| Saturday, 10th May 2025, 8:03 am

എല്ലാ നായികമാര്‍ക്കും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ള സംവിധായകന്‍; അദ്ദേഹത്തോടൊപ്പമാണ് ഞാന്‍ ഓഡീഷന്‍ ചെയ്തത്: സാമന്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടിയാണ് സാമന്ത. തമിഴില്‍ ചെറിയ വേഷമായിരുന്നെങ്കിലും അതേ സിനിമയുടെ തെലുങ്ക് റീമേക്കില്‍ സാമന്തയായിരുന്നു നായിക. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുപിടി മികച്ച സിനിമകളില്‍ താരം അഭിനയിച്ചു.

ഗൗതം വാസുദേവ് മേനോനെ കുറിച്ചും തന്റെ ആദ്യ ഓഡീഷനെ കുറിച്ചും സംസാരിക്കുകയാണ് സാമന്ത. സിനിമയില്‍ അഭിനയിക്കണം എന്ന് തനിക്ക് ആഗ്രഹമില്ലായിരുന്നുവെന്നും എന്നാല്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണ് യു മായാ ചേസവേ എന്ന ചിത്രത്തിന്റെ ഓഡീഷന്‍ പോയതെന്നും സാമന്ത പറയുന്നു.

ഓഡീഷന്‍ എടുത്തത് ചിത്രത്തിന്റെ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ആയിരുന്നുവെന്നും എല്ലാ നായികമാര്‍ക്കും അദ്ദേഹത്തോടൊപ്പം ഒരു സിനിമയെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടാകുമെന്നും നടി കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമന്ത റൂത്ത് പ്രഭു.

‘എന്റെ ആദ്യത്തെ ഓഡീഷന്‍ ഗൗതം വാസുദേവ് മേനോന്റെ കൂടെ ആയിരുന്നു. അതും യു മായാ ചേസവേ എന്ന ചിത്രത്തിന് വേണ്ടി. അതായിരുന്നു എന്റെ ആദ്യത്തെ സിനിമ. എനിക്ക് അഭിനയിക്കണം എന്ന് ആഗ്രഹമില്ലായിരുന്നു. എനിക്ക് പഠിക്കാനായിരുന്നു താത്പര്യം. എനിക്ക് കൂടുതല്‍ പഠിക്കാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ പോക്കറ്റ് മണിക്ക് വേണ്ടി മോഡലിങ് ചെയ്യാന്‍ തുടങ്ങി.

ആ സമയത്തായിരുന്നു യു മായാ ചേസവേ എന്ന ചിത്രത്തിന്റെ ഓഡീഷന്‍ നടക്കുന്നത്. അതിന്റെ അണിയറപ്രവര്‍ത്തകര്‍ സ്‌പെഷ്യല്‍ ലുക്കൊക്കെ ഉള്ള ഒരു ക്രിസ്ത്യന്‍ മലയാളി ലുക്കുള്ള പെണ്‍കുട്ടിയെ നോക്കുകയായിരുന്നു. എന്റെ ഒരു സുഹൃത്തിന്റെ മാനേജരെ വിളിച്ചിട്ടാണ് എനിക്ക് ആ സിനിമയിലേക്ക് സെക്ഷന്‍ കിട്ടിയെന്ന് പറയുന്നത്.

എല്ലാ നായികമാരുടെയും അഭിനയിക്കാന്‍ ആഗ്രഹമുള്ള സംവിധായകരുടെ ലിസ്റ്റെടുത്താല്‍ അതില്‍ ഒന്നാം സ്ഥാനത്തുണ്ടാകുന്നത് ഗൗതം മേനോന്‍ ആയിരിക്കും. ആദ്യത്തെ രണ്ടുദിവസം ഞാന്‍ ഓഡീഷന് വേണ്ടി പോയില്ല. എനിക്ക് കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നു. അപ്പോള്‍ എന്റെ സുഹൃത്താണ് പറഞ്ഞത് ഒന്ന് പോയിനോക്കൂ എന്ന്. അങ്ങനെയാണ് ഞാന്‍ പോകുന്നത്.

ഏതെങ്കിലും അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരിക്കും ഓഡീഷന്‍ നടത്തുക എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവിടെ പോയപ്പോള്‍ ഗൗതം മേനോന്‍ തന്നെയാണ് ഓരോരുത്തര്‍ക്കും ഓഡീഷന്‍ എടുക്കുന്നത്. മാത്രമല്ല ഞാന്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ച് കാണിക്കണമായിരുന്നു. അദ്ദേഹം കാര്‍ത്തിക്കിന്റെ റോള്‍ ചെയ്യാന്‍ ചെയ്യും, ഞാന്‍ കൂടെ അഭിനയിക്കും. അതും തെലുങ്കില്‍. ആ സമയത്ത് എനിക്ക് തെലുങ്കില്‍ ഒരു വാക്കുപോലും അറിയില്ലായിരുന്നു. ആദ്യത്തെ ഓഡീഷന്‍ ഇന്നലെ കഴിഞ്ഞതുപോലെ എനിക്ക് ഓര്‍മയുണ്ട്,’ സാമന്ത റൂത്ത് പ്രഭു പറയുന്നു.

Content Highlight: Samantha Talks About Gautham Vasudev Manon

We use cookies to give you the best possible experience. Learn more