Kashmir Turmoil
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ മോദി നിരത്തിയ ന്യായീകരണങ്ങള്‍ പൊളിച്ച് കശ്മീരിയുടെ മറുപടിക്കത്ത്
പ്രിയപ്പെട്ട പ്രധാനമന്ത്രി മോദിജി,
താങ്കള്‍ ആയുരാരോഗ്യത്തോടെ കഴിയുന്നുവെന്ന് വിശ്വസിക്കുന്നു. മേയ് മാസത്തില്‍ താങ്കള്‍ക്ക് ലഭിച്ച നിര്‍ണായകമായ അനുവാദത്തിന് ശേഷം (തെരഞ്ഞെടുപ്പ് ഫലം) നിങ്ങളുടെ (ബി.ജെ.പി) ആഗ്രഹങ്ങളെല്ലാം വളരെ പെട്ടെന്ന് നേടിയെടുക്കുകയാണല്ലോ
താങ്കളുടെ നേതൃത്വത്തിന് കീഴിലാണ് പാര്‍ലമെന്റില്‍ ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ എടുത്തുമാറ്റിയത്. വ്യക്തിപരമായി ഞാന്‍ ഇതിനെ എതിര്‍ക്കുകയാണ്. മാത്രമല്ല ഭരണഘടന ക്രൂരമായി തകര്‍ക്കപ്പെട്ടുവെന്നും വിശ്വസിക്കുന്നു. എന്നിരുന്നാലും ഇത് ഹിന്ദുത്വശക്തികളുടെ ദീര്‍ഘനാളായുള്ള പോരാട്ടത്തിന്റെ ഫലമാണ് എന്നതിനാല്‍ താങ്കളും താങ്കളെ പിന്തുണയ്ക്കുന്നവരും സന്തോഷിക്കുകയാണെന്നും എനിക്കുറപ്പുണ്ട്.
കാര്യമെന്തായാലും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ആഗസ്റ്റ് 8 ന് താങ്കള്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനായി ഞാന്‍ കാത്തിരുന്നിരുന്നു. എന്തെന്നാല്‍ ഈ തീരുമാനത്തിന് പിന്നിലെ ചേതോവികാരമെന്തെന്ന് എനിക്കറിയണമായിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആഗസ്റ്റ് 8 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
ഒരുപക്ഷെ താങ്കള്‍ അത്ഭുതപ്പെടുന്നുണ്ടാകാം എന്തുകൊണ്ടാണ് ഞാന്‍ ഈ കത്ത് അന്ന് എഴുതാതിരുന്നതെന്നോര്‍ത്ത്. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ആ സമയത്ത് കശ്മീരിലായിരുന്നു. പുറംലോകവുമായി ആശയവിനിമയത്തിന് യാതൊരു മാര്‍ഗവുമില്ലാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയില്‍, പ്രധാനമന്ത്രിയ്‌ക്കെന്നല്ല ആര്‍ക്കും കത്തയക്കാന്‍ എനിക്ക് നിര്‍വാഹമില്ലായിരുന്നു (ആയിരക്കണക്കിന് പേര്‍ ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെയാണ്).
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇനി കാര്യത്തിലേക്ക് വരാം, പതിവ് വാചാടോപത്തില്‍, അണികളെ പ്രീതിപ്പെടുത്തുന്ന താങ്കളുടെ പ്രസംഗത്തില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടുള്ള നിരവധി വാദങ്ങള്‍ കേട്ടിരുന്നു. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീര്‍ മൂന്ന് കാരണങ്ങളാല്‍ അസ്വസ്ഥമാകുന്നുവെന്നാണ് താങ്കള്‍ ഉന്നയിച്ചത്. വികസനം, തീവ്രവാദം, അഴിമതി.
മറ്റ് കാരണങ്ങളായി പറഞ്ഞത് എസ്.സി പോലുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ശക്തമായ നിയമസംരക്ഷണം നല്‍കാനാവുന്നില്ലെന്നതുമായിരുന്നു. ഇനി നമുക്ക് ഈ കാര്യങ്ങളിലെ വസ്തുതയും കെട്ടുകഥയും ഒന്ന് പരിശോധിക്കാം.
ആര്‍ട്ടിക്കിള്‍ 370 വികസനത്തിന് തടസം നിന്നുവോ?
സംസ്ഥാനം വികസനത്തില്‍ പിറകിലാണെന്ന് സ്ഥാപിച്ചെടുക്കണം എന്നതിലുപരിയായി കശ്മീരിലെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടതാണെന്നും ഇനിയും മെച്ചപ്പെടണം എന്നുള്ളതുമൊന്നും ആരുടേയും വിഷയമല്ല.
