പട്ന: പുതുതായി സത്യപ്രതിജ്ഞ ചെയ്ത ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ലാലു പ്രസാദ് യാദവിന്റെ പാഠശാലയിൽ നിന്നുള്ള ഉൽപ്പന്നമാണെന്ന് ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്.
ജനങ്ങളല്ല സാമ്രാട്ട് ചൗധരിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിന്റെ കാലാവധി ബി.ജെ.പി അവസാനിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘സാമ്രാട്ട് ചൗധരി ലാലു പ്രസാദ് യാദവിന്റെ പാഠശാലയിൽ നിന്നുള്ള ഉൽപ്പന്നമാണ്. ബീഹാർ രാഷ്ട്രീയം ലാലു പ്രസാദ് യാദവിനെ കേന്ദ്രീകരിച്ച് തന്നെ തുടരും,’ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഇത് ബീഹാറിലെ ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയല്ല. പൊതുജനം ഇങ്ങനെയൊരു ജനവിധി നൽകിയിട്ടില്ല, ബി.ജെ.പി നിതീഷ് ജിയെ ഇല്ലാതാക്കി,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ (ചൊവ്വാഴ്ച) ബി.ജെ.പി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ചൗധരി, ഇന്ന് (ബുധനാഴ്ച) ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബീഹാറിൽ ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ ചൗധരി ബീഹാർ സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റു.
‘എന്നിൽ വിശ്വാസമർപ്പിച്ച ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് നന്ദി, മുഖ്യമന്ത്രി സ്ഥാനം എനിക്ക് കേവലമായ ഒരു പദവിയല്ല മറിച്ച് ബിഹാറിലെ ജനങ്ങളെ സേവിക്കാനുള്ള പവിത്രമായ അവസരമാണ്,’ സാമ്രാട്ട് ചൗധരി എക്‌സിൽ കുറിച്ചു.