50 ശതമാനത്തിലധികമുള്ള മുസ്‌ലിം ഭൂരിപക്ഷവും മതേതരത്വവും; ഒരു ജനപ്രിയ കള്ളവും വസ്തുതയും
DISCOURSE
50 ശതമാനത്തിലധികമുള്ള മുസ്‌ലിം ഭൂരിപക്ഷവും മതേതരത്വവും; ഒരു ജനപ്രിയ കള്ളവും വസ്തുതയും
സജി മാര്‍ക്കോസ്‌
Sunday, 28th December 2025, 7:14 pm
ഇന്ത്യയില്‍ ഒരു നിയമം ഉണ്ടാക്കുന്നതും ഭേദഗതി ചെയ്യേണ്ടതും, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താതെ മാത്രമായിരിക്കണം. അയല്‍ രാജ്യങ്ങളിലെ സ്റ്റാസ്റ്റിറ്റിസ്‌ക്‌സ് അനുസരിച്ച് ആയിരിക്കരുത്. ഇനി ഭരണഘടന നോക്കിയാല്‍ പാകിസ്ഥാനും ബംഗ്ലാദേശും മതേരതര ഭരണഘടനയാണ്. സിവില്‍ - ക്രിമിനല്‍ നിയമങ്ങള്‍ സെക്കുലര്‍ ആണ്. അത് എന്‍ഫോഴ്സ് ചെയ്യാന്‍ പറ്റാത്തത് അവിടുത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് | സജി മാർക്കോസ് ഡൂള്‍ന്യൂസിലെഴുതുന്നു.

സി.എ.എ നിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണ് എന്നതിന് കാരണമായി പലപ്പോഴും ചൂണ്ടി കാണിക്കപ്പെടുന്ന ഒന്നാണ് ‘Reasonable Classification’ എന്ന തത്വം. കേവല സമത്വം എന്നത് സാധ്യമല്ലാത്തതിനാല്‍ യുക്തിപൂര്‍വമായ വര്‍ഗീകരണം അംഗീകരിക്കപ്പെടണം എന്നതാണ് ഈ തത്വത്തിന്റെ അടിസ്ഥാനം.

എളുപ്പത്തില്‍ ആളുകള്‍ക്ക് മനസിലാക്കാന്‍ സംവരണത്തിന്റെ കാര്യത്തിലും സമാനമായ രീതി ശാസ്ത്രമാണ് പിന്തുടരുന്നത് എന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. കേള്‍ക്കുമ്പോള്‍ ശരിയാണ് എന്ന് തോന്നുമെങ്കിലും രണ്ടും തമ്മില്‍ അജഗജാന്തരമുണ്ട്.

സി.എ.എ വിരുദ്ധ സമരം

Reasonable Classification എന്ന സങ്കേതം അടിസ്ഥാനപരമായി നാല് കാര്യങ്ങളെ അടിസ്ഥാനമാക്കുന്നു.

1) Intelligible Differentia: അതായത് ഈ വര്‍ഗീകരണത്തിന്റെ അടിസ്ഥാന കാരണം വ്യക്തവും വസ്തുനിഷ്ഠവും ആയിരിക്കണം, അവ്യക്തവും വ്യക്തിനിഷ്ഠവും ആകരുത്.

2) Rational Nexus: അതായത് ഈ നിയമം നിര്‍മ്മാണത്തിലൂടെ കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യവും അതിനായി നടത്തുന്ന വര്‍ഗീകരണവും തമ്മില്‍ യുക്തിസഹവും നേരിട്ടുള്ളതുമായ ബന്ധമുണ്ടാകണം.

3) Uniform Inclusion And Exclusion Principles: ഈ നിയമത്തിന്റെ ഉദ്ദേശലക്ഷ്യം നേടുന്നതിലേക്ക് ആരെയൊക്കെ ഈ വര്‍ഗീകരണത്തില്‍ ഉള്‍പ്പെടുത്തണം, ആരെയൊക്കെ പുറത്ത് നിര്‍ത്തണം എന്ന കാര്യം പ്രസ്തുത നിയമത്തിന്റെ ഉദ്ദേശലക്ഷ്യം കൈവരിക്കുക എന്നതിനെ മാത്രം അടിസ്ഥാനപ്പെടുത്തി ആയിരിക്കണം. അതില്‍ സ്വേച്ഛാപരമായ യാതൊന്നും കടന്നു കൂടരുത് (No Room For Arbitrariness).

