| Friday, 27th June 2025, 9:58 am

വലിയ മാസ് ബി.ജി.എമ്മൊക്കെയിട്ട് കിട്ടിയ ഇന്‍ട്രോയായിരുന്നു, തിയേറ്ററില്‍ എന്റെ സീനിന് കിട്ടിയ കൈയടി കണ്ട് ഞെട്ടി: സാജു നവോദയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെയും റിയാലിറ്റി ഷോയിലൂടെയും സിനിമയിലേക്കെത്തിയ നടനാണ് സാജു നവോദയ. പാഷാണം ഷാജി എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. ആടുപുലിയാട്ടം, വെള്ളിമൂങ്ങ, ഭാസ്‌കര്‍ ദ റാസ്‌കല്‍, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ തിളങ്ങിയ സാജു ബ്ലൂ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിച്ചു. അതുവരെ കാണാത്ത വ്യത്യസ്തമായ വേഷത്തിലായിരുന്നു സാജു ബ്ലൂ സ്റ്റാറില്‍ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സാജു. തനിക്ക് വേണ്ടി പ്രത്യേക ഇന്‍ട്രോയും മാസ് ബി.ജി.എമ്മുമൊക്കെ ആ സിനിമയിലുണ്ടായിരുന്നെന്ന് താരം പറഞ്ഞു. ആദ്യമായാണ് തനിക്ക് അങ്ങനെ ലഭിക്കുന്നതെന്നും അത് സിനിമയില്‍ വലിയൊരു ഇംപാക്ടുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുള്ളറ്റ് ബാബു എന്ന കഥാപാത്രം തമിഴ്‌നാട്ടില്‍ വലിയ ഇംപാക്ടുണ്ടാക്കിയെന്നും സാജു പറയുന്നു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് കിട്ടിയ ഏറ്റവും നല്ല ക്യാരക്ടറായിരുന്നു ബ്ലൂ സ്റ്റാറിലേത്. ആ കഥാപാത്രത്തിന് വേണ്ടി ഒരു ബില്‍ഡപ്പും പ്രത്യേക ബി.ജി.എമ്മും ഒക്കെ വെച്ച് ഗംഭീര സീനായിരുന്നു അത്. ആദ്യമായിട്ടാണ് എനിക്ക് അങ്ങനെ ഒരു സീന്‍ കിട്ടിയത്. ആ ഒരു ക്രിക്കറ്റ് മാച്ച് ഷൂട്ട് ചെയ്തതൊക്കെ അടിപൊളിയായിരുന്നു. എനിക്ക് ആ സെറ്റില്‍ പ്രത്യേക പരിഗണനയായിരുന്നു.

ക്രിക്കറ്റ് മാച്ച് ഷൂട്ട് ചെയ്യുന്ന സമയത്ത് ഓരോ സീന്‍ എടുത്ത് കഴിയുമ്പോഴും അതിലെ നടന്മാരായ ശാന്തനുവും അശോക് സെല്‍വനും ആ വെയിലത്ത് കസേരയിട്ട് ഇരിക്കും. കാരവനുണ്ടെങ്കിലും അതില്‍ പോയി ഇരിക്കാറില്ല. എന്നോട് ഓരോ തവണയും വന്നിട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിക്കാറുണ്ട്. തമിഴ് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

പടത്തിന്റെ പ്രൊമോഷനൊക്കെ ഞാന്‍ പോയിട്ടുണ്ടായിരുന്നു. അവിടെയും നന്നായി പരിഗണിച്ചിരുന്നു. റിലീസിന് ശേഷം പടം കളിക്കുന്ന തിയേറ്ററിലൊക്കെ പോയി. എന്റെ സീന്‍ കണ്ട തിയേറ്ററുകാര്‍ അടുത്ത് വന്ന് സംസാരിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്തു. തിയേറ്ററില്‍ പടം കണ്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് കിട്ടിയ കൈയടി കണ്ട് ഞെട്ടി. മലയാളത്തില്‍ ഇതുവരെ എനിക്ക് അങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല,’ സാജു നവോദയ പറയുന്നു.

പാ. രഞ്ജിത് നിര്‍മിച്ച് നവാഗതനായ എസ്. ജയകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്ലൂ സ്റ്റാര്‍. ചെന്നൈയിലെ രണ്ട് ക്രിക്കറ്റ് ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരവും ക്രിക്കറ്റിലെ രാഷ്ട്രീയവും സംസാരിച്ച ചിത്രമായിരുന്നു ഇത്. അശോക് സെല്‍വന്‍, ശന്തനു, കെന്‍ കരുണാസ്, കീര്‍ത്തി പാണ്ഡ്യന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Content Highlight: Saju Navodaya about his character in Blue Star movie

We use cookies to give you the best possible experience. Learn more