ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ പുതുക്കിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാന്‍ സൂപ്പര്‍ താരം സയീം അയ്യൂബ്. ഏഷ്യാ കപ്പിലെ മികച്ച ബൗളിങ് പ്രകടനത്തിന് പിന്നാലെയാണ് താരം ഒന്നാമനായി റാങ്കിങ്ങില്‍ ഇടം നേടിയത്.
കരിയര്‍ ബെസ്റ്റ് റേറ്റിങ്ങായ 241 പോയിന്റോടെയാണ് സയീം അയ്യൂബ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഏഷ്യാ കപ്പിന് പിന്നാലെ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സയീം ഒന്നാമതെത്തിയത്.
ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കിയാണ് സയീം അയ്യൂബിന്റെ മുന്നേറ്റം. ഹര്‍ദിക്കിന് നിലവില്‍ 233 റേറ്റിങ്ങാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള മുഹമ്മദ് നബിക്കും ഒരു സ്ഥാനം നഷ്ടപ്പെട്ടിരുന്നുു. ഹര്‍ദിക്കിനേക്കാള്‍ രണ്ട് റേറ്റിങ്ങാണ് അഫ്ഗാന്‍ ഇതിഹാസത്തിന് കുറവുള്ളത്.
നേപ്പാള്‍ സൂപ്പര്‍ താരം ദീപേന്ദ്ര സിങ് ഐറി (214) നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സിംബാബ്‌വേ ഇതിഹാസം സിക്കന്ദര്‍ റാസ (209) രണ്ട് സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം സ്ഥാനത്തെത്തി.
വാനിന്ദു ഹസരങ്ക (187), റോയ്‌സ്റ്റണ്‍ ചെയ്‌സ് (184), ലിയാം ലിവിങ്‌സ്റ്റണ്‍ (181), മാര്‍കസ് സ്‌റ്റോയ്‌നിസ് (179), അക്‌സര്‍ പട്ടേല്‍ (175) എന്നിവരാണ് യഥാക്രമം ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്.
ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക.
ഏഷ്യാ കപ്പില്‍ നിരാശാജനകമായ ബാറ്റിങ് പ്രകടനമാണ് സയീം അയ്യൂബ് പുറത്തെടുത്തത്. ഏഴ് മത്സരത്തില്‍ നിന്നും 5.28 ബാറ്റിങ് ശരാശരിയില്‍ നേടിയത് വെറും 37 റണ്‍സ്. സ്‌ട്രൈക്ക് റേറ്റാകട്ടെ വെറും 57.36ഉം.
ഏഴ് ഇന്നിങ്‌സില്‍ താരം നാല് തവണ പൂജ്യത്തിന് പുറത്താവുകയും ചെയ്തിരുന്നു. ഇതിനൊപ്പം പല മോശം റെക്കോഡുകളും താരം സ്വന്തമാക്കി.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ ടി-20യില്‍ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന അനാവശ്യ നേട്ടമാണ് ഇതില്‍ ആദ്യം. ഈ വര്‍ഷം ഇതുവരെ ആറ് തവണയാണ് പാക് ഓപ്പണര്‍ പൂജ്യത്തിന് പുറത്തായത്.
ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം തവണ അന്താരാഷ്ട്ര ടി-20യില്‍ പൂജ്യത്തിന് പുറത്താകുന്ന താരം
(താരം – ടീം – എത്ര ഡക്ക് – വര്‍ഷം എന്നീ ക്രമത്തില്‍)
സയീം അയ്യൂബ് – പാകിസ്ഥാന്‍ – 6 – 2025*
ഹസന്‍ നവാസ് – പാകിസ്ഥാന്‍ – 5 – 2025
സഞ്ജു സാംസണ്‍ – ഇന്ത്യ – 5 – 2024
ഇതിനൊപ്പം അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന പാകിസ്ഥാന്‍ താരങ്ങളുടെ പട്ടികയില്‍ അയ്യൂബ് രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഇത് ഒമ്പതാം തവണയാണ് താരം ‘പൂജ്യനായി’ മടങ്ങുന്നത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ പാക് താരങ്ങള്‍
(താരം – ഇന്നിങ്സ് – ഡക്ക് എന്നീ ക്രമത്തില്‍)
ഉമര്‍ അക്മല്‍ – 79 – 10
സയീം അയ്യൂബ് – 45 – 9*
ഷാഹിദ് അഫ്രിദി – 90 – 8
ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും അയ്യൂബ് ബൗളിങ്ങില്‍ തിളങ്ങിയിരുന്നു. എട്ട് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഹാരിസ് റൗഫിനും ഷഹീന്‍ അഫ്രിദിക്കും ശേഷം പാകിസ്ഥാനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതും ഈ ഓപ്പണിങ് ബാറ്ററായിരുന്നു. ഈ ബൗളിങ് പ്രകടനമാണ് താരത്തെ റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചത്.
Content Highlight: Saim Ayub surpassed Hardik Pandya in ICC T20 all rounder ranking