മിസ്റ്റര്‍ പ്രധാനമന്ത്രി, പല വികസനസൂചികകളിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജമ്മു കശ്മീരാണ് മുന്നിലെന്ന വസ്തുത ഒരു പക്ഷെ താങ്കളെ അത്ഭുതപ്പെടുത്തിയേക്കാം. ജമ്മു കശ്മീരിലെ ദാരിദ്ര പ്രതിശീര്‍ഷനിരക്ക് 8.1 ശതമാനം മാത്രമാണെന്ന് താങ്കള്‍ക്കറിയുമോ?
ഇത് കാരണം മറ്റ് കേന്ദ്രഭരണപ്രദേശങ്ങളില്‍ മികച്ച അഞ്ച് സ്ഥാനങ്ങളിലൊന്നിലാണ് ഞങ്ങളുടെ സംസ്ഥാനം(ക്ഷമിക്കണം മുന്‍ സംസ്ഥാനം). ദേശീയ ശരാശരി 21.9 ശതമാനമാണ് എന്നതിനോട് ഇത് താരതമ്യം ചെയ്യണം.

മാനവ വികസന സൂചികയുടെ കണക്ക് പ്രകാരം ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസം, പ്രതിശീര്‍ഷവരുമാനം എന്നത് 2017 ല്‍ കശ്മീരിലേത് 0.679 ആണ്. ദേശീയ ശരാശരിയായ 0.639 നേക്കാള്‍ കൂടുതലല്ലേ ഇത്? ഗുജറാത്തിലെ 0.655 മായും വേണമെങ്കില്‍ ഇത് താരതമ്യം ചെയ്യാം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് സാമ്പത്തിക കുടിയേറ്റക്കാരെ ജമ്മു കശ്മീര്‍ സ്വീകരിച്ചതിനെക്കുറിച്ച് നിങ്ങള്‍ക്കറിയുമോ? ഞങ്ങള്‍ അവരേയും അവരുടെ സംഭാവനയും സ്വീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിലും കൂടുതല്‍ അവസരങ്ങളുണ്ടായിരുന്നെങ്കില്‍ അവര്‍ ജമ്മു കശ്മീരിലേക്ക് വരുമായിരുന്നില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മികച്ചതും മെച്ചപ്പെടുന്നതുമായ മാനവ വിഭവശേഷിയാലും കുറഞ്ഞ ദാരിദ്രത്താലും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്നിലാണ് ജമ്മു കശ്മീര്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കശ്മീരില്‍ വികസനം ഭേദപ്പെട്ടതിനും മോശപ്പെട്ടതിനും കാരണം ആര്‍ട്ടിക്കിള്‍ 370 ആണ് എന്നതിന് വല്ല തെളിവുമുള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ല.
അതൊരു ന്യായീകരണമായി താങ്കള്‍ ഉന്നയിച്ചതാണെന്ന് മാത്രമെ ഞാന്‍ കരുതുന്നുള്ളൂ.
ആര്‍ട്ടിക്കിള്‍ 370 കാരണം തീവ്രവാദം വര്‍ധിച്ചോ?
വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതിലും അവ്യക്തമായ ന്യായീകരണമാണിത്. 1950 ല്‍ നടന്ന ഒരു ചര്‍ച്ചയുടെ ഫലമായാണ് ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വരുന്നത്. അന്നുമുതല്‍ 1980 വരെ ജമ്മു കശ്മീരില്‍ തീവ്രവാദം അത്ര ഗൗരവതരമായ വിഷയമായി ഉയര്‍ന്നിട്ടേ ഇല്ല.
ഇതുവരെയും അവസാനിക്കാത്ത സംഘര്‍ഷം കാരണം 1988 മുതല്‍ 44000 പേരാണ് ഇവിടെ കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് ഔദ്യോഗികരേഖകള്‍ പറയുന്നത്. പക്ഷെ സര്‍, ആര്‍ട്ടിക്കിള്‍ 370 കാരണമാണ് കശ്മീരില്‍ തീവ്രവാദമുണ്ടായതെങ്കില്‍ 1950 മുതല്‍ 1980 വരെ ഇവിടെ തീവ്രവാദമില്ലാതിരുന്നതെന്തുകൊണ്ടാണ്?
വിഘടനവാദികളും സൈന്യവും ആര്‍ട്ടിക്കിള്‍ 370 ഓ ഭരണഘടനയേയോ ശ്രദ്ധിക്കുന്നില്ല. ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ച് ബോധവാന്‍മാരായ ഞങ്ങള്‍ തീവ്രവാദികളുമല്ല. എന്നിട്ടും താങ്കളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ഭരണകൂടത്തിന്റെ ശത്രുക്കളാണ് എന്ന മട്ടില്‍ ഞങ്ങളെ തടവിലാക്കിയിരിക്കുകയാണ്.

