ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അച്ഛനുറങ്ങാത്ത വീട്. ചിത്രത്തില്‍ സലീം കുമാര്‍, സംവൃത സുനില്‍, പൃഥ്വിരാജ്, മുരളി, മധു വാര്യര്‍, ഹരിശ്രീ അശോകന്‍, രാജന്‍ പി. ദേവ്, മുക്ത ജോര്‍ജ്ജ്, സുജ കാര്‍ത്തിക തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു. സിനിമയില്‍ ഷെര്‍ലി എന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിച്ചിരുന്നത്.
സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ സംവൃത. ആ കഥാപാത്രമായി അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് സംവൃത പറയുന്നു. സിനിമയില്‍ തങ്ങള്‍ ആരു മേക്കപ്പ് ഉപയോഗിച്ചിട്ടില്ലെന്നും ഷൂട്ടിന് പോകുമ്പോള്‍ എല്ലാവരുടെയും ഉള്ളില്‍ ഒരു വേദന ഉണ്ടായിരുന്നുവെന്നും നടി പറയുന്നു. സലിം കുമാര്‍ ആ കഥാപാത്രമായി സിനിമയില്‍ ജീവിക്കുകയായിരുന്നുവെന്നും സംവൃത പറഞ്ഞു.
മുക്ത ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ വളരെ ചെറുപ്പമായിരുന്നുവെന്നും എന്നാല്‍ അവര്‍ ആ കഥാപാത്രത്തെ മനോഹരമായി കൈകാര്യം ചെയ്തുവെന്നും സംവൃത പറഞ്ഞു. ഈ സിനിമയില്‍ ഒരു അച്ഛനും മൂന്ന് മക്കളുമുള്ള വീടെന്ന തോന്നലായിരുന്നു തനിക്കെപ്പോഴുമെന്നും രാവിലെ മുതല്‍ ഗ്ലിസറിന്‍ ഇടുക കരയുക ഇത് തന്നെ ആവര്‍ത്തിച്ച് ചെയ്യുകയായിരുന്നുവെന്നും നടി പറയുന്നു. സിനിമയില്‍ സലീം കുമാര്‍ തന്നെ അടിക്കുന്ന സീനൊക്കെ ശരിക്കും അടിക്കുക തന്നെയായികരുന്നുവെന്നും സംവൃത കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ആ കഥാപാത്രമായി അഭിനയിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആ സിനിമയില്‍ നമ്മള്‍ക്ക് ആര്‍ക്കും മേക്കപ്പ് ഒന്നും ഇല്ല. എല്ലാ ദിവസവും അവിടെ ഷൂട്ടിന് പോകുമ്പോള്‍ ഒരു പെയിന്‍ ആണ് അവിടെ എല്ലാവര്‍ക്കും. സലീമേട്ടനൊക്കെ അതില്‍ ജീവിക്കുകയായിരുന്നു. രാവിലെ അവിടെ ചെല്ലുമ്പോള്‍ തന്നെ ആ കഥാപാത്രമായിട്ടേ അദ്ദേഹത്തെ കണ്ടിട്ടുള്ളു. മുക്തയൊക്കെ ആ സിനിമ ചെയ്യുമ്പോള്‍ വളരെ ചെറുപ്പമാണ്. പക്ഷേ ആ പ്രായത്തിന്റെ ഒരു പ്രശ്‌നമൊന്നും ഇല്ല. വളരെ മെച്ചോര്‍ഡായിട്ടാണ് ആ ക്യാരക്ടര്‍ കൈകാര്യം ചെയ്തത്.
നമ്മള്‍ക്ക് ആ വീട് ഒരു അച്ഛനും മൂന്ന് പെണ്‍മക്കളും ഉള്ള ഒരു വീടുപോലെതന്നെയാണ് ഫീല്‍ ചെയ്തിട്ടുള്ളത്. കാരണം രാവിലെ എഴുന്നേറ്റ് ഞങ്ങള്‍ സെറ്റില്‍ പോയി ഗ്ലിസറിനിടുക കരയുക. ഇത് തന്നെയാണ് ചെയ്‌തോണ്ടിരുന്നത്. ആ സിനിമയിലെ ചെറിയ സീനുകളില്‍ മാത്രമെ ഒരു പ്ലെസന്റ് ആയിട്ടുള്ള മൊമന്റുള്ളു. അത് വളരെ ഹാര്‍ഡായിരുന്നു. അതുപോലെ ഇമോഷണലി ഭയങ്കര ഡ്രെയിനിങ് ആയിരുന്നു. ഈ സിനിമയില്‍ സലീമേട്ടന്‍ എന്നെ അടിക്കുന്ന സീനിലൊക്കെ ശരിക്കും എനിക്ക് അടി കിട്ടിയിട്ടുണ്ട്. കാരണം അത്രയും ഇമോഷനില്‍ അത് ചെയ്യുമ്പോള്‍ വെറുതെ അടിക്കുന്ന പോലെ നമ്മള്‍ക്ക് കാണിക്കാന്‍ പറ്റില്ല,’ സംവൃത സുനില്‍ പറയുന്നു.
Content Highlight: Samvritha Sunil talks about Achanurangatha Veedu movie