| Sunday, 26th January 2025, 9:57 am

ഒ.ടി.ടി.യിലും തിയേറ്ററിലെ ഒരേ സമയം എത്തിയ ആ ചിത്രങ്ങള്‍ കാരണമാണ് ഞാന്‍ ശ്രദ്ധിക്കപ്പെട്ടത്: സജിന്‍ ഗോപു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ ചിത്രങ്ങളിലൂടെത്തന്നെ പ്രേക്ഷശ്രദ്ധ നേടിയ നടനാണ് സജിന്‍ ഗോപു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ രോമാഞ്ചത്തിലെ അമ്പാനായി എത്തിയ സജിന്‍ ഗോപുവിനെ സിനിമ പ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സജിന്‍ ഗോപു. അഭിനയിക്കാനുള്ള ആഗ്രഹം വന്നപ്പോള്‍ നാടകം ചെയ്തുവെന്നും പിന്നീട് ഒഡീഷന്‍ വഴി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ലഭിച്ചുതുടങ്ങിയെന്നും സജിന്‍ ഗോപു പറയുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയിലാണ് ആദ്യമായി നല്ലൊരു കഥാപാത്രം ലഭിച്ചതെന്നും അതിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ജാന്‍ എ മന്നില്‍ സജി വൈപ്പിന്‍ എന്ന വേഷവും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരേ ദിവസമാണ് ചുരുളി ഒ.ടി.ടി.യിലും ജാന്‍. എ. മന്‍ തിയേറ്ററിലും പ്രദര്‍ശനത്തിനെത്തിയതെന്നും രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടതെന്നും സജിന്‍ പറഞ്ഞു. അതിന് ശേഷം രോമാഞ്ചം, ചാവേര്‍, ആവേശം തുടങ്ങിയ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞെന്നും ആവേശത്തിലെ അമ്പാന്‍ ഏറെ ജനപ്രിയത തന്നെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സജിന്‍ ഗോപു.

‘ആലുവ ആണ് എന്റെ സ്വദേശം. കുട്ടിക്കാലത്ത് അഭിനയിക്കണം എന്ന സ്വപ്നമൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരെയും പോലെ സിനിമ ഇഷ്ടമായിരുന്നു, സിനിമയ്ക്ക് പിന്നില്‍ എന്താണ് നടക്കുന്നത് എന്നറിയാനുള്ള കൗതുകമുണ്ടായിരുന്നു. എന്നാല്‍ സിനിമ ബന്ധമുള്ള ആരും അന്ന് പരിചയത്തിലുണ്ടായിരുന്നില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ നിന്നാണ് അഭിനയിക്കാന്‍ ആഗ്രഹം വന്ന് തുടങ്ങിയപ്പോള്‍ നാടകങ്ങള്‍ ചെയ്തത്.

പിന്നീട് സിനിമ ഒഡീഷനുകള്‍ക്ക് പോയിത്തുടങ്ങി. പല സിനിമകളിലും ചെറിയവേഷങ്ങള്‍ ചെയ്താണ് തുടക്കം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയിലാണ് ആദ്യമായി നല്ലൊരു കഥാപാത്രം ലഭിച്ചത്. പിന്നാലെ ചിദംബരം സംവിധാനം ചെയ്ത ജാന്‍. എ. മന്നില്‍ സജി വൈപ്പിന്‍ എന്ന കഥാപാത്രം ചെയ്തു.

ചുരുളി ഒ.ടി.ടി.യിലും ജാന്‍. എ. മന്‍ തിയേറ്ററിലും ഒരേ ദിവസം പ്രദര്‍ശനത്തിനെത്തി. രണ്ടും ശ്രദ്ധിക്കപ്പെട്ടു. അത് കഴിഞ്ഞതിനുശേഷം രോമാഞ്ചം, ചാവേര്‍, ആവേശം തുടങ്ങിയ മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു.

ആവേശത്തിലെ അമ്പാന്‍ ഏറെ ജനപ്രിയത തന്നു. കൊച്ചു പിള്ളേരുടെ മനസില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമായി മാറി.

ഇപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ ആള്‍ക്കാര്‍ സിനിമ നടനെന്ന ലേബലില്‍ തിരിച്ചറിയുന്നുണ്ട്, അതാണ് ഏറ്റവും വലിയ സന്തോഷം. ആളുകള്‍ കാണുന്ന സിനിമകള്‍ ചെയ്യുക എന്നതാണ് ലക്ഷ്യം. തിയേറ്ററില്‍ എത്തുന്ന ആള്‍ക്കാരെ പരമാവധി എന്റെര്‍റ്റൈന്‍ ചെയ്യാന്‍ സാധിക്കണം,’ സജിന്‍ ഗോപു പറയുന്നു.

Content highlight: Sajin Gopu talks about his film journey

We use cookies to give you the best possible experience. Learn more