പ്രതികരണ ശേഷിയുള്ള യുവാക്കളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്; സജിത മഠത്തില്‍ സംസാരിക്കുന്നു
നിമിഷ ടോം

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശികളും സി.പി.ഐ.എം അംഗങ്ങളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ചാണ് അലനെ അറസ്റ്റ് ചെയ്തത്.

നിയമ വിദ്യാര്‍ഥിയാണ് അലന്‍. അലന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിട്ടയിരുന്നു. ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ താഹ ഫസലും സി.പി.ഐ.എം പ്രവര്‍ത്തകനാണ്.

അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അറസ്റ്റിനെ ന്യായീകരിച്ച് പൊലീസ് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ അറസ്റ്റിലായ അലന്റെ മാതൃസഹോദരിയും നടിയുമായ സജിത മഠത്തില്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

അലന്‍ വളരെ ചെറുപ്പത്തില്‍ തന്നെ പാര്‍ട്ടി മെമ്പറായതാണല്ലോ. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ബാല്യകാലം തൊട്ടേ അലന്‍ താല്‍പ്പര്യം കാണിച്ചിരുന്നോ?

അലന്റെ വല്യമ്മയാണ് ഞാന്‍. അലന്‍ ഞങ്ങളുടെ രണ്ടുപേരുടെയും കുട്ടികളിലെ ഏറ്റവും അവസാനത്തെ കുട്ടിയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവനോട് ഒരു കൂടുതല്‍ ഇഷ്ടം ഉണ്ട്. അവന്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാകുന്നത് വലിയ അലന്‍ സോഷ്യല്‍ ബീയിംഗാണ് എന്നതുകൊണ്ടാണ്.

അവന്‍ ആളുകളുമായിട്ട് ഇടപഴകാനും അവരുടെ പ്രശ്‌നങ്ങളില്‍ താല്‍പ്പര്യം ഉള്ള ആളാണ്. അത് പരിഹരിക്കാന്‍ വേണ്ടി ഓടി നടക്കുന്ന ഒരാളാണ്. നന്നായി വായിക്കുന്ന കുട്ടിയാണ്. വായിക്കാനുള്ള താല്‍പ്പര്യം മൂത്തിട്ട് പുസ്തകങ്ങള്‍ ബുക്സ്റ്റാളില്‍ പോയിട്ട് വായിക്കുകയും അത് വില്‍ക്കുകയും ആ പൈസയ്ക്ക് വീണ്ടും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യും. കുറെക്കാലം അവന്റെ പണി അതായിരുന്നു.

അവന്റെ പഠനത്തിന് ആവശ്യമായ ചെലവെല്ലാം അങ്ങനെ കണ്ടെത്തുമായിരുന്നു. ആ പുസ്തകങ്ങളെ കുറിച്ചൊക്കെ ദീര്‍ഘമായിട്ട് സംസാരിക്കും. നമ്മളോട് വാദിക്കും. രാഷ്ട്രീയം പറയും. ഞങ്ങള്‍ വഴക്കടിക്കും. അങ്ങനെയൊരു ബന്ധമായിരുന്നു അവനുമായിട്ട്.

തിരുവണ്ണൂരിലേക്ക് വന്നത് എന്നാണ്?

അവന്‍ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് തിരുവണ്ണൂരിലേക്ക് വന്നത്. അന്നുമുതല്‍ ഇന്നുവരെ അടുത്തുള്ള എല്ലാ വീട്ടിലും അവന്‍ കയറിയിറങ്ങുന്ന സംസാരിക്കുന്ന ബന്ധങ്ങളുള്ള ഒരു കുട്ടിയാണ്. അവന്‍ ആരില്‍ നിന്നും മാറിനില്‍ക്കുന്ന ഒരാളല്ല. മിക്കവാറും അവന്റെ പ്രായത്തിലുള്ള കുട്ടികളെ ഞാന്‍ കണ്ടിട്ടുള്ളത് കംപ്യൂട്ടറിന്റെ മുന്നില്‍ ഫോണിന്റെ മുന്നില്‍ ടി.വിയുടെ മുന്നില്‍ ഇരിക്കുന്നതായിട്ടാണ്.

