| Friday, 27th June 2025, 4:26 pm

രസികനിലെ പാട്ടിന് മുമ്പ് എന്നെ ഫേമസാക്കിയത് ആ ഒരു ഗാനം, എനിക്ക് അതൊരു ഐഡന്റിറ്റി തന്നു: സംവൃത സുനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ച നടിയായി സിനിമയിലേക്കെത്തിയ താരം വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടംനേടി. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സംവൃത സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാമില്‍ ഈയിടെ സംവൃത അഭിനയിച്ച രസികന്‍ എന്ന ചിത്രത്തിലെ ഗാനം വൈറലായിരുന്നു. ‘ഹര ഹര ശങ്കര’ എന്ന പാട്ടിനിടക്ക് വരുന്ന റൊമന്റിക് പോര്‍ഷന്‍ റീലുകളില്‍ പല തരത്തില്‍ നിറഞ്ഞിരുന്നു. റിലീസ് ചെയ്ത് ഇത്രയും കാലത്തിന് ശേഷം ആ പാട്ട് ഇങ്ങനെ വൈറലാകുമെന്ന് താന്‍ കരുതിയില്ലെന്ന് പറയുകയാണ് സംവൃത സുനില്‍.

സിനിമയിലില്ലെങ്കിലും തന്നെക്കുറിച്ച് ആളുകള്‍ ഓര്‍ക്കാന്‍ ആ പാട്ട് കാരണമായെന്നും സംവൃത പറഞ്ഞു. തന്റെ കരിയറില്‍ അതുപോലെ പ്രധാനപ്പെട്ട പാട്ടുകളിലൊന്നാണ് ‘പച്ചപ്പനം തത്തേ’യെന്നും അന്നത്തെ പ്രേക്ഷകരില്‍ തന്റെ മുഖം രജിസ്റ്ററാകാന്‍ ആ പാട്ട് കാരണമായെന്നും നടി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സംവൃത സുനില്‍.

‘ഹര ഹര ഹര ശങ്കര ഈയടുത്ത് കേറിയങ്ങ് വൈറലാവുകയായിരുന്നു. ഫുള്‍ പാട്ടല്ല, ‘ഒന്നാം കുന്നേലോടിയെത്തി’ എന്ന് തുടങ്ങുന്ന എന്റെ പോര്‍ഷനാണ് വൈറലായത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ പാട്ട് എല്ലാവരും ഏറ്റെടുത്തത്. കാരണം, 20 കൊല്ലം മുമ്പ് റിലീസായ പടത്തിലെ പാട്ടാണ്. ഇപ്പോഴാണ് ആളുകള്‍ അത് ഹിറ്റാക്കിയത്. ഇപ്പോള്‍ സിനിമ ചെയ്യുന്നില്ലെങ്കിലും എന്റെ മുഖം ആള്‍ക്കാര്‍ വീണ്ടും ഓര്‍ക്കാന്‍ അത് കാരണമായി.

അതുപോലെ എന്റെ കരിയറിലെ പ്രധാനപ്പെട്ട പാട്ടുകളിലൊന്നായി ഞാന്‍ കണക്കാക്കുന്നത് നോട്ടത്തിലെ ‘പച്ചപ്പനം തത്തേ’യാണ്. ആ സമയത്ത് ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് അധികം കാലമായില്ലായിരുന്നു. ആ കാലത്ത് വലിയ ഹിറ്റായിരുന്നു. അന്നത്തെ പ്രേക്ഷകര്‍ക്കിടയില്‍ എന്റെ മുഖം രജിസ്റ്ററായത് ആ പാട്ടിലൂടെയാണ്. എനിക്ക് ഒരു ഐഡന്റിറ്റി തന്ന പാട്ടാണ് അത്,’ സംവൃത പറഞ്ഞു.

ശശി പറവൂര്‍ സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നോട്ടം. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, അരുണ്‍ ചെറുകാവില്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. ചിത്രത്തിലെ പാട്ടുകള്‍ പാടിയതിന് പി. ജയചന്ദ്രനും കെ.എസ്. ചിത്രക്കും സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

Content Highlight: Samvrutha Sunil about the Instagram trending song of her

We use cookies to give you the best possible experience. Learn more