| Tuesday, 15th April 2025, 3:34 pm

മൈക്കിൾ ജാക്സൺ മരിച്ചപ്പോൾ ചാനലുകൾ എന്റെ പ്രതികരണമെടുക്കാൻ തിരക്കുകൂട്ടി; ഞങ്ങളുടെ ബന്ധമറിഞ്ഞപ്പോൾ അത്ഭുതമാണ് തോന്നിയത്: സലിം കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മൈക്കിൾ ജാക്സൺ മരിച്ച ദിവസത്തിൽ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടൻ സലിം കുമാർ. മൈക്കിൾ ജാക്‌സൺ മരിച്ച വാർത്ത ലോകം അറിഞ്ഞപ്പോൾ താൻ ഒരു സിനിമയുടെ സെറ്റിലായിരുന്നുവെന്നും ചാനലുകളും മറ്റും തന്നെ വിളിച്ച് പ്രതികരണമെടുക്കാൻ തുടങ്ങിയെന്നും സലിം കുമാർ പറയുന്നു.

എന്തുകൊണ്ടാണ് തന്റെ അടുത്ത് അവർ മൈക്കിൾ ജാക്സനെ കുറിച്ച് ചോദിക്കുന്നതെന്ന് മനസിലായില്ലെന്നും പിന്നീടാണ് ചതിക്കാത്ത ചന്തു എന്ന സിനിമയിൽ താൻ മൈക്കിൾ ജാക്സന്റെ രൂപത്തിൽ വന്നതുകൊണ്ടാണ് വിളിച്ചതെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോൾ ചിരിയേക്കാൾ കൂടുതൽ അത്ഭുതമാണ് തോന്നിയതെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.

‘ചിരി ഉണ്ടാക്കിയ പലസംഭവങ്ങളും ഉണ്ട്. അത് പലതും പലരൂപത്തിൽ സിനിമകളിലേക്ക് കയറ്റിവിടുകയും ചെയ്തിട്ടുണ്ട്. എങ്കിലും പറയാം. മൈക്കിൽ ജാക്‌സൺ മരിച്ചവാർത്ത ലോകം അറിഞ്ഞുകൊണ്ടിരിക്കുന്ന സമയം. തൃശൂരിലെ ഒരു ലൊക്കേഷനിലാണ് ഞാനപ്പോൾ. ചിലർ എന്നെ വിളിച്ച് വാർത്ത അറിയിക്കുന്നു. മൈക്കിൾ ജാക്സനെക്കുറിച്ചുള്ള അറിവുകൾ പ്രകടിപ്പിക്കുന്നു. ഇതെല്ലാം ഇവരെന്തിനാണ് എന്നോട് പറയുന്നതെന്ന് മാനസിലായില്ലെങ്കിലും ഞാൻ ചുമ്മാ നിന്നുകൊടുത്തു.

അൽപ്പം കഴിഞ്ഞപ്പോൾ ഒരു ചാനലിൽ നിന്നൊരു റിപ്പോർട്ടർ വിളിച്ച് അനുശോചനം ലൈവായി വേണമെന്ന് പറയുന്നു.ഞാനും മൈക്കിൾ
ജാക്സ‌നും തമ്മിൽ എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരുപിടിയും കിട്ടിയില്ല. അനുശോചനത്തിനായി വിളികൾ കൂടുതലായെത്തിയപ്പോൾ ഞാനുമായുള്ള മൈക്കിൾ ജാക്സന്റെ ബന്ധം ഞാൻ തിരിച്ചറിഞ്ഞു.

മൈക്കിൾ ജാക്സ‌ന്റെ രൂപത്തിൽ കണ്ട ഏക മലയാളി വ്യക്തി ഞാനാണ്. ചതിക്കാത്ത ചന്തുവിലെ ഡാൻസ്മാസ്റ്ററുടെ കഥാപാത്രം. മൈക്കിൾ ജാക്സനുമായി യഥാർഥ ബന്ധമുള്ളവരിൽ നിന്നൊന്നും കമന്റുകളെടുക്കാൻ കഴിയാത്ത കേരളത്തിലെ മാധ്യമപ്രവർത്തകർ എന്നെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

ചിരിയല്ല അത്ഭുതമായിരുന്നു ആദ്യം തോന്നിയത്. പക്ഷേ ചാനലുകാർ തിരക്കുകൂട്ടി ഞങ്ങൾക്ക് സലിം കുമാറേട്ടന്റെ അനുശോചനം കൂടിയേതീരുവെന്ന് പറഞ്ഞപ്പോൾ അന്ന് ഞാൻ അണപൊട്ടുന്ന ദുഃഖത്തോടെ ചാനലുകളിൽ സംസാരിച്ചു. അടുത്തദിവസം പുറത്തുവന്ന ഇംഗ്ലീഷ് പത്രത്തിൽ എൻ്റെയും പ്രഭുദേവയുടെയും അനുശോചനക്കുറിപ്പുകൾ പ്രാധാന്യത്തോടെ നൽകിയിരുന്നു. ഓർക്കുമ്പോൾ ചിരി ഇന്നും ചിരിനിർത്താൻ കഴിയില്ല,’ സലിം കുമാർ പറയുന്നു.

Content Highlight: Salim kumar Shares An Incident

We use cookies to give you the best possible experience. Learn more