ഒരു ചാന്‍സ് കിട്ടിയാല്‍ അണ്ണന്‍ ചെയ്യും; ധോണിയുടെ സിനിമ മോഹത്തെ കുറിച്ച് സാക്ഷി
trending
ഒരു ചാന്‍സ് കിട്ടിയാല്‍ അണ്ണന്‍ ചെയ്യും; ധോണിയുടെ സിനിമ മോഹത്തെ കുറിച്ച് സാക്ഷി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th July 2023, 10:21 pm

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ചച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യന്‍ ടീമിനെയും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും ഒരുപാട് കിരീടത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ഐ.പി.എല്ലില്‍ ഇപ്പോഴും സജീവമാണ്.

ഈ വര്‍ഷം സി.എസ്.കെ ചാമ്പ്യന്‍മാരായപ്പോള്‍ ആരോഗ്യം സമ്മതിക്കുകയാണെങ്കില്‍ ഒരു സീസണ്‍ കൂടെ കളിക്കുമെന്ന് ക്യാപ്റ്റന്‍ കൂള്‍ അറിയിച്ചിരുന്നു. ക്രിക്കറ്റിന് പുറമെ താരം സിനിമയിലേക്കും ചുവടുവെപ്പ് നടത്താന്‍ ഒരുങ്ങുകയാണ്. ധോണി എന്റര്‍ടെയ്ന്‍മെന്റെന്ന നിര്‍മാണ കമ്പനിയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തെത്തുന്നത്.

ആദ്യത്തെ സിനിമയായ എല്‍.ജി.എം (ലെറ്റ്സ് ഗെറ്റ് മാരീഡ്) റിലീസിനു തയ്യാറെടുക്കുകയും ചെയ്യുകയാണ്. ഇപ്പോഴിതാ താരത്തിന്റെ അഭിനയ മോഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഭാര്യ സാക്ഷി സിങ് ധോണി.

ഈ തമിഴ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ധോണി അഭിനയരംഗത്തേക്ക് വരാനുള്ള സൂചന സാക്ഷി നല്‍കിയത്. ധോണിക്ക് അഭിനയത്തില്‍ താല്‍പര്യമുണ്ടെന്നും അനുയോജ്യമായ കഥയും റോളും ലഭിച്ചാല്‍ അത് സ്വീകരിക്കുമെന്നുമാണ് സാക്ഷി വെളിപ്പെടുത്തിയത്.

‘നല്ല കഥയും റോളും ലഭിച്ചാല്‍ ധോണി അത് ചെയ്തേക്കും. ഒരുപാട് പരസ്യങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ക്യാമറകള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ അദ്ദേഹത്തിന് നാണമൊന്നുമില്ല. എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം. 2006 മുതല്‍ ക്യാമറകള്‍ക്കു മുന്നില്‍ ധോണി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ സിനിമയില്‍ നിന്നും വളരെ നല്ല ഏതെങ്കിലും കഥയോ, റോളോ വരികയാണെങ്കില്‍ അദ്ദേഹം അത് ഉറപ്പായും ചെയ്യും. ഞാനാണ് ധോണിയെ സിനിമയിലേക്ക് തെരഞ്ഞെടുക്കുന്നതെങ്കില്‍ ആക്ഷന്‍ സിനിമയായിരിക്കും ചെയ്യുന്നത്,’ സാക്ഷി പറഞ്ഞു.

ധോണി എപ്പോഴും ആക്ഷനിലായതുകൊണ്ടാണെന്നാണ് അങ്ങനെയെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു. പുതുമുഖമായ രമേഷ് തമിഴ്മണിയാണ് ധോണി പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമയായ എല്‍.ജി.എം സംവിധാനം ചെയ്തിരിക്കുന്നത്. ഹരീഷ് കല്യാണും ഇവാനയും നായികാ നായകന്‍മാരാവുന്ന സിനിമ ഈ മാസം 28നു തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Content Highlight: Sakshi Singh Dhoni talks about MS Dhoni’s Entry as an actor