4) It Should Not Be A Class Legislation In Any Manner: ഈ വര്‍ഗീകരണത്തിലൂടെ പുറത്തുവരുന്ന നിയമം ഒരു കാരണവശാലും നേരിട്ടോ അല്ലാതെയോ ഒരു വംശീയ നിയമം ആയി മാറാന്‍ പാടില്ല.

ഇനി മുകളില്‍ പറഞ്ഞിരിക്കുന്ന നാലു കാര്യങ്ങള്‍ സി.എ.എയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കിയാല്‍ ‘Reasonable Classification അനുസരിച്ച് നിയമം’ നീതിപൂര്‍വമാണ് എന്ന തെറ്റിധാരണ മാറ്റാന്‍ കഴിയും.

സി.എ.എ അനുകൂല സമരത്തില്‍ നിന്നും. Photo: Shashank Shekhar Jha/x.com

1) Intelligible Differentia: ഈ തത്വം ശരിയാകാണമെങ്കില്‍ ആദ്യം ശരിയാക്കേണ്ടത് അയല്‍രാജ്യങ്ങള്‍ എന്നതിന്റെ നിര്‍വചനമാണ്.

സി.എ.എ. പ്രതിപാദിക്കുന്ന മൂന്ന് രാജ്യങ്ങള്‍ മാത്രമല്ല ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ എന്നിരിക്കെ, പീഡിതരായ ന്യൂനപക്ഷ ജനത ഈ മൂന്നിടങ്ങളില്‍ മാത്രമല്ല എന്നിരിക്കെ എങ്ങനെയാണ് മൂന്ന് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ മാത്രം ഉള്‍പെടുന്ന ഒരു വര്‍ഗീകരണത്തില്‍ എത്തിച്ചേര്‍ന്നത്.

ഇന്ത്യന്‍ വംശജര്‍ എന്ന കാര്യം സി.എ.എ മുന്നോട്ട് വയ്ക്കുന്നില്ല വെച്ചാല്‍ പോലും ശ്രീലങ്കന്‍ തമിഴ് വംശജരെ എങ്ങനെ പുറത്ത് നിര്‍ത്തി എന്നതിന് വിശദീകരണം ആവശ്യമാണ്.

2) Rational Nexus: അയല്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് സി.എ.എ ലക്ഷ്യമിടുന്ന നിഷ്‌കളങ്കമായ ലക്ഷ്യമെങ്കില്‍ ലോകത്തെ ഏറ്റവും ക്രൂരമായ പീഡനം അനുഭവിക്കുവര്‍ എന്ന് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച റോഹിംഗ്യന്‍ മുസ്‌ലിങ്ങള്‍, പാകിസ്ഥാനില്‍ മതപീഡനം അനുഭവിക്കുന്ന അഹമ്മദീയ വംശജര്‍, ശ്രീലങ്കയിലെ തമിഴ് വംശജര്‍ എന്നിവരൊക്കെ സമാനമായ കാരണം കൊണ്ട് ഈ വര്‍ഗീകരണത്തിന്റെ പരിധിയില്‍ വരണം.

റോഹിംഗ്യന്‍ അഭയാർത്ഥികള്‍. Photo: Wikipedia

കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ‘മുസ്‌ലിം ജനത ഒഴികെ പീഡനം അനുഭവിക്കുന്നവര്‍’ എന്നതല്ലാതെ മറ്റൊരു യുക്തിസഹമായ കാരണവും ഈ വര്‍ഗീകരണത്തെ സാധൂകരിക്കുന്നില്ല. അതാണെങ്കില്‍ മതേതരത്വം അടിസ്ഥാനമാക്കിയ ഒരു ഭരണഘടന നിലവില്‍ ഉള്ളിടത്തോളം നടപ്പാക്കാന്‍ പാടില്ലാത്തതുമാണ്.

3) Uniform Inclusion And Exclusion Principles വര്‍ഗീകരിണത്തിനായി സി.എ.എ ഉപയോഗിക്കുന്ന രണ്ട് തത്വങ്ങളും അതായത് ‘അയല്‍രാജ്യം’, ‘പീഡിത ന്യൂനപക്ഷം’ എന്നിവ മാത്രം ഉപയോഗിച്ച് കൊണ്ട് ന്യൂനപക്ഷങ്ങളില്‍ മുസ്‌ലിം ജനതയേയും, അയല്‍രാജ്യങ്ങളിലെ ഇതരമത ഭൂരിപക്ഷ പ്രദേശങ്ങളെയും സി.എ.എ മുന്നോട്ട് വെയ്ക്കുന്ന വര്‍ഗീകരണത്തിന് പുറത്തു നിര്‍ത്താന്‍ സാധിക്കില്ല.

