| Monday, 3rd February 2025, 11:42 am

പെപ്പെ കോളേജ് സ്റ്റുഡന്റായി അഭിനയിക്കുമ്പോഴാണ് എട്ട് വയസുകാരന്റെ അച്ഛനാകാന്‍ പറ്റുമോയെന്ന് ചോദിക്കുന്നത്: ഗോവിന്ദ് വിഷ്ണു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആന്റണി വര്‍ഗീസ് പെപ്പെ നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദാവീദ്. ദീപു രാജീവനും ഗോവിന്ദ് വിഷ്ണുവും ചേര്‍ന്ന് തിരക്കഥയെഴുതിയ ഈ സിനിമ ഗോവിന്ദ് വിഷ്ണുവാണ് സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍ ഴോണറില്‍ എത്തുന്ന ദാവീദില്‍ ആഷിഖ് അബു എന്ന കഥാപാത്രമായാണ് പെപ്പെ എത്തുന്നത്. സിനിമക്കായി വലിയ രീതിയില്‍ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ആയിരുന്നു നടന്‍ നടത്തിയത്.

ഇപ്പോള്‍ ദാവീദ് സിനിമയെ കുറിച്ചും ആന്റണി വര്‍ഗീസ് പെപ്പെയെ കുറിച്ചും പറയുകയാണ് സംവിധായകനായ ഗോവിന്ദ് വിഷ്ണു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ബോക്‌സിങ് സിനിമ ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യ ചിന്ത. ഒരു ഐഡിയ വന്നയുടനെ തന്നെ ഞങ്ങള്‍ അത് തിരക്കഥയാക്കി. സത്യത്തില്‍ ആ സമയത്ത് ഏത് നടനെ കൊണ്ടുവരണമെന്ന് മനസില്‍ ഉണ്ടായിരുന്നില്ല. അതിന് ശേഷം ഞാന്‍ മലൈകോട്ടൈ വാലിബന്റെ പ്രൊഡ്യൂസേഴ്‌സിനോടാണ് കഥ പറയുന്നത്.

അവര്‍ക്ക് കഥ ഒരുപാട് ഇഷ്ടമായിരുന്നു. സെഞ്ച്വറി കൊച്ചുമോന്‍ സാറും വാലിബന്റെ പ്രൊഡ്യൂസേഴ്‌സും ഒറ്റ സ്വരത്തില്‍ ഇതിന് പറ്റിയ ആള്‍ ആന്റണി പെപ്പെ ആണെന്ന് പറഞ്ഞു. അവരുടെ സജഷനായിരുന്നു പെപ്പെ. അദ്ദേഹം വന്നാല്‍ ഈ സിനിമ നടക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

അങ്ങനെ പെപ്പെയെ ചേസ് ചെയ്ത് പിടിച്ചു. ഞങ്ങള്‍ അദ്ദേഹത്തോട് കഥ പറഞ്ഞു. അത് കേട്ടയുടനെ തന്നെ അദ്ദേഹം ഓക്കെ പറയുകയും ചെയ്തു. ആ സമയത്ത് പെപ്പെക്ക് വേറെ രണ്ട് കമ്മിറ്റ്‌മെന്റ്‌സ് കൂടെ ഉണ്ടായിരുന്നു. അതില്‍ ഒന്ന് വലിയ ഹിറ്റായി. അതായിരുന്നു ആര്‍.ഡി.എക്‌സ്.

പ്രൊഡക്ഷന്റെ ഭാഗത്ത് നിന്ന് വന്ന സജഷനായിരുന്നു പെപ്പെ. എന്നാല്‍ പിന്നീട് സിനിമ കണ്ടപ്പോള്‍ പെപ്പെയെ പിടിച്ചു നിര്‍ത്തി തയ്പ്പിച്ച ഉടുപ്പ് പോലെയാണ് ആ തിരക്കഥ ഇരിക്കുന്നത്. അദ്ദേഹമല്ലാതെ മറ്റൊരാള്‍ അതിലേക്ക് വരാനില്ല.

ഈ സിനിമയില്‍ ആക്ഷനുമുണ്ട് ഇമോഷണല്‍ പാര്‍ട്ടുമുണ്ട്. എനിക്ക് പെപ്പെയോട് കഥ പറയാന്‍ പോകുമ്പോള്‍ പേടിയുണ്ടായിരുന്നു. കാരണം പെപ്പെ ഒരു കോളേജ് സ്റ്റുഡന്റായിട്ട് അഭിനയിക്കുമ്പോഴാണ് ഞാന്‍ ചെന്നിട്ട് എട്ട് വയസുള്ള കുട്ടിയുടെ അച്ഛനായിട്ട് അഭിനയിക്കാന്‍ പറ്റുമോയെന്ന് ചോദിക്കുന്നത്.

മടി കാണിക്കാതെ പെപ്പെ അതിന് ഓക്കെ പറഞ്ഞു. ഈ സിനിമയിലേക്ക് എക്‌സൈറ്റ് ചെയ്യിപ്പിച്ച കാര്യം എന്താണെന്ന് ഞാന്‍ പെപ്പെയോട് ചോദിച്ചപ്പോള്‍ ആക്ഷന്റെ ഉപരിയായി സിനിമയിലുള്ള ഫാമിലി ഇമോഷന്‍സായിരുന്നു എന്നാണ് മറുപടി നല്‍കിയത്,’ ഗോവിന്ദ് വിഷ്ണു പറഞ്ഞു.

Content Highlight: Salu K Thomas Talks About Antony Varghese Pepe And Daveed Movie

We use cookies to give you the best possible experience. Learn more