പക്ഷെ അലന്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ വളരെ വളരെ കുറവാണ്. അവന്റെ സോഷ്യല്‍ മീഡിയയിലുള്ള പ്രസന്‍സ് ഒരിക്കലും സെല്‍ഫിയെടുത്തിട്ടില്ല. അവന്‍ അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് കുറവാണ്. നേരെ മറിച്ച് അവന് പൊളിറ്റിക്കാലയിട്ട് എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അത് കമന്റ് ചെയ്യാനുള്ള ഇടമാണ് സോഷ്യല്‍ മീഡിയ.

കണ്ടിന്യൂസായിട്ട് വാട്‌സാപ്പിലൊന്നും ഉണ്ടാകാറില്ല. പലപ്പോഴും വിളിച്ചാല്‍ കിട്ടുക പോലുമില്ല അവനെ. ഞങ്ങളുമായിട്ടൊക്കെ ഭയങ്കര അടുപ്പമുള്ള കുട്ടിയാണ്. അമ്മ അടിച്ചുവാരുമ്പോള്‍ എന്നാല്‍ ശരി ഞാന്‍ തുടയ്ക്കാം എന്ന് പറയുന്ന ഒരു കുട്ടിയാണ്. കുടുംബത്തിന്റെ കാര്യങ്ങളോട് ഭയങ്കരശ്രദ്ധയുള്ള ഒരു കുട്ടിയാണ്.

പൊലീസ് യു.എ.പി.എ ചുമത്തിയതിനെക്കുറിച്ച്?

20 വയസാണ് അവനുള്ളത്. 20 വയസുള്ള കുട്ടിയെയാണ് തീവ്രവാദി ബന്ധം പറഞ്ഞ് യു.എ.പി.എ ആരോപിച്ച് ജയിലിലടച്ചത്. 20 വയസുള്ള കുട്ടിയെ ഇത്രയും കാലം ഞങ്ങള്‍ക്കറിയുന്ന കുട്ടിയല്ല, അവന്‍ വേറൊരു തരം കുട്ടിയാണ് എന്ന് പൊലീസ് നമ്മളോട് ഇങ്ങോട്ട് പറയുകയാണ് ചെയ്യുന്നത്. അത് വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ട്.

അത് അമ്മമാര്‍ എന്ന നിലയ്ക്ക് മാത്രമല്ല. അവനുമായി ചുറ്റിനില്‍ക്കുന്ന ഒരാള്‍ക്കും അത് വിശ്വസിക്കാന്‍ പറ്റില്ല.

ഈ പ്രായത്തിലല്ലേ നമുക്ക് കൗതുകങ്ങളുള്ളത്. ഈ പ്രായത്തിലല്ലേ നമുക്ക് ചോദ്യങ്ങളുണ്ടാവുന്നത്. ഈ പ്രായത്തിലല്ലേ നമുക്ക് പുതിയ പുതിയ ആശയങ്ങള്‍ കണ്ടെത്താനുള്ള താല്‍പ്പര്യമുണ്ടാവുന്നത്. 25 വയസൊക്കെ കഴിയുമ്പോഴേക്ക് നമ്മള്‍ ഭയങ്കര ഫ്രെയിംഡായി പോകും. നമ്മുടെ ആശയങ്ങള്‍ ഉറച്ചുപോകും.