അത് കൊണ്ട് തന്നെ ഈ വര്‍ഗീകരണം ഏകപക്ഷീയവും വര്‍ഗീയത ദുഷ്ടലാക്കോടു കൂടിയതുമാണ് എന്ന ആക്ഷേപം നിലനില്‍ക്കുന്നതാണ്.

4) It Should Not Be A Class Legislation In Any Manner: മുകളില്‍ പറഞ്ഞ മൂന്ന് പരീക്ഷകളിലും പരാജയപ്പെടുന്നത് കൊണ്ട് തന്നെ സി.എ.എ എല്ലാ അര്‍ത്ഥത്തിലും ഒരു വംശീയ നിയമമാണ്.

ലളിതമായി പറഞ്ഞാല്‍ യുക്തിസഹമായ എന്തെങ്കിലും എന്തങ്കിലും ലക്ഷ്യം മുന്നില്‍ വെച്ചല്ല സി.എ.എ  നിര്‍മിക്കപ്പെട്ടത്. ലോകത്താകെ പ്രചാരമുള്ള ഇസ്‌ലാമോഫോബിക്കായ ആഖ്യാനങ്ങളെ മുന്‍നിര്‍ത്തി ഒരു നിയമമുണ്ടക്കുകകയും അതിന് ശേഷം അതിന് യുക്തിഭദ്രതയുടെ കുപ്പായം തയ്ക്കാന്‍ ശ്രമിക്കുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.

ഭരണഘടനയെ പൂര്‍ണമായും മാറ്റി നിര്‍ത്തിയാലും ഇതിന് അടിസ്ഥാനമായി കരുതുന്ന ഇസ്‌ലാം വിരുദ്ധ ആഖ്യാനങ്ങളുടെയെങ്കിലും വസ്തുത പരിശോധിക്കാന്‍ അത് മുന്നോട്ട് വെയ്ക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്.അതിനായി ഉപയോഗിക്കുന്ന സ്ഥിരം വാദങ്ങളെ സംബന്ധിക്കുന്ന വസ്തുതകള്‍ ഒന്ന് പരിശോധിക്കാം:

1. //ഭൂരിപക്ഷമായി കഴിഞ്ഞാല്‍ പിന്നെ മുസ്‌ലിങ്ങള്‍ക്ക് ഇടയില്‍ മതേതരത്വം എന്ന വിഷയത്തെ പറ്റി സംസാരം പോലും ഇല്ല എന്ന് കേരളത്തില്‍ ഇരിക്കുന്ന നമ്മുക്ക് വരെ മനസിലാകും//

ഒരു Constitutional Islamic രാജ്യത്ത് ജീവിക്കുന്ന എനിക്ക് എന്തായാലും മനസിലാകുന്നില്ല. കേരളത്തില്‍ ഇരിക്കാത്തതുകൊണ്ടാകും.

ഭൂരിപക്ഷമായി കഴിഞ്ഞാല്‍ പിന്നെ മുസ്‌ലിങ്ങള്‍ക്ക് ഇടയില്‍ മതേതരത്വം എന്ന വിഷയത്തെ പറ്റി സംസാരം പോലും ഇല്ല എന്നത് എന്തൊരു അബദ്ധ ധാരണയാണ്? ചില മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ നോക്കാം

  • കസാഖിസ്ഥാന്‍: ജനസംഖ്യയുടെ ഏകദേശം 69% മുസ്‌ലിങ്ങള്‍.
  • തുര്‍ക്ക്‌മെനിസ്ഥാന്‍: ഭൂരിപക്ഷവും മുസ്‌ലിങ്ങളാണ് (ഏകദേശം 89%)
  • ഉസ്ബക്കിസ്ഥാന്‍: വലിയൊരു ഭൂരിപക്ഷം (ഏകദേശം 90% അല്ലെങ്കില്‍ അതില്‍ കൂടുതല്‍) മുസ്‌ലിങ്ങളാണ്.
  • അസര്‍ബൈജാന്‍: മുസ്‌ലിം ജനസംഖ്യ:~65.70%
  • അല്‍ബേനിയ: മുസ്‌ലിം ജനസംഖ്യ: ~58.60%
  • ബോസ്‌നിയ & ഹെര്‍സഗോവിന: മുസ്‌ലിം ജനസംഖ്യ: 50.51%
  • സെനഗല്‍: മുസ്‌ലിം ജനസംഖ്യ: ~95%

