| Monday, 28th April 2025, 4:43 pm

ആ തമിഴ് ചിത്രം ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമയാകുമെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും: സമുദ്രക്കനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരിലൊരാളാണ് സമുദ്രക്കനി. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥാരചന, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളിലും സമുദ്രക്കനി തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. തമിഴിന് പുറമെ മലയാളം, തെലുങ്ക് ഭാഷകളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ സമുദ്രക്കനിക്ക് സാധിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഒപ്പത്തിലെ വില്ലന്‍ വേഷം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒന്നാണ്.

സുഹൃത്തും തമിഴിലെ മികച്ച നടനും സംവിധായകനുമായ ശശികുമാര്‍ പ്രധാനവേഷത്തിലെത്തുന്ന ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സമുദ്രക്കനി. ചിത്രം താന്‍ കണ്ടുവെന്നും അതിമനോഹരമായ ഒന്നാണ് ആ സിനിമയെന്നും സമുദ്രക്കനി പറഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമയാകും ടൂറിസ്റ്റ് ഫാമിലിയെന്നും അത്രക്ക് മികച്ച കണ്ടന്റുള്ള സിനിമയാണ് അതെന്നും സമുദ്രക്കനി കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കെത്തിയ ഒരു കുടുംബത്തെ തനിക്ക് നേരിട്ടറിയാമെന്നും സമുദ്രക്കനി പറഞ്ഞു. 15 വര്‍ഷത്തിലധികമായി അഭയാര്‍ത്ഥികളായാണ് അവര്‍ ഇന്ത്യയില്‍ താമസിക്കുന്നതെന്നും നല്ലരൊരു ജീവിതം അവര്‍ക്ക് ലഭിച്ചിട്ടില്ലെന്നും സമുദ്രക്കനി കൂട്ടിച്ചേര്‍ത്തു. ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രം അവരെപ്പോലുള്ളവരുടെ ജീവിതം വരച്ചുകാണിക്കുന്ന ഒന്നാകുമെന്നും സമുദ്രക്കനി പറഞ്ഞു. ടൂറിസ്റ്റ് ഫാമിലിയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു സമുദ്രക്കനി.

‘ടൂറിസ്റ്റ് ഫാമിലി എന്ന സിനിമ ഞാന്‍ കണ്ടു. എന്റെ സുഹൃത്തായ ശശികുമാറിന്റെ സിനിമയെന്ന നിലയിലാണ് ആ ചിത്രം ഞാന്‍ കണ്ടത്. സത്യം പറഞ്ഞാല്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമയെന്ന് ഞാന്‍ അതിനെ പറയും. അത്രമാത്രം ശക്തമായ കഥയാണ് ഈ സിനിമ പറയുന്നത്. കണ്ടന്റാണ് ഈ സിനിമയുടെ ഏറ്റവും വലിയ ഘടകം.

ശ്രീലങ്കയില്‍ നിന്ന് വന്ന് ഇവിടെ അഭയാര്‍ത്ഥിയായി ജീവിക്കുന്ന ഒരാളെ ഈയടുത്ത് ഞാന്‍ കണ്ടിരുന്നു. സ്വന്തം രാജ്യമെന്ന് ഈ നാടിനെ പറയാന്‍ സാധിക്കാതെ നല്ലൊരു ജീവിതം ലഭിക്കാതെ ഇവിടെ കഴിയേണ്ടി വരുന്ന ഒരുപാട് ആളുകളുടെ കഥയാണ് ഈ സിനിമ പറയുന്നത്. ഇതിന മുകളില്‍ നില്‍ക്കുന്ന മറ്റൊന്ന് ഇനി വരില്ല,’ സമുദ്രക്കനി പറഞ്ഞു.

സിമ്രനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ആവേശത്തിലൂടെ ശ്രദ്ധേയനായ മിഥുനും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യോഗി ബാബു, ശ്രീജ രവി, ഭഗവതി പെരുമാള്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും.

Content Highlight: Samuthirakkani saying Tourist Family movie will be best film of this century

We use cookies to give you the best possible experience. Learn more