ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 ഡക്കുകള്‍ തന്റെ പേരില്‍ കുറിക്കുന്ന താരമെന്ന മോശം റെക്കോഡ് സ്വന്തമാക്കി സയീം അയ്യൂബ്. 2025ല്‍ ഇതുവരെ ആറ് തവണയാണ് താരം പാകിസ്ഥാന്‍ ജേഴ്‌സിയില്‍ പൂജ്യത്തിന് പുറത്തായത്.
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബ്രോണ്‍സ് ഡക്കായതിന് പിന്നാലെയാണ് ഈ അനാവശ്യ നേട്ടം അയ്യൂബിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
രണ്ടാം ഓവറിലെ നാലാം പന്തിലാണ് അയ്യൂബ് പുറത്തായത്. മഹെദി ഹസന്റെ പന്തില്‍ റിഷാദ് ഹൊസൈന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
(താരം – ടീം – എത്ര ഡക്ക് – വര്‍ഷം എന്നീ ക്രമത്തില്‍)
സയീം അയ്യൂബ് – പാകിസ്ഥാന്‍ – 6 – 2025*
ഹസന്‍ നവാസ് – പാകിസ്ഥാന്‍ – 5 – 2025
സഞ്ജു സാംസണ്‍ – ഇന്ത്യ – 5 – 2024
ഇതിനൊപ്പം അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന പാകിസ്ഥാന്‍ താരങ്ങളുടെ പട്ടികയില്‍ അയ്യൂബ് രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഇത് ഒമ്പതാം തവണയാണ് താരം ‘പൂജ്യനായി’ മടങ്ങുന്നത്.
(താരം – ഇന്നിങ്‌സ് – ഡക്ക് എന്നീ ക്രമത്തില്‍)
ഉമര്‍ അക്മല്‍ – 79 – 10
സയീം അയ്യൂബ് – 45 – 9*
ഷാഹിദ് അഫ്രിദി – 90 – 8
മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ക്യാപ്റ്റനടക്കമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പോയതാണ് പാകിസ്ഥാന് തിരിച്ചടിയായത്.
ആദ്യ ഓവറിലെ നാലാം പന്തില്‍ നാല് റണ്‍സ് നേടിയ സാഹിബ്‌സാദ് ഫര്‍ഹാന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. നാല് പന്തില്‍ നാല് റണ്‍സ് നേടി താരം മടങ്ങി. രണ്ടാം ഓവറില്‍ സയീം അയ്യൂബും പുറത്തായി.
മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ പാകിസ്ഥാനെ അനുവദിക്കാതെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് ബൗളര്‍മാര്‍ മത്സരത്തിന്റെ തുടക്കത്തില്‍ നേടിയ മൊമെന്റം കൈവിടാതെ കാത്തു.
എന്നാല്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ്, ഷഹീന്‍ അഫ്രിദി, മുഹമ്മദ് നവാസ്, എന്നിവരുടെ ചെറുത്തുനില്‍പ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി.
ഹാരിസ് 23 പന്തില്‍ 31 റണ്‍സ് നേടി. നവാസ് 15 പന്തില്‍ നിന്നും 25 റണ്‍സും ഷഹീന്‍ 13 പന്തില്‍ 19 റണ്‍സും ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചു.
ഒടുവില്‍ നിശ്ചിത ഓവറില്‍ പാകിസ്ഥാന്‍ 138ന് പോരാട്ടം അവസാനിപ്പിച്ചു.
ബംഗ്ലാദേശിനായി താസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. റിഷാദ് ഹൊസൈന്‍, മഹെദി ഹസന്‍ രണ്ട് വിക്കറ്റ് വീതവും മുസ്തഫിസുര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
Content highlight: Saim Ayyub set the unwanted record of most T20I ducks in a calendar year