ഇതില്‍ മിക്ക രാജ്യങ്ങളിലെയും ഭരണഘടന രാജ്യത്തെ ഒരു ജനാധിപത്യ, മതേതര, നിയമ രാഷ്ട്രമായി നിര്‍വചിക്കുകയും എല്ലാ മതങ്ങള്‍ക്കും വിശ്വാസത്തിനും സ്വാതന്ത്ര്യം ഉറപ്പുനല്‍കുകയും ചെയ്യുന്നു.

മുസ്‌ലിം ഭൂരിപക്ഷം എന്നാല്‍ ഇസ്‌ലാമിക രാഷ്ട്രം എന്നല്ല അര്‍ത്ഥമാക്കേണ്ടത്.

വൈവിധ്യം സംരക്ഷിക്കാന്‍ പല മുസ്‌ലിം സമൂഹങ്ങളും മതേതര നിയമം തിരഞ്ഞെടുത്തിട്ടുണ്ട്.

മുസ്‌ലിം എന്ന് കേള്‍ക്കുമ്പോള്‍ താലിബാന്‍ എന്നോ, ബൊക്കോ ഹറാം എന്നോ, ഐ.എസ്.ഐ.എസ് എന്നോ മാത്രം മനസ്സില്‍ വരുന്നത് എന്തുകൊണ്ടാണ്?

ഐ.എസ്.ഐ.എസ്

ആരാണ്, ഏതൊക്കെ മാധ്യമങ്ങളാണ്, ഏതൊക്കെ രാജ്യങ്ങള്‍ ആണ് – അങ്ങനെ ചിന്തിക്കാന്‍ മനുഷ്യനെ നിരന്തരം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്? എന്നുമുതലാണ് ഇത്തരം വ്യാഖ്യാനങ്ങള്‍ ഉണ്ടായത്?

(അഫ്ഗാനിലെ റഷ്യന്‍ ഭരണം മൂലമാണ് പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ഇപ്പരുവത്തില്‍ അമേരിക്ക എത്തിച്ചത്. ആഫ്രിക്കയ്ക്ക് ഡോളര്‍ അല്ലാതെ സ്വന്തമായി ഒരു നാണയം കൊണ്ടുവരാന്‍ ഗദ്ദാഫി ശ്രമിച്ചതാണ്, ലിബിയയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. മധേഷ്യയില്‍ എണ്ണ നിക്ഷേപം കണ്ടെത്തിയതും അതില്‍ അമേരിക്കന്‍ കച്ചവട കണ്ണുകള്‍ പതിച്ചതുമാണ് മറ്റൊരു കാരണം.

ശീത യുദ്ധം അവസാനിപ്പിച്ചപ്പോള്‍ അമേരിക്ക ഉണ്ടാക്കിയ ശത്രുവാണ് ‘ഇസ്‌ലാമിക ഭീകരത’ എന്ന വാക്ക്. അറബ് രാജ്യങ്ങളില്‍ ആയുധവും പരിശീലനവും കൊടുത്ത് ഭീകര ഗ്രൂപ്പുകളെ ഉണ്ടാക്കുന്നതിലും നിലനിര്‍ത്തുന്നതിനും അമേരിക്കയുടെ പങ്ക് ചെറുതല്ല. അവരുടെ ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള അധിനിവേശവും അതിനെതിരെയുള്ള സ്വദേശികളുടെ ചേറുത്ത് നില്‍പ്പും മറൊരു കാരണമായി)

രണ്ടാമത്തെ വാചകമിതാണ്;

//ഒരു മതേതര രാജ്യത്ത് തുല്യ അവകാശങ്ങളോടെ ജീവിക്കാന്‍ എല്ലാ അവകാശവും ഉള്ള ഹിന്ദുക്കള്‍, പാഴ്‌സികള്‍, ബുദ്ധ-സിഖ്-ജൈന മതക്കാര്‍ എല്ലാം ഒരു പ്രാകൃത യാഥാസ്ഥിതിക ജനതയുടെ കീഴില്‍ അടിമപ്പെട്ടു കിടക്കാന്‍ വിധിക്കപ്പെട്ടു//

പാകിസ്ഥാനെപ്പറ്റിയാണ്. ഈ വാചകത്തില്‍ ഈ നീണ്ട കുറിപ്പിന്റെ കാതല്‍ കിടപ്പുണ്ട്.

