| Wednesday, 25th June 2025, 9:36 pm

പതിനേഴാമത്തെ വയസില്‍ സിനിമയിലേക്ക് വന്നയാളാണ് ഞാന്‍, പതിനെട്ടാം പിറന്നാള്‍ ആ സെറ്റില്‍ വെച്ചാണ് ആഘോഷിച്ചത്: സംവൃത സുനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ച നടിമാരില്‍ ഒരാളാണ് സംവൃത സുനില്‍. രസികന്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച സംവൃത വളരെ പെട്ടെന്ന് മലയാളികളുടെ മനം കവര്‍ന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം തന്റെ സാന്നിധ്യമറിയിച്ചു. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും വീണ്ടും ടെലിവിഷന്‍ ഷോയിലൂടെ സജീവമായിരിക്കുകയാണ്.

ബ്രേക്ക് എടുത്തതിന് മുമ്പും ശേഷവും സിനിമാജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവൃത. വളരെ ചെറിയ പ്രായത്തില്‍ സിനിമയിലേക്ക് വന്നയാളാണ് താനെന്ന് സംവൃത പറഞ്ഞു. രസികന്‍ എന്ന ചിത്രം ചെയ്യുന്ന സമയത്ത് തനിക്ക് വെറും 17 വയസ് മാത്രമായിരുന്നു പ്രായമെന്നും ആ സെറ്റില്‍ വെച്ചാണ് തന്റെ പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു.

വീടിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് വലിയൊരു പബ്ലിക് പ്ലെയ്‌സിലെത്തിയെങ്കിലും ഒരു പ്രൊട്ടക്ടീവ് ലോകമായിരുന്നു പല സെറ്റിലും ലഭിച്ചതെന്നും താരം പറയുന്നു. തിരിച്ചുവരവിന്റെ സമയത്ത് ഒരു അമ്മ എന്ന നിലയില്‍ തന്നെ എല്ലാവരും കെയര്‍ ചെയ്‌തെന്നും സംവൃത പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം പറഞ്ഞത്.

‘സിനിമയില്‍ നിന്ന് എനിക്ക് കെയര്‍ നല്ലവണ്ണം ലഭിച്ചിട്ടുണ്ട്. അത് കരിയറിന്റെ തുടക്കത്തിലായാലും ബ്രേക്കെടുത്ത് തിരിച്ചുവരവിന്റെ സമയത്തായാലും കിട്ടിയിട്ടുണ്ട്. വളരെ ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയ ആളാണ് ഞാന്‍. ചെറിയ പ്രായമെന്ന് പറഞ്ഞാല്‍ രസികനിലേക്ക് വന്നപ്പോള്‍ 17 വയസ് മാത്രമായിരുന്നു എനിക്ക്. എന്റെ 18ാമത്തെ ബര്‍ത്ത്‌ഡേ ആഘോഷിച്ചത് ആ സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു.

വീടിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് സിനിമ പോലൊരു വലിയ പബ്ലിക് പ്ലെയ്‌സിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ അവിടെയും എന്റെ ചുറ്റിലും ഒരു പ്രൊട്ടക്ടീവ് വേള്‍ഡ് ഉണ്ടായിരുന്നു. ബ്രേക്ക് എടുത്തിട്ട് തിരിച്ചുവന്നപ്പോള്‍ ഞാന്‍ മാറിയിരുന്നു. കൊച്ചുകുട്ടി എന്ന നിലയില്‍ നിന്ന് ഒരു അമ്മയായി ഞാന്‍ മാറിയിരുന്നു. അപ്പോള്‍ അതിന് അനുസരിച്ച് എനിക്ക് കെയര്‍ കിട്ടിയിരുന്നു.

ഒരുപാട് സിനിമകള്‍ അടുപ്പിച്ച് ചെയ്ത് ഒരു ബ്രേക്ക് വേണം എന്ന് ചിന്തിച്ച സമയത്തായിരുന്നു കല്യാണം നടന്നത്. അതിന് ശേഷം അമേരിക്കയിലേക്ക് പോകേണ്ടി വന്നു. പിന്നീട് തിരിച്ചുവരണം എന്ന് ചിന്തിച്ചപ്പോള്‍ കിട്ടിയ സിനിമയായിരുന്നു സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ. ആ സിനിമക്ക് ശേഷം ഒരുപാട് സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ട്. നല്ലത് കിട്ടിയാല്‍ ചെയ്യണം,’ സംവൃത സുനില്‍ പറയുന്നു.

Content Highlight: Samvrutha Sunil about her films and comeback

Latest Stories

We use cookies to give you the best possible experience. Learn more