| Thursday, 8th May 2025, 6:32 pm

ഇന്ന് ഞാന്‍ ഇവിടെ ഇരിക്കുന്നതിന് കാരണം ആ സംവിധായകന്‍ കാണിച്ച ധൈര്യമാണ്: സാമന്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടിയാണ് സാമന്ത. തമിഴില്‍ ചെറിയ വേഷമായിരുന്നെങ്കിലും അതേ സിനിമയുടെ തെലുങ്ക് റീമേക്കില്‍ സാമന്തയായിരുന്നു നായിക. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുപിടി മികച്ച സിനിമകളില്‍ താരം അഭിനയിച്ചു.

കരിയറിന്റെ പുതിയ ഘട്ടത്തില്‍ സിനിമാനിര്‍മാണരംഗത്തും തന്റെ സാന്നിധ്യമറിയിക്കുകയാണ് സാമന്ത. ത്രലാല മൂവിങ് പിക്‌ചേഴ്‌സ് എന്ന പേരിലാണ് സ്വന്തം നിര്‍മാണക്കമ്പനി സാമന്ത ആരംഭിച്ചത്. പുതുമുഖം പ്രവീണ്‍ കണ്‍ട്രേഗുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും പുതുമുഖങ്ങളാണ്. എന്തുകൊണ്ട് ആദ്യസിനിമയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സാമന്ത.

ഈ സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ പുതുമുഖങ്ങളാണെങ്കിലും ഒരുപാട് കഴിവുള്ളവരാണെന്ന് സാമന്ത പറഞ്ഞു. സിനിമയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിവുള്ളവരാണ് അവരെന്നും ആ കാരണം കൊണ്ടാണ് ഈ സിനിമ നിര്‍മിച്ചതെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു. താന്‍ സിനിമയിലേക്ക് വന്നതും ഇങ്ങനെയാണെന്നും സാമന്ത പറയുന്നു.

ഗൗതം വാസുദേവ് മേനോന്‍ കാണിച്ച ധൈര്യമാണ് താന്‍ ഇവിടെയിരിക്കാന്‍ കാരണമെന്നും സാമന്ത പറഞ്ഞു. യേ മായാ ചേസാവേ, വിണ്ണൈത്താണ്ടി വരുവായ എന്നീ സിനിമകളില്‍ തന്നെ വിശ്വസിച്ച് അവസരം തരാന്‍ ഗൗതം വാസുദേവ് മേനോന്‍ കാണിച്ച ധൈര്യത്തോട് തനിക്ക് എല്ലാ കാലത്തും നന്ദിയുണ്ടെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു. തെലുഗു വണ്‍ സിനിമയോട് സംസാരിക്കുകയായിരുന്നു സാമന്ത.

‘ആദ്യമായിട്ട് ഒരു സിനിമ നിര്‍മിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ അത് പുതുമുഖങ്ങളെ വെച്ച് ചെയ്യുന്നത് എന്തിനാണെന്ന് പലരും ചോദിച്ചു. പക്ഷേ, ഇവര്‍ വെറും പുതുമുഖങ്ങളല്ല. ഒരുപാട് കഴിവുകളുള്ളവരാണ്. ഇവരുടെ കഴിവ് എത്രയുണ്ടെന്ന് സിനിമാ ഇന്‍ഡസ്ട്രി കാണാന്‍ പോകുന്നതേയുള്ളൂ. ഒരുപാട് മാറ്റങ്ങള്‍ ഇവര്‍ കൊണ്ടുവരും.

പിന്നെ, ഞാന്‍ ഇന്ന് ഇവിടെ ഇങ്ങനെ ഇരിക്കുന്നുണ്ടെങ്കില്‍ അത് ഗൗതം വാസുദേവ് മേനോന്‍ കാണിച്ച ധൈര്യമാണ്. കാരണം, യേ മായാ ചേസാവേ ചെയ്യുന്നതിന് മുമ്പ് എനിക്ക് യാതൊരു ഐഡന്റിറ്റിയില്ലായിരുന്നു. എന്നെ വിശ്വസിച്ചാണ് അദ്ദേഹം ആ സിനിമയില്‍ എന്നെ നായികയാക്കിയത്. അന്ന് ഗൗതം സാര്‍ കാണിച്ച ധൈര്യം ഇന്ന് ഞാനും കാണിക്കുന്നു എന്നേയുള്ളൂ,’ സാമന്ത പറയുന്നു.

Content Highlight: Samantha saying Gautham Vasudev Menon is the reason for her cinema career

Latest Stories

We use cookies to give you the best possible experience. Learn more