പാകിസ്ഥാന്‍ പതാക. Photo: Wikipedia

ഹിന്ദുക്കള്‍, പാഴ്‌സികള്‍, ബുദ്ധ-സിഖ്-ജൈന മതക്കാര്‍ എന്നിവര്‍ പ്രാകൃത യാഥാസ്ഥികര്‍ അല്ലെന്നും, ഇതില്‍പ്പെടാത്ത മറ്റൊരു മതം പ്രാകൃത യാഥാസ്ഥിതിക ജനതയുമാണുപോല്‍.

എന്ന് വച്ചാല്‍ ഒരു മതം മാത്രം പ്രാകൃതം, ബാക്കിയുള്ളത് പുരോഗമനപരമെന്ന്.

ഇനി പാകിസ്ഥാന്റെ നിയമവും ഭരണഘടയും പറയുമ്പോള്‍ വസ്തു നിഷ്ഠമായിരിക്കണം, സ്റ്റാറ്റിസ്റ്റിക്‌സ് അല്ല നോക്കേണ്ടത്.

Pakistan’s constitution states that ‘all citizens are equal before the law and are entitled to equal protection of the law’ (Article 25(1)), and that ‘adequate provision shall be made for the minorities to freely profess and practice their religions and develop their cultures.

അതായത്, ഭരണഘടനാപരമായി, നിയമപരമായി, പാകിസ്ഥാനില്‍ എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശങ്ങളാണ്. പ്രായോഗികമായി, അങ്ങിനെ അല്ല എന്ന് പറയുമ്പോള്‍ ഇന്ത്യ പ്രായോഗികമായി മതേതരമാണോ എന്ന ചോദ്യം വരും.

സ്റ്റാറ്റിസ്റ്റിക്‌സ് വച്ച് നോക്കിയാല്‍ ഇന്ത്യന്‍ സമൂഹവും മതേതരമല്ലല്ലോ. (ഈ ക്രിസ്തുമസിന് ഉത്തരേന്ത്യയില്‍ നടന്നത് മാത്രം നോക്കിയാല്‍ മതി.) ഇന്ത്യന്‍ സമൂഹവും പാകിസ്ഥാന്‍ സമൂഹവും മതേതരമല്ല എന്നതാണ് യാഥാര്‍ഥ്യം. യോജിക്കാം വിയോജിക്കാം. അതേസമയം രണ്ടു രാജ്യത്തെയും ഭരണഘടന സെക്കുലര്‍ ആണ്.

മൂന്നാം വാചകമിങ്ങനെയാണ്;

//ഇസ്‌ലാമിന് അന്യ മതങ്ങളെ ഉള്‍ക്കൊള്ളാന്‍ ഉള്ള ശേഷി ഇല്ലാത്തത് കൊണ്ടും, ഇസ്‌ലാമില്‍ മത ഭേദമന്യേ മനുഷ്യര്‍ക്ക് തുല്യാവകാശങ്ങള്‍ ഇല്ലാത്തത് കൊണ്ടും, മുസ്‌ലിങ്ങള്‍ ഭൂരിപക്ഷമായാല്‍ അവിടം ഇസ്‌ലാമിക ഭരണകൂടത്തിന് കീഴ്‌പ്പെടണം എന്നുള്ളത് കൊണ്ടും അവയൊക്കെ തന്നെ ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ ആവുകയും മുസ്‌ലിങ്ങള്‍ അല്ലാത്ത മനുഷ്യര്‍ രണ്ടാംകിട പൗരന്മാര്‍ ആയി തീരുകയും ചെയ്തു//

ലോകവിവരം കുറവുള്ളതുകൊണ്ടും, വെസ്റ്റണ്‍ മീഡിയ നരേറ്റീവുകള്‍ മാത്രം വിശ്വസിക്കുന്നതുകൊണ്ടുമുള്ള കുഴപ്പമാണിത്.

ലോകത്തില്‍ ആകെ 50 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളാണുള്ളത്. അതില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ് എന്ന് പറയാവുന്നത് നാലെണ്ണമാണുള്ളത്.

28 എണ്ണം മതേതര രാജ്യങ്ങളാണ്.