തീവ്രവാദ ആക്രമണങ്ങളില്‍ 2001 ല്‍ 4507 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നുവെന്നും എന്നാല്‍ അടല്‍ ബിഹാരി വാജ്‌പേയുടെയും മന്‍മോഹന്‍സിംഗിന്റേയും ശ്രമഫലമായി 2014 അത് 193 ആയി കുറഞ്ഞുവെന്നുമുള്ള വസ്തുത മറ്റുള്ളവര്‍ക്കറിയില്ലെങ്കിലും താങ്കള്‍ക്കറിയാമെന്ന് എനിക്കുറപ്പുണ്ട്.
അക്രമസംഭവങ്ങള്‍ കുറഞ്ഞ അക്കാലത്തും ആര്‍ട്ടിക്കിള്‍ 370 പ്രചാരത്തിലുണ്ടായിരുന്നു.
താങ്കള്‍ അധികാരമേറ്റെടുത്തതിന് ശേഷമാണ് ഏറ്റവും കൂടുതല്‍ അക്രമമുണ്ടായതെന്നും കശ്മീരില്‍ 2008 ന് ശേഷം ഏറ്റവും കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടത് 2018 ലായിരുന്നുവെന്നതും മറ്റൊരു വസ്തുയാണ്. അതിനര്‍ത്ഥം കശ്മീരില്‍ അക്രമങ്ങള്‍ കൂടാന്‍ നിങ്ങളുടെ സര്‍ക്കാരാണ് കാരണം എന്നാണോ?
അങ്ങനെയെങ്കില്‍ നിങ്ങളുടെ സര്‍ക്കാരിനെ പിരിച്ചവിടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടണോ? ആര്‍ട്ടിക്കിള്‍ 370 അല്ല യഥാര്‍ത്ഥ പ്രതിയെങ്കില്‍ അത് സാധ്യമാണോ?
ആര്‍ട്ടിക്കിള്‍ 370 അഴിമതിയിലേക്ക് നയിച്ചോ?
ഒരു ബി.ജെ.പി നേതാവെന്ന നിലയില്‍ വളരെ വ്യത്യസ്തമായ ഒരു ആരോപണമാണിത്. ആര്‍ട്ടിക്കിള്‍ 370 അവരുടെ നേട്ടത്തിനായി ഉപയോഗിക്കുന്ന ചില അഴിമതി കുടുംബങ്ങളെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുന്നു. ഒരുപക്ഷെ നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് അബ്ദുള്ള, മുഫ്തി കുടുംബങ്ങളേയാകാം.
മിസ്റ്റര്‍ പ്രധാനമന്ത്രി, ബി.ജെ.പി ഇത്തരത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് വാജ്‌പേയ് സര്‍ക്കാര്‍ രാജ്യത്തിന്റെ മുഖമായി, വിദേശകാര്യസഹമന്ത്രിയായി ഒമര്‍ അബ്ദുള്ളയെ നിയമിച്ചത്.?
വാജ്‌പേയിയുടെ തീരുമാനം അബദ്ധമാണെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ മുഫ്തി മുഹമ്മദ് സയ്യീദുമായും മെഹ്ബൂബ മുഫ്തിയുമായും സഖ്യം രൂപീകരിച്ചത്,? ആര്‍ട്ടിക്കിള്‍ 370 ദുരുപയോഗം ചെയ്തുവെന്ന കരുതപ്പെടുന്ന ഈ അഴിമതി കുടുംബവുമായി സഖ്യം ചേരേണ്ട ആവശ്യകത എന്തായിരുന്നു?

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയും ഒമര്‍ അബ്ദുള്ളയും
ദയവായി എന്നെ തെറ്റിദ്ധരിക്കരുത്. ജമ്മു കശ്മീരില്‍ അഴിമതി ഉണ്ട് എന്ന് ഞാന്‍ സമ്മതിക്കുന്നു.
പക്ഷെ അത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുള്ളതിന് സമാനമാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ എനിക്ക് വളരെ അടുത്ത് കാണാനാകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായുള്ള പണം ചെലവാക്കുന്നതിനെക്കുറിച്ച് പരിശോധിച്ചാല്‍ കശ്മീരില്‍ ചെറിയ അളവില്‍ മാത്രമെ ഇത് ഉള്ളൂവെന്ന് താങ്കള്‍ക്ക് മനസിലാകും.
