| Thursday, 26th June 2025, 2:01 pm

നായികയായി മാത്രമേ അഭിനയിക്കുകയുള്ളൂ എന്ന് വാശിപിടിച്ചിരുന്നെങ്കില്‍ ആ സിനിമകളൊന്നും എനിക്ക് കിട്ടില്ലായിരുന്നു: സംവൃത സുനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ച നടിയായി സിനിമയിലേക്കെത്തിയ താരം വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടംനേടി. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സംവൃത സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

കരിയറിന്റെ തുടക്കത്തില്‍ സംവൃത ഭാഗമായ ചിത്രങ്ങളാണ് ചന്ദ്രോത്സവവും നേരറിയാന്‍ സി.ബി.ഐയും. ചെറിയ വേഷങ്ങളാണെങ്കിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു അവ. നായികയായി അരങ്ങേറിയ ശേഷം അത്തരം കഥാപാത്രങ്ങള്‍ ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവൃത സുനില്‍. രസികന്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും ആ ചിത്രം വേണ്ടത്ര വിജയമായില്ലെന്ന് താരം പറഞ്ഞു.

അതിന് ശേഷം താന്‍ ഭാഗമായത് ചന്ദ്രോത്സവത്തിലാണെന്നും രഞ്ജിത് തന്നെ നേരിട്ട് വിളിക്കുകയായിരുന്നെന്നും നടി പറയുന്നു. നന്ദനത്തിന്റെ ഓഡിഷനില്‍ സെലക്ഷന്‍ കിട്ടാത്തതിനാല്‍ രഞ്ജിത് അദ്ദേഹത്തിന്റെ അടുത്ത സിനിമയില്‍ തനിക്ക് അവസരം തന്നതാണെന്നും സംവൃത കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ കഥാപാത്രത്തോടൊപ്പം കുറച്ച് രംഗങ്ങള്‍ എന്നതായിരുന്നു ചന്ദ്രോത്സവത്തിലേക്ക് തന്നെ ആകര്‍ഷിച്ച കാര്യങ്ങളെന്നും താരം പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സംവൃത സുനില്‍.

‘രസികന് ശേഷം ചെയ്ത സിനിമകളായിരുന്നു ചന്ദ്രോത്സവവും നേരറിയാന്‍ സി.ബി.ഐയും. നായികാവേഷമല്ല, ചെറിയ റോളുകളായിരുന്നു. പക്ഷേ, ആ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. രസികനില്‍ നായികയായാണ് എത്തിയതെങ്കിലും ആ പടം വലിയ വിജയമായില്ല. അതിന് ശേഷമാണ് ചന്ദ്രോത്സവത്തിലേക്ക് രഞ്ജിത് സാര്‍ എന്നെ വിളിച്ചത്. നന്ദനത്തിലേക്ക് എന്നെ അദ്ദേഹം പരിഗണിച്ചിരുന്നു. പക്ഷേ, എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല.

ഭാവിയില്‍ വേറെ ഏതെങ്കിലും സിനിമയിലേക്ക് വിളിക്കാമെന്ന് അദ്ദേഹം അന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ചന്ദ്രോത്സവത്തിലേക്ക് അവസരം കിട്ടിയത്. ലാലേട്ടന്റെ കൂടെയുള്ള കഥാപാത്രമാണത്. പ്രേക്ഷകരുടെ റെപ്രസെന്റേറ്റീവായി എന്റെയും ജയകൃഷ്ണന്റെയും ക്യാരക്ടേഴ്‌സിനെ കണക്കാക്കി. ചന്ദ്രോത്സവത്തിലൂടെയാണ് തിരക്കഥയില്‍ അവസരം ലഭിച്ചത്.

നേരറിയാന്‍ സി.ബി.ഐയിലും ചെറിയൊരു വേഷമായിരുന്നു. പക്ഷേ, അതും വലിയൊരു ഇംപാക്ടുണ്ടാക്കി. അതിന് ശേഷമാണ് കൂടുതല്‍ സിനിമകള്‍ ലഭിച്ചത്. നായികയായിട്ടാണ് ആദ്യത്തെ സിനിമയില്‍ അഭിനയിച്ചത്, ഇനിയങ്ങോട്ട് നായികവേഷം മാത്രമേ ചെയ്യൂ എന്ന് പറഞ്ഞ് ഇരുന്നെങ്കില്‍ ഈ സിനിമകളൊന്നും കിട്ടില്ലായിരുന്നു,’ സംവൃത സുനില്‍ പറഞ്ഞു.

Content Highlight: Samvrutha Sunil about choosing small roles after Rasikan movie

We use cookies to give you the best possible experience. Learn more