'കറുപ്പ് ധരിച്ചാൽ തീവ്രവാദിയാകുമെങ്കിൽ, വെള്ള ധരിച്ചവർ ശവങ്ങളാണോ?',ആ ഫോട്ടോക്ക് പിന്നിലെ ധീരമായ രാഷ്ട്രീയ നിലപാടിന്റെ കഥ
Malayalam Cinema
'കറുപ്പ് ധരിച്ചാൽ തീവ്രവാദിയാകുമെങ്കിൽ, വെള്ള ധരിച്ചവർ ശവങ്ങളാണോ?',ആ ഫോട്ടോക്ക് പിന്നിലെ ധീരമായ രാഷ്ട്രീയ നിലപാടിന്റെ കഥ
കെ.എസ് ഷാബിന
Monday, 8th June 2026, 2:53 pm

മൂന്നു പതിറ്റാണ്ടുകാലം പകരംവെക്കാനാവാത്ത കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ മായാത്ത ചിരി നൽകിയ മഹാനടനാണ് സലിം കുമാർ. ആ ചിരി മാഞ്ഞുപോയാലും ഒരായുഷ്കാലം മുഴുവൻ ചിരിക്കാനുള്ള കഥാപാത്രങ്ങളെ ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങുന്നത്.

സിനിമകളിൽ നർമം നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം ജീവിതത്തിൽ തന്റെ രാഷ്ട്രീയ നിലപാടുകൾ ശക്തമായി വ്യക്തമാക്കിയിരുന്നു. സാമൂഹിക വിഷയങ്ങളിൽ മതമോ രാഷ്ട്രീയമോ നോക്കാതെ ഉറച്ച നിലപടുകൾ സ്വീകരിക്കാൻ അദ്ദേഹം യാതൊരു മടിയും കാണിച്ചിരുന്നില്ല.

2018 ൽ കേരളത്തിലെ ഒരു കോളേജിൽ നടന്ന വാർഷികാഘോഷത്തെ ഐസിസ് (ISIS), അൽ-ഖ്വൊയ്ദ (Al-Qaeda) തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധപ്പെടുത്തി മലയാളത്തിലെ ഒരു ടെലിവിഷൻ മാധ്യമം വാർത്ത നൽകിയ സംഭവത്തിൽ കടുത്ത നിലപാടാണ് നടൻ സലിം കുമാർ അന്ന് സ്വീകരിച്ചത്. ആ പരിപാടിയിൽ നടൻ സലിം കുമാറായിരുന്നു മുഖ്യ അതിഥിയായി എത്തിയിരുന്നത്.

സലിം കുമാർ.Photo:Facebook

2018 മാർച്ചിൽ തിരുവനന്തപുരം വർക്കലയിലെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിലായിരുന്നു സംഭവം. വിദ്യാർത്ഥികൾ കോളേജ് ഡേ ആഘോഷത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിക്കുകയും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ കൊടികൾ വീശുകയും ചെയ്തിരുന്നു.

എന്നാൽ, വിദ്യാർത്ഥികൾ ഭീകരസംഘടനകളുടെ പതാകകൾ ഏന്തിയെന്നും, അവർ തീവ്രവാദികളെപ്പോലെ വസ്ത്രം ധരിച്ചുവെന്നും കാണിച്ച് ഒരു ടിവി മാധ്യമം ഈ ദൃശ്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു. മാർച്ചിൽ നടന്ന സംഭവത്തെക്കുറിച്ച് ആ വർഷം ഡിസംബറിലാണ് ചാനൽ വാർത്ത നൽകിയത്. ക്യാമ്പസിലെ ചുവരുകളിൽ ഐസിസ് (ISIS) അനുകൂല ഗ്രാഫിറ്റികളും ഒസാമ ബിൻ ലാദന്റെ ചിത്രവും ഉണ്ടെന്നായിരുന്നു ഇവരുടെ വാദം.

