| Wednesday, 22nd January 2025, 4:18 pm

സുരേഷ് ഗോപിയെയും ദിലീപിനെയും ആരും മൈന്‍ഡ് ചെയ്തില്ല, ആ നാട്ടുകാരുടെ മുന്നില്‍ ഞാന്‍ മാത്രമായിരുന്നു സിനിമാക്കാരന്‍: സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപി, ലാല്‍, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. 2000ത്തില്‍ റിലീസായ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. ചിത്രത്തില്‍ സലിംകുമാറും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് സലിംകുമാര്‍.

ചിത്രത്തിന്റെ ഷൂട്ട് പൊള്ളാച്ചിയിലായിരുന്നെന്നും എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും അവിടെ തന്നെയായിരുന്നു താമസമൊരുക്കിയതെന്നും സലിംകുമാര്‍ പറഞ്ഞു. തനിക്ക് എല്ലാദിവസവും അതിരാവിലെ ചായ കുടിക്കുന്ന ശീലമുണ്ടെന്നും പുലര്‍ച്ചെ ചായക്കട തപ്പി പോകുമായിരുന്നെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാമത്തെ ദിവസം തൊട്ട് ആ നാട്ടുകാര്‍ തന്നെ നോക്കി എന്തൊക്കെയോ പറയുന്നത് കണ്ടെന്നും താന്‍ ഒന്ന് സൂക്ഷിച്ചെന്നും സലിംകുമാര്‍ പറഞ്ഞു.

പിറ്റേന്ന് ചായ കുടിക്കാന്‍ പോയപ്പോള്‍ നാട്ടുകാരിലൊരാള്‍ തന്റെയടുത്ത് വന്നിട്ട് സിനിമാനടനാണോ എന്ന് ചോദിച്ചെന്നും താന്‍ അതേയെന്ന് മറുപടി പറഞ്ഞെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ തമിഴ്‌സിനിമ അവര്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ തനിക്ക് സംശയമായെന്ന് സലിംകുമാര്‍ പറഞ്ഞു. താന്‍ ജീവിതത്തില്‍ അന്നേവരെ തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്നും ഏത് സിനിമയാണെന്ന് അവരോട് ചോദിച്ചെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അവരോട് കൂടുതല്‍ സംസാരിച്ചപ്പോഴാണ് കിന്നാരത്തുമ്പികളുടെ തമിഴ് ഡബ്ബാണെന്ന് മനസിലായതെന്ന് സലിംകുമാര്‍ പറഞ്ഞു. പിന്നീട് പൊള്ളാച്ചിയിലെ ഷൂട്ട് കഴിയുന്നതുവരെ നാട്ടുകാര്‍ തനിക്ക് വി.ഐ.പി പരിഗണന തന്നെന്നും സുരേഷ് ഗോപിയെയും ദിലീപിനെയും ആരും മൈന്‍ഡ് ചെയ്തില്ലെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു സലിംകുമാര്‍.

‘തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ട് പൊള്ളാച്ചിയിലായിരുന്നു. എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും അവിടെത്തന്നെയായിരുന്നു താമസം ഏര്‍പ്പാടാക്കിയത്. എനിക്ക് അതിരാവിലെ ചായ കുടിക്കുന്ന ശീലമുണ്ട്. അതിന് വേണ്ടി പുലര്‍ച്ചെ നടന്ന് അവിടത്തെ ജങ്ഷനിലുള്ള ചായക്കടയില്‍ പോയി ചായ കുടിക്കും. രണ്ടാമത്തെ ദിവസം പോയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ എന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

എനിക്ക് ചെറുതായി പേടി വന്നു. പരിചയമില്ലാത്ത നാടാണല്ലോ. ഞാന്‍ വേഗം ചായ കുടിച്ചിട്ട് പോയി. പിറ്റേദിവസം നാട്ടുകാരില്‍ ഒരാള്‍ എന്റെയടുത്ത് വന്നിട്ട് ‘സിനിമാനടനാണോ’ എന്ന് ചോദിച്ചു. എന്റെ തമിഴ് സിനിമ അവര്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. അന്നേവരെ ഞാന്‍ ഒരു തമിഴ് പടവും ചെയ്തിട്ടില്ല. കൂടുതല്‍ ചോദിച്ചപ്പോഴാണ് അറിഞ്ഞത് കിന്നാരത്തുമ്പികളുടെ തമിഴ് ഡബ്ബ് അവിടെ റിലീസായിട്ടുണ്ടെന്ന്.

അതില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ആ പടത്തിന്റെ ഷൂട്ട് തീരുന്നതുവരെ ആ നാട്ടുകാര്‍ എനിക്ക് വി.ഐ.പി ട്രീറ്റ്‌മെന്റ് തന്നു. ഒന്ന് ആലോചിച്ച് നോക്കണം, സുരേഷ് ഗോപിയും ദിലീപും ഒക്കെയുള്ളപ്പോഴാണ് എന്നെ അവര്‍ അങ്ങനെ ട്രീറ്റ് ചെയ്തത്. കാരണം, അവര്‍ക്ക് പരിചയമുള്ള ഒരേയൊരു സിനിമാക്കാരന്‍ ഞാന്‍ മാത്രമായിരുന്നു,’ സലിംകുമാര്‍ പറഞ്ഞു.

Content Highlight: Salimkumar shares the shooting experience of Thankashippattanam movie

We use cookies to give you the best possible experience. Learn more