| Saturday, 14th June 2025, 8:20 am

രണ്ട് വര്‍ഷമായി എന്റെ ഒരു സിനിമയിറങ്ങിയിട്ട്; അവര്‍ എന്നെയൊരു പരാജയമായാണ് കാണുന്നത്: സാമന്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടിയാണ് സാമന്ത. തമിഴില്‍ ചെറിയ വേഷമായിരുന്നെങ്കിലും അതേ സിനിമയുടെ തെലുങ്ക് റീമേക്കില്‍ സാമന്തയായിരുന്നു നായിക. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുപിടി മികച്ച സിനിമകളില്‍ താരം അഭിനയിച്ചു. ഇന്ന് ഒരേ സമയം ബോളിവുഡിലും സൗത്ത് ഇന്ത്യയിലും ഒരേപോലെ ആരാധകരുള്ള താരമാണ് സാമന്ത.

എന്നാല്‍ ഖുശി എന്ന ചിത്രത്തിന് ശേഷം സമാന്തയുടേതായി ഒരു സിനിമപോലും തിയേറ്ററില്‍ എത്തിയിരുന്നില്ല. ഇതേകുറിച്ച് സംസാരിക്കുകയാണ് സാമന്ത. ഇന്ന് വിജയത്തെ താന്‍ നിര്‍വചിക്കുന്നത് സ്വാതന്ത്ര്യം എന്നാണെന്ന് സാമന്ത പറയുന്നു. രണ്ട് വര്‍ഷത്തെ ഇടവേള എടുക്കാനുള്ള സ്വാതന്ത്ര്യവും ഒരു പെട്ടിയില്‍ തന്നെ കുടുങ്ങിക്കിടക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമെല്ലാം ഇന്ന് തനിക്കുണ്ടെന്ന് സാമന്ത പറഞ്ഞു.

താന്‍ ആദ്യം എങ്ങനെയായിരുന്നോ അങ്ങനെയല്ല ഇപ്പോള്‍ ജനങ്ങള്‍ തന്നെ കാണുന്നതെന്നും ഇന്ന് തന്നെ അവരൊരു പരാജയമായാണ് കാണുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുന്നെത്തേക്കാളും താന്‍ ഇപ്പോള്‍ വിജയിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമന്ത.

‘ഇന്ന് വിജയത്തിന്റെ എന്റെ നിര്‍വചനം സ്വാതന്ത്ര്യമാണ്. രണ്ട് വര്‍ഷത്തെ ഇടവേള എടുക്കാനുള്ള സ്വാതന്ത്ര്യം ഇന്നെനിക്കുണ്ട്. രണ്ട് വര്‍ഷമായി എന്റെ ഒരു സിനിമ പോലും തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ല. വളരാനുള്ള സ്വാതന്ത്ര്യം, പരിണമിക്കാനുള്ള സ്വാതന്ത്ര്യം, ഒരു പെട്ടിയില്‍ തന്നെ കുടുങ്ങിക്കിടക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമെല്ലാം എനിക്കിന്നുണ്ട്.

മുമ്പ് ഞാന്‍ എങ്ങനെയായിരുന്നോ അതുപോലെയല്ല ഇപ്പോള്‍ ആളുകള്‍ എന്നെ കാണുന്നത്. ഞാന്‍ ഒരു പരാജയമായിപ്പോയി എന്നാണ് പലരും എന്നെ കരുതുന്നത്. പക്ഷേ എന്റെ മനസില്‍ ഞാന്‍ ഇപ്പോള്‍ എക്കാലത്തേക്കാളും വിജയിച്ചിരിക്കുന്നുവെന്നാണ് തോന്നുന്നത്. എല്ലാ ദിവസവും ഉണരുമ്പോള്‍ എനിക്ക് സന്തോഷവും ആവേശവും തോന്നും. എന്നെ ശരിക്കും അട്രാക്ട് ചെയ്യുന്നതും എന്റെ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതുമായ നിരവധി കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടാണ് അതങ്ങനെ,’ സാമന്ത പറയുന്നു.

Content Highlight: Samantha Ruth Prabhu opens up on two-year break from films

We use cookies to give you the best possible experience. Learn more