മിസ്റ്റര്‍ പ്രധാനമന്ത്രി, അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ പണം 2019 ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ (കൂടുതലും ബി.ജെ.പി) ഉപയോഗിച്ചതിനെക്കുറിച്ച് താങ്കള്‍ക്ക് വിശദീകരിക്കാനാകുമോ?
രണ്ട് മാസം കൊണ്ട് 3600 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് ആരാണ് വാങ്ങിയതെന്നതിനെക്കുറിച്ച് താങ്കള്‍ക്കും അമിത് ഷായ്ക്കും ഈ രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കാനാകുമോ?
ഇത്രയും പണം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആരാണ് നല്‍കിയത്? എന്തുകൊണ്ട്?

നരേന്ദ്രമോദിയും മെഹ്ബൂബ മുഫ്തിയും
നിങ്ങള്‍ക്കതിന്റെ ഉത്തരമറിയില്ലെങ്കില്‍ എനിക്കുമറിയില്ല ആരാണെന്ന്. എന്തായാലും കൂടുതല്‍ പണം വന്നത് ബി.ജെ.പിയ്ക്കാണ്. കശ്മീരിലെ അഴിമതിയ്ക്ക് ആര്‍ട്ടിക്കിള്‍ 370 മായി ബന്ധിപ്പിക്കുന്നതിന് പകരം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ അഴിമതി പടരുന്നതിന് ഇന്ധനമാകുന്ന ആര്‍ട്ടിക്കിള്‍ ഏതാണെന്ന് നോക്കൂ.
അവസാനമായി ഒരു കാര്യം കൂടി പറയട്ടെ. കശ്മീരില്‍ ഞങ്ങളെല്ലാവരും വളരെ സമാധാനത്തോടെ ജീവിക്കാനാണ് ശ്രമിക്കുന്നത്. അത് പലപ്പോഴും കഴിയാറില്ല, എന്നുവെച്ച് ഞങ്ങള്‍ പുറംതള്ളപ്പെടേണ്ടവരല്ല.
2016 ലെ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം എസ്.സി വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം 0.1 ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് 20.6 ഉം ഗുജറാത്തില്‍ 32.5 ഉം ആണ്.
സര്‍, നിങ്ങള്‍ ഗുജറാത്തിലെ ചില പ്രശ്‌നങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം ഒരുപക്ഷെ അവിടത്തെ സാമൂഹികപ്രശ്‌നങ്ങളെ മറയ്ക്കുന്നുണ്ടാകാം. ഇത് വളരെ സൗഹാര്‍ദ്ദപരമായ നിര്‍ദ്ദേശമായി കണ്ടാല്‍ മതി.

ഭരണഘടനയെ അപകടപ്പെടുത്തുന്നതും കശ്മീരികളെ വേദനിപ്പിക്കുന്നതുമായ താങ്കളുടെ പ്രസ്താവന യാഥാര്‍ത്ഥ്യം മനസിലാക്കിയുള്ളതല്ലെന്ന് വ്യക്തമായെന്ന് പ്രതീക്ഷിക്കുന്നു. നോട്ടുനിരോധന സമയത്തെ ന്യായീകരണമാണ് ഇത് കേട്ടപ്പോള്‍ എനിക്ക് പെട്ടെന്ന് ഓര്‍മ്മ വന്നത്.
എന്തൊരു ദുരന്തപൂര്‍ണ്ണമായ നടപടിയായിരുന്നു അതെന്ന് ഞങ്ങള്‍ക്കറിയാം. അതിന്റെ അനന്തരഫലങ്ങള്‍ ഞങ്ങള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ ഏകാധിപത്യ നടപടിയുടെ പ്രത്യാഘാതങ്ങള്‍ ഇനിയും തുടരും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നിങ്ങളുടെ തീരുമാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വികസനം എത്തിക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ പ്രസംഗം ഇന്ത്യയിലെ സ്വദേശികളെ സിവിലൈസ് ചെയ്യാന്‍ ആഗ്രഹിച്ച ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളെ ഓര്‍മ്മപ്പെടുത്തുന്നു.
ഞങ്ങള്‍ക്ക് സ്വയം പരിപാലിക്കാന്‍ കഴിയും, വളരെ നന്ദി. കോപ്പറേറ്റീവ് ഫെഡറിലസത്തിന്റെ ആവേശത്തിലാണ് ഞാനിത് പറയുന്നത്.
സ്‌നേഹാദരങ്ങളോടെ,
സല്‍മാന്‍ അനീസ് സോസ്
ദ വയര്‍ 23/08/2019 ന് പ്രസിദ്ധീകരിച്ച കത്തിന്റെ സ്വതന്ത്രപരിഭാഷ
(വിവര്‍ത്തനം-ജിതിന്‍ ടി.പി)