എന്നാൽ, പോലീസും കോളേജ് മാനേജ്‌മെന്റും സംഭവത്തിൽ പ്രതികരണം നടത്തുന്നതിന് മുൻപ് തന്നെ അന്നത്തെ മുഖ്യാതിഥിയായിരുന്ന സലിം കുമാർ മാധ്യമങ്ങളെ കണ്ടു സത്യാവസ്ഥ തുറന്നടിച്ചു.

CH Mohammed Koya Memorial College .Varkala.Photo:Altnews

‘ഇത് 10 മാസം മുമ്പ് നടന്നതാണ്. വാർഷികാഘോഷത്തിന് കറുപ്പ് തീം ആണ് പിന്തുടരുന്നതെന്നും അതുകൊണ്ട് എന്നോടും കറുത്ത വസ്ത്രം ധരിച്ചെത്തണമെന്നും അവർ വിളിച്ച് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് കറുപ്പ് എന്ന് ഞാൻ അവരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു; ചുവപ്പോ, നീലയോ, മഞ്ഞയോ മറ്റേതെങ്കിലും നിറമോ തെരഞ്ഞെടുത്താൽ അതിന് പലതരത്തിലുള്ള ഷേഡുകൾ ഉണ്ടാകും, ഒരുപോലെയുണ്ടാകില്ല. എന്നാൽ കറുപ്പിന് ഒരു ഷേഡ് മാത്രമേയുള്ളൂ, അതുകൊണ്ട് എല്ലാവർക്കും ഒരേപോലെ ധരിക്കാം.

ആ മറുപടി എനിക്ക് യുക്തിസഹമായി തോന്നി, ഞാനും കറുപ്പ് ധരിച്ചു. ഞാൻ ഒരു തീവ്രവാദിയല്ല.’ തന്റെ പേരിനൊപ്പം ‘ഖാൻ’ എന്നുള്ളതുകൊണ്ട് മാത്രം താൻ തീവ്രവാദിയല്ലെന്ന് തെളിയിക്കാൻ ശ്രമിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ‘മൈ നെയിം ഈസ് ഖാൻ’ എന്ന സിനിമയെ ഓർമ്മിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

 

സലിം കുമാർ.Photo:Facebook

‘കറുത്ത വസ്ത്രം ധരിക്കുന്നത് തീവ്രവാദിയാണെന്നതിന്റെ ലക്ഷണമാണെങ്കിൽ, വെള്ള വസ്ത്രം ധരിക്കുന്നവരെല്ലാം ശവങ്ങളായിരിക്കണമല്ലോ, കാരണം മൃതദേഹങ്ങൾ വെള്ളത്തുണിയിലാണ് പൊതിയുന്നത് എന്ന് സലിം കുമാർ തുറന്നടിച്ചു. ‘ഈ വിദ്യാർത്ഥികൾ എവിടെനിന്നോ വന്നവരല്ല. അവർ കേരളത്തിൽ ജനിച്ച് വളർന്നവരാണ്. അവർ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ്. ഒരു മുസ്‌ലിം മാനേജ്‌മെന്റ് ആയതുകൊണ്ട് അവർക്ക് ആഘോഷങ്ങളൊന്നും പാടില്ലെന്നാണോ?’ സലിം കുമാർ ചോദിച്ചു.

സംഭവത്തെ തുടർന്ന് കറുത്ത വസ്ത്രം ധരിച്ച തന്റെ ചിത്രവും സലിം കുമാർ അന്നേ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചു. മതമോ രാഷ്ട്രീയമോ നോക്കാതെ സമൂഹത്തിലെ ചേരിതിരിവുകൾക്കും, അനീതിക്കുമെതിരെയുമുള്ള സലിം കുമാർ എന്ന നടന്റെ ധീരമായ നിലപാടാണ് ആ ചിത്രം സംസാരിക്കുന്നത്.

Content Highlight: Salim Kumar protests against the false ISIS allegations on college students

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.