സൗത്ത് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് സമ്പത്ത് രാജ്. പ്രീതി പ്രേമ പ്രണയ എന്ന കന്നഡ ചിത്രത്തിലൂടെയാണ് സമ്പത്ത് രാജ് സിനിമാലോകത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 100ലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് താരം ശ്രദ്ധ നേടി. കരിയറില്‍ കൂടുതലും വില്ലന്‍ വേഷങ്ങളാണ് സമ്പത്ത് ചെയ്തത്.
വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോവ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സമ്പത്ത് രാജ്. താന്‍ ഗോവയില്‍ പോയപ്പോഴുള്ള അനുഭവത്തില്‍ നിന്നാണ് വെങ്കട് ആ സിനിമയുടെ കഥ ഉണ്ടാക്കിയതെന്ന് താരം പറഞ്ഞു. ആ സിനിമയില്‍ താന്‍ ഗേ കഥാപാത്രമായാണ് വേഷമിട്ടതെന്നും ഒരു നടനെന്ന നിലയില്‍ തനിക്ക് അത് ചാലഞ്ചിങ്ങായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആ സിനിമ റിലീസായ ശേഷം തന്റെ മകള്‍ക്ക് സ്‌കൂളില്‍ നിന്ന് കളിയാക്കലുകള്‍ നേരിടേണ്ടി വന്നിരുന്നെന്നും സമ്പത്ത് പറയുന്നു. ആ സമയത്ത് മകള്‍ നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നെന്നും അവളോട് ആ സിനിമയെക്കുറിച്ച് സംസാരിക്കണമായിരുന്നെന്ന് പിന്നീടാണ് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു സമ്പത്ത് രാജ്.
‘സരോജക്ക് ശേഷം വെങ്കട് പ്രഭുവും ഞാനും ചെയ്ത സിനിമയാണ് ഗോവ. സത്യം പറഞ്ഞാല്‍ എന്റെ ചെറുപ്പകാലത്ത് ഞാന്‍ ഗോവയില്‍ പോയപ്പോള്‍ നടന്ന സംഭവങ്ങള്‍ വെങ്കടിനോട് പറഞ്ഞിരുന്നു. അവന്‍ അതെടുത്ത് സിനിമക്കുള്ള കഥയാക്കി. എന്നോട് കഥ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. ആ സിനിമയില്‍ എന്റേത് ഗേ ക്യാരക്ടറായിരുന്നു.
എന്നാല്‍ ആ സിനിമ ചെയ്തതിന് ശേഷം എന്റെ മകള്‍ക്ക് സ്‌കൂളില്‍ നിന്ന് ഒരുപാട് കളിയാക്കലുകള്‍ നേരിടേണ്ടി വന്നു. അവള്‍ ആ സമയത്ത് നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു. എന്താണ് നടക്കുന്നതെന്ന് ഒരു ഐഡിയയും ആ സമയത്ത് അവള്‍ക്ക് ഇല്ലായിരുന്നു. ബോര്‍ഡിങ് സ്‌കൂളിലെ എല്ലാവരും അവളെ കളിയാക്കി. അതില്‍ നല്ല വിഷമമുണ്ടായിരുന്നു.
അവളോടും കൂടി ചോദിച്ചിട്ട് വേണമായിരുന്നു ആ ക്യാരക്ടര്‍ ചെയ്യാന്‍. ഇന്ന് ഓരോ കാര്യവും മനസിലാക്കാനുള്ള വിവരം അവള്‍ക്കുണ്ട്. അന്ന് ഞാന്‍ ആറ് മാസത്തോളം അവളുടെ കൂടെ നിന്നാണ് ഓക്കെയാക്കിയത്. സിനിമ ചെയ്യുന്നതിന് മുമ്പ് അവരോട് ‘ഇങ്ങനെയൊരു ക്യാരക്ടര്‍ വന്നിട്ടുണ്ട്, ചെയ്യാമല്ലോ’ എന്ന് ചോദിക്കാതിരുന്നത് എന്റെ തെറ്റാണ്,’ സമ്പത്ത് രാജ് പറയുന്നു.
Content Highlight: Sampath Raj about his character in Goa movie