ഞാന്‍ പറയുന്നത് അവന്‍ അന്വേഷിക്കട്ടെ, പല പല അന്വേഷണങ്ങള്‍ നടത്തട്ടെ. പല പല വായനകള്‍ നടത്തട്ടെ. ചോദ്യങ്ങള്‍ ചോദിക്കട്ടെ, അത് ചെയ്യുന്നതില്‍ ഞാനവനില്‍ അഭിമാനിച്ചിട്ടേ ഉള്ളൂ. അവനൊരു ഇടതുപക്ഷക്കാരനാവുമ്പോള്‍ തന്നെ അതിന്റെ അപ്പുറത്തും ഇപ്പുറത്തുമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്. അത് പാര്‍ട്ടിക്കാര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ് അവനെക്കുറിച്ച്. അവരെല്ലാം അതിനെക്കുറിച്ച് കൗതുകത്തോടെ നോക്കി കണ്ടിട്ടേ ഉള്ളൂ. അതൊരു തെറ്റാണെന്ന് ആരും കരുതിയിട്ടില്ല. ഞങ്ങളും കരുതിയിട്ടില്ല.

അവന്‍ പലവഴിയ്ക്ക് യാത്ര ചെയ്ത് അവന്റെ ഒരിടത്തേക്ക് വരട്ടേയെന്നേ ഞങ്ങള്‍ വിചാരിച്ചിട്ടുള്ളൂ. അവന്‍ എന്തെങ്കിലും തെറ്റ് ചെയ്യും, ഒരു മനുഷ്യനെ ഉപദ്രവിക്കാനോ ഒരു പെണ്‍കുട്ടിയോട് ഇന്‍സള്‍ട്ടഡായിട്ട് പെരുമാറാനോ പറ്റില്ല എന്നുള്ളത് എനിക്കുറപ്പുണ്ട്. അതെന്റെ മകന്‍ ചെയ്യില്ല. അത്രയല്ലേ നമുക്ക് പറയാന്‍ പറ്റുള്ളൂ. അങ്ങനെയല്ലാത്ത ഒരു കുട്ടിയായി അവനെ വളര്‍ത്താന്‍ പറ്റി എന്നുള്ളതില്‍ അവന്റെ അമ്മയ്ക്കും വല്യമ്മയായ എനിക്കും ഒക്കെ സ്വയം അഭിമാനിക്കാവുന്നതാണ്. ഒരു സോഷ്യല്‍ ബീയിംഗ് എന്ന നിലയ്ക്ക് അത്രയേ എനിക്ക് പറയാനുള്ളത്.

മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പൊലീസ് ആവര്‍ത്തിച്ച് പറയുന്നത്.?

നമുക്ക് ആരെ വേണമെങ്കിലും തീവ്രവാദിയായിട്ട് ആരോപിക്കാം. വളരെ എളുപ്പമാണ്. ഞാന്‍ എന്റെ 20 വയസില്‍ ഏറ്റവും അധികം ഇടപെട്ടിട്ടുണ്ടാകുക ഒരുപക്ഷെ അന്നത്തെ എക്‌സ്ട്രീം ലെഫ്റ്റായിട്ടുള്ള ആളുകളുമായിട്ടാണ്. അന്ന് യു.എ.പി.എ ഉണ്ടെങ്കില്‍ എന്നേയും പൊലീസിന് അറസ്റ്റ് ചെയ്യാം. ഇവിടെയുള്ള പുസ്തകങ്ങളെ പോലെയുള്ള കുറെ പുസ്തകങ്ങള്‍ അന്ന് ഞാനും അനിയത്തിയും ഉള്ള കാലത്തുമുണ്ട്.

ആ പുസ്തകങ്ങളൊക്കെ കണ്ടുകെട്ടാം. അതൊക്കെ ചെയ്യാമായിരുന്നു. പക്ഷെ ആ യാത്രകളൊക്കെ കഴിഞ്ഞിട്ട് തന്നെയാണ്, ആ യാത്രകള്‍ തന്നിട്ടുള്ള പെര്‍സ്‌പെക്ടീവാണ് ഇന്നത്തെ സജിതയെ ഉണ്ടാക്കിയത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അന്ന് ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റിയ കാര്യം ഇന്ന് ഇത്രയും കാലം കഴിഞ്ഞിട്ട് കുറെക്കൂടി റെസ്ട്രിക്ടഡാകുകയാണ് ചെയ്തത്.

