പോയ വര്‍ഷം സലിം കുമാര്‍ എന്ന നടനെ സംബന്ധിച്ച് ഒരു പ്രത്യേക വര്‍ഷമായിരുന്നു. നിരവധി തവണ സലിം കുമാര്‍ മരിച്ചതായ വാര്‍ത്ത വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
എന്നാല്‍ ഇതിനോടൊന്നും സലിംകുമാര്‍ പ്രതികരിച്ചില്ല. ജീവിച്ചിരിക്കെ മരണവാര്‍ത്ത കേള്‍ക്കാനുള്ള ഈ പ്രത്യേക ഭാഗ്യം എത്രപേര്‍ക്ക് ഉണ്ടാകുമെന്നാണ് സലിം കുമാര്‍ ചോദിക്കുന്നത്.
ഞാന്‍ മരിച്ചെന്ന വാര്‍ത്തയറിഞ്ഞു സ്ഥിരീകരണത്തിനായി കുശലാന്വേഷണത്തിനെന്ന പോലെ എന്നെ ഫോണില്‍ വിളിച്ചവര്‍ പോലുമുണ്ട്. എന്തിനേറെ പറയുന്നു എന്റെ നാട്ടിലടക്കം ആ വാര്‍ത്തയ്ക്കു പ്രചാരം നല്‍കിയവരുമുണ്ട്. പക്ഷേ, ഇങ്ങനെ എന്റെ മരണ വാര്‍ത്തയ്ക്കു പ്രചാരം നല്‍കിയവരില്‍ അഞ്ചാറു പേരുടെ മരണാനന്തര ചടങ്ങിനെങ്കിലും താന്‍ പങ്കെടുത്തെന്നും സലിം കുമാര്‍ പറയുന്നു.
ചില “അതീവ തല്‍പരകക്ഷികള്‍” ആണ് സമൂഹ മാധ്യമങ്ങളിലൂടെയും വാമൊഴിയായും എന്റെ മരണംആഘോഷമാക്കിയത്. വാട്‌സാപിലൂടെ പ്രചരിച്ച ആ മരണ വാര്‍ത്തകളും അനുശോചനങ്ങളും കണ്ട് ആസ്വദിക്കുകയായിരുന്നു ഞാന്‍. – സലിം കുമാര്‍ പറയുന്നു.
2016ലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ രസിപ്പിച്ച പല സംഭവങ്ങളുമുണ്ടെന്നും പക്ഷേ, ആ രസികത്വം പങ്കുവയ്ക്കാന്‍ പേടിക്കണമെന്നും താരം പറയുന്നു. രസികത്വം കുറയുകയും അസഹിഷ്ണുത ഏറുകയും ചെയ്ത വര്‍ഷമായിരുന്നു കടന്നുപോയത്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എന്നും എതിര്‍ക്കപ്പെടണമെന്നും സലിം കുമാര്‍ പറയുന്നു.