23 എണ്ണം ഇസ്‌ലാമിക ഭരണഘടന ഉള്ളവയാണ്. അവയില്‍ തന്നെ ഞാന്‍ ജീവിക്കുന്ന രാജ്യമുള്‍പ്പടെ, പലതും മതേതരത്വം പ്രാക്റ്റീസ് ചെയ്യുന്നവയാണ്.

വെസ്റ്റേണ്‍ മീഡിയയും, രാജ്യങ്ങളും ഉണ്ടാക്കിയ ബോധ്യങ്ങളാണ് അദ്ദേഹത്തിന്റെ വാദഗതികള്‍ക്കുള്ള ആധാരം.

 

ഇന്ത്യയില്‍ ഒരു നിയമം ഉണ്ടാക്കുന്നതും ഭേദഗതി ചെയ്യേണ്ടതും, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താതെ മാത്രമായിരിക്കണം. അയല്‍ രാജ്യങ്ങളിലെ സ്റ്റാസ്റ്റിറ്റിസ്‌ക്‌സ് അനുസരിച്ച് ആയിരിക്കരുത്.

ഇനി ഭരണഘടന നോക്കിയാല്‍ പാകിസ്ഥാനും ബംഗ്ലാദേശും മതേരതര ഭരണഘടനയാണ്. സിവില്‍ – ക്രിമിനല്‍ നിയമങ്ങള്‍ സെക്കുലര്‍ ആണ്. അത് എന്‍ഫോഴ്സ് ചെയ്യാന്‍ പറ്റാത്തത് അവിടുത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടാണ്.

പശു ഇറച്ചി വീട്ടുലുണ്ടെന്ന് പറഞ്ഞ് ന്യുനപക്ഷത്തെ തല്ലിക്കൊല്ലുന്ന നാടാണ് നമ്മുടേത്. നിയമം നടപ്പാക്കുന്നതില്‍ നമ്മളും പരാജയമാണ്. ആരും മോശമല്ല.

അയല്‍രാജ്യങ്ങളെ നോക്കിയല്ല രാജ്യത്തെ ഭരണഘടനാ അമന്‍ഡ് ചെയ്യേണ്ടത്.

ഇപ്പോഴത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന സി.എ.എ പൂര്‍ണ്ണമായും തെറ്റാണ്. അംഗീകരിക്കാന്‍ കഴിയുന്നതല്ല.

‘ഈ മൂന്ന് മുസ്‌ലിം Theocratic സ്റ്റേറ്റുകളില്‍ (Afghanistan, Pakistan, Bangladesh) മുസ്‌ലിമിനും അമുസ്‌ലിമിനും ഉള്ള ലീഗല്‍ സ്റ്റാറ്റസ് ഒന്നല്ല’ എന്ന് പറയുന്നവരുമുണ്ട്.

ഇതൊക്കെ എവിടെ നിന്നും കിട്ടിയ വിവരമാണ്? ബംഗ്ലാദേശിലും പാകിസ്ഥാനിലും എല്ലാ മതക്കാര്‍ക്കുമുള്ള ലീഗല്‍ സ്റ്റാറ്റസ് ഒന്നാണ്.

(ഇന്ത്യയിലെപ്പോലെ ഇടിച്ചു നിരത്തിലും, ന്യൂനപക്ഷങ്ങളെ തല്ലിക്കൊല്ലലും അവിടെയുമുണ്ട് – പക്ഷേ നിയമം അതല്ല )

സര്‍വ്വോപരി, ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും, കമ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണ് എന്ന ആധാരവിശ്വാസം പുലര്‍ത്തുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി കൊണ്ടുവരുന്ന നിയമങ്ങള്‍ തൊള്ളതൊടാതെ വിഴുങ്ങാന്‍ മാത്രം നിഷ്‌കളങ്കരായിക്കൂടാ.

ബാക്കി ലോജിക്കും ലോ പോയിന്റ്സും, സംഘപരിവാര്‍ കാലങ്ങളായി പറയുന്നതാണ്. കാലാകാലങ്ങളില്‍ അതിനുള്ള മറുപടിയും അറിയാവുന്നവര്‍ പറഞ്ഞിട്ടുണ്ട്.

 

സോഷ്യല്‍ മീഡയിലൂടെ കുറിപ്പിനോട് പ്രതികരിച്ച് സജി മാര്‍ക്കോസ് എഴുതിയ ലേഖനം

 

Content Highlight: Saji Markose writes about CAA