മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം നേടിയെടുത്ത മലയാളികളുടെ പ്രിയ താരമാണ് സൈജു കുറുപ്പ്. കോമഡി വേഷങ്ങളും ഗൗരവമുള്ള കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരം ഏത് തരം വേഷവും തനിക്ക് ഇണങ്ങുമെന്ന് ഇതിനോടകം തെളിയിച്ച് കഴിഞ്ഞു.
‘മയൂഖം’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും, പിന്നീട് ക്യാരക്ടർ റോളുകളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയുമാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ‘ആട്’ എന്ന ചിത്രത്തിലെ അറയ്ക്കൽ അബു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവുകളിൽ ഒന്നായി മാറി.
ഇപ്പോൾ ഏറ്റവും പുതിയ സിനിമയായ ‘ഭരതനാട്ട്യം 2 മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് സൈജു കുറുപ്പ്. തന്റെ കരിയറിന്റെ തുടക്കകാലത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം ഇപ്പോൾ. ഷെഫ് നളന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമ ഇൻഡസ്ടറി നമുക്കു പറ്റിയത് അല്ലാ എന്ന് ഒരുപാട് തവണ തോന്നിയിട്ടുണ്ട്. 2008-ൽ വി.കെ. പ്രകാശിന്റെ ‘പോസിറ്റീവ്’ എന്ന സിനിമ കണ്ടിട്ട് ഇഷ്ടപ്പെട്ട് ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. സാറിന്റെ പരസ്യങ്ങളിൽ അഭിനയിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചപ്പോൾ ഫോട്ടോകൾ അയക്കാൻ പുള്ളി പറഞ്ഞു. അങ്ങനെ ഫോട്ടോ അയച്ച് മൂന്നാല് മാസങ്ങൾക്ക് ശേഷം, ചെന്നൈയിൽ വെച്ച് സിമ്രനൊപ്പമുള്ള ‘കുർകുറെ’യുടെ സൗത്ത് ഇന്ത്യൻ സ്പെഷ്യൽ പരസ്യത്തിൽ എനിക്ക് അവസരം ലഭിച്ചു.’ സൈജു കുറുപ്പ് പറയുന്നു.
പിന്നീട് ബിർള റൂഫ് ഷീറ്