അങ്ങനെ ആയിക്കൂടല്ലോ. അവന് അങ്ങനെ യാത്ര ചെയ്യാനും പുതിയ കാര്യങ്ങള്‍ ചെയ്യാനും പറയാനുമുള്ള ഒരു സ്‌പെയ്‌സ് കൂടുതല്‍ ഉണ്ടായി വുകയല്ലേ കേരളത്തില്‍ വേണ്ടത്. അത് കുറയാന്‍ പാടില്ലല്ലോ. ഇതിലുള്ള പ്രശ്‌നം വരാന്‍ പോകുന്നത് നമ്മളെ കുട്ടികളെ ഞങ്ങള്‍ വളര്‍ത്തിയതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് തോന്നിപ്പോകുമ്പോഴാണ്.

അങ്ങനെ നമ്മുടെ കുടുംബക്കാര്‍ തന്നെ നമ്മളോട് ചോദിക്കുന്ന അവസ്ഥയിലേക്കെത്തും. കാരണം അവരെല്ലാം കുട്ടികളെ കൃത്യമായി പഠിപ്പിച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിയാതെ ഒരു സോഷ്യല്‍ ബീയിംഗ് അല്ലാതെ വീട്ടിന്റെ അകത്ത് തന്നെ വളര്‍ത്തി ഒരു ജോലി വാങ്ങിച്ചുകൊടുത്ത് കല്യാണം കഴിപ്പിച്ച് വിടുകയാണ് ചെയ്തിട്ടുള്ളത്.

അപ്പോള്‍ ഞങ്ങള്‍ ജീവിച്ചൊരു ജീവിതമുണ്ടല്ലോ അതിനെന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്ക് ഇപ്പോള്‍ തോന്നുകയാണ്. അതുകൊണ്ടാണല്ലോ ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ ഇങ്ങനെ വളര്‍ത്തിയത്. അങ്ങനെ റാഡിക്കലായിട്ടുള്ള മനുഷ്യര്‍, ജീവിതാവസ്ഥകള്‍ സമൂഹത്തിന് വേണ്ടേ. സത്യായിട്ടും പേടി തോന്നാണ്. കാരണം നമുക്കിങ്ങനെ അല്ലാതെ ജീവിക്കാനറിയില്ല. നമ്മളെ ഇങ്ങനെയാണ് വളര്‍ത്തിയത്. അമ്പലത്തിലൊന്നും വിട്ടിട്ടില്ല നമ്മളെ വളര്‍ത്തിയത്.

പള്ളികളില്‍ വിട്ടിട്ടില്ല ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ വളര്‍ത്തുന്നത്. ക്രിസ്ത്യനും മുസ്ലീമും ഹിന്ദുവുമൊക്കെയുള്ള വീടാണിത്. അവരങ്ങനെയൊന്നും ആലോചിക്കുന്നു പോലുമുണ്ടാവില്ല. അവര്‍ അതിനെക്കുറിച്ച് ബോദര്‍ ചെയ്യുന്നുപോലുമുണ്ടാവില്ല.

അപ്പോള്‍ നമുക്കാണോ കുഴപ്പം, സമൂഹത്തിനാണോ കുഴപ്പം, ഞങ്ങളെ വളര്‍ത്തിയതാണോ കുഴപ്പം ഞങ്ങള്‍ കുട്ടികളെ വളര്‍ത്തിയതാണോ കുഴപ്പം എന്ന് തോന്നിപ്പോകുകയാണ്. ഇന്നലെ രാത്രി ഞാന്‍ അതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. നമുക്കെവിടായാ തെററ്റിപറ്റിയത്്. എന്തായാലും വൈബ്രന്റ് ആയിട്ടുള്ള കുട്ടികള്‍ കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയിട്ട് ആരൊക്കയോ നടത്തുന്ന ശ്രമമാണിതെന്ന് വേണമെങ്കില്‍ ഞാന്‍ പറയും.