പോള്‍ അവിടത്തെ പ്രധാന ഫുഡ് സ്‌പോട്ടെല്ലാം രാജു ചേട്ടന്‍ പങ്കുവെക്കുമായിരുന്നു. ഏത് ഹോട്ടലില്‍ നിന്നാണ് നല്ല ഭക്ഷണം കിട്ടുകയെന്ന് അദ്ദേഹത്തിന് അറിയാം.

പലപ്പോഴും എനിക്കൊക്കെ ഭക്ഷണം വാങ്ങിത്തരും, നല്ല ഭക്ഷണപ്രിയനാണ്. ഞാനും അത്യാവശ്യം നന്നായി ഫുഡ് കഴിക്കും. ബിരിയാണിയൊക്കെ കഴിക്കാന്‍ ഇഷ്ടമുള്ളയാളാണ്. മധുരമുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കും. അതുകൊണ്ടാണ് ഇപ്പോഴും തടി വെക്കാതെയിരിക്കുന്നത്. കുക്ക് ചെയ്യാനും എനിക്കിഷ്ടമാണ്.

പിന്നെ ഇപ്പോഴും സിനിമയിലെ ഫ്രണ്ട്‌സുമായി കണക്ടഡാണ്. രാജു, ഇന്ദ്രന്‍, ജയന്‍ എല്ലാവരുമായും കോണ്‍ടാക്ടുണ്ട്. നാട്ടിലില്ലാത്ത സമയത്താണെങ്കില്‍ ഫോണിലൂടെ കോണ്‍ടാക്ട് ചെയ്യും. നാട്ടിലെത്തിയാല്‍ സമയം കിട്ടുന്നതിനനുസരിച്ച് ഓരോരുത്തരുടെയും അടുത്ത് പോകാറുണ്ട്,’ സംവൃത സുനില്‍ പറയുന്നു.

Content Highlight: Samvrutha Sunil saying Maniyanpilla Raju is very foodie

We use cookies to give you the best possible experience. Learn more