| Sunday, 15th December 2024, 1:25 pm

ആ ജയസൂര്യ ചിത്രത്തിന്റെ കഥ ആദ്യം പറഞ്ഞത് ദുല്‍ഖറിനോട്; ആസിഫ് അലിയെയും തീരുമാനിച്ചിരുന്നു: സാജിദ് യഹിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അറൂസ് ഇര്‍ഫാനൊപ്പം കഥയെഴുതി സാജിദ് യഹിയ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇടി – ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം. 2016ല്‍ പുറത്തിറങ്ങിയ ഈ ആക്ഷന്‍ കോമഡി ചിത്രത്തില്‍ നായകനായത് ജയസൂര്യയായിരുന്നു. ശിവദ, യോഗ് ജാപ്പി, ജോജു ജോര്‍ജ്, സുനില്‍ സുഖദ എന്നിവരും സിനിമക്കായി ഒന്നിച്ചിരുന്നു.

ഈ സിനിമയുടെ കഥ എഴുതിയതിനെ കുറിച്ചും പിന്നീടത് ജയസൂര്യയിലേക്ക് എത്തിയതിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകനും നടനുമായ സാജിദ് യഹിയ. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനും എന്റെ സഹോദരന്‍ അറൗസ് ഇര്‍ഫാനും ചേര്‍ന്ന് എഴുതിയ കഥയായിരുന്നു ഇടി – ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം. ജയസൂര്യയായിരുന്നു ആ സിനിമയിലെ നായകന്‍. ആ സിനിമയുടെ കഥയുമായി ഞങ്ങള്‍ ഒരു സംവിധായകനെ പോയി കണ്ടു. അദ്ദേഹത്തിന് കഥ ഇഷ്ടമാവുകയും ചെയ്തു.

ആ സംവിധായകന്‍ വഴി ഞങ്ങള്‍ ദുല്‍ഖര്‍ സല്‍മാനെ പോയി കണ്ടിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ പോകുകയായിരുന്നു. അന്ന് ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമ വഴി ദുല്‍ഖറിനെ എനിക്ക് പരിചയമുണ്ടായിരുന്നു. ദുല്‍ഖര്‍ എന്നെ കണ്ടതും താനാണോ ഇത് എഴുതിയത് എന്നായിരുന്നു ചോദിച്ചത്.

ദുല്‍ഖറിന് കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. അതോടെ ഞാനും അറൗസും കൂടെ അതിന്റെ സ്‌ക്രിപ്റ്റ് എഴുതാന്‍ നിന്നു. പക്ഷെ ഒരു പോയന്റില്‍ എത്തിയപ്പോള്‍ സംവിധായകന്‍ പറഞ്ഞത് മറ്റൊരു വലിയ റൈറ്ററിന്റെ പേര് ഇതില്‍ വെക്കാം എന്നായിരുന്നു. അതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ താന്‍ മുമ്പ് വേറെ സിനിമയൊന്നും ചെയ്തിട്ടില്ലല്ലോയെന്ന് ചോദിച്ചു.

പകരം ഇതില്‍ എനിക്ക് ഒരു നല്ല റോള്‍ തരാമെന്ന് പറഞ്ഞു. തിരികെ ഞാനും സംവിധായകനോട് അതേ ചോദ്യം തന്നെ ചോദിച്ചു. നിങ്ങളും മുമ്പ് സിനിമയൊന്നും ചെയ്തിട്ടില്ലല്ലോയെന്ന്. ‘എന്റെ ആദ്യ സംവിധാന ചിത്രമാണ്. എനിക്ക് കുറേ എതിരാളികളുണ്ട്. ആരാണ് എന്റെ ആദ്യ സിനിമ എഴുതുന്നതെന്ന് ചോദിക്കുമ്പോള്‍ തന്റെ പേര് പറയാന്‍ പറ്റില്ല’ എന്നായിരുന്നു മറുപടി.

അങ്ങനെയെങ്കില്‍ ഈ ഡീല് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അതിന് പിന്നാലെ കുറേ സംഭവങ്ങള്‍ നടന്നു. ഹിന്ദിയില്‍ പോയി. അവിടെ സംവിധായകന് കഥ ഇഷ്ടമാകുകയും അഡ്വാന്‍സ് നല്‍കുകയും ചെയ്തു. ഞങ്ങള്‍ എഴുത്തുമാത്രം ചെയ്യാമെന്നായിരുന്നു കരുതിയിരുന്നത്.

പിന്നീട് അത് ആസിഫ് അലിയെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെ പ്രൊഡക്ഷന്‍ സൈഡുമായി സംസാരിച്ചപ്പോള്‍ അത് എനിക്ക് ഒട്ടും ശരിയായില്ല. അങ്ങനെയിരിക്കെയാണ് ജയേട്ടനെ കാണാന്‍ പോകുന്നത്. അന്ന് വേറെ ഒരാള്‍ക്ക് അദ്ദേഹത്തിനോട് കഥ പറയാനായി കൂടെ പോയതായിരുന്നു ഞാന്‍.

ജയേട്ടന്റെ വീട്ടിലേക്കായിരുന്നു പോയത്. പക്ഷെ ജയേട്ടന് അയാളുടെ കഥ ഇഷ്ടമായില്ല. പകരം അദ്ദേഹം എന്നോട് ‘നീ ബോംബൈയിലൊക്കെ പോയി കഥ പറഞ്ഞെന്ന് കേട്ടല്ലോ. ആ കഥ എന്താണ്’ എന്ന് ചോദിച്ചു. ചെറിയൊരു കോമഡി സിനിമയാണെന്ന് ഞാന്‍ പറഞ്ഞു. അതിന്റെ കഥയൊന്ന് പറയാന്‍ ജയേട്ടന്‍ ആവശ്യപ്പെട്ടു.

അങ്ങനെ ഞാന്‍ ഫസ്റ്റ് ഹാഫ് അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. കേട്ടപ്പോള്‍ തന്നെ അടിപൊളി ആയിട്ടുണ്ട് എന്നായിരുന്നു മറുപടി. ‘എനിക്ക് ഇപ്പോള്‍ മറ്റൊരു മീറ്റിങ്ങുണ്ട്. മറ്റൊരു ദിവസം വാ നീ. അന്ന് സെക്കന്‍ഡ് ഹാഫ് കൂടെ കേള്‍ക്കാം’ എന്ന് ജയേട്ടന്‍ പറഞ്ഞു.

പക്ഷെ അന്ന് തന്നെ ജയേട്ടന്‍ എന്നെ തിരികെ വിളിപ്പിച്ചു. അന്ന് അദ്ദേഹത്തിന് മീറ്റ് ചെയ്യേണ്ട ആളുകള്‍ വന്നില്ല. അങ്ങനെ സെക്കന്റ് ഹാഫ് കൂടെ കേട്ടതോടെ എത്രയും പെട്ടെന്ന് ഈ സിനിമ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അന്ന് ജയേട്ടന്‍ സ്റ്റേറ്റ് അവാര്‍ഡൊക്കെ വാങ്ങി നില്‍ക്കുന്ന സമയമായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു പ്രൊഡ്യൂസറുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ഈ സിനിമ നടക്കുന്നത്,’ സജിദ് യഹിയ പറഞ്ഞു.

Content Highlight: Sajid Yahiya Talks About Idi – Inspector Dawood Ibrahim Movie

Latest Stories

We use cookies to give you the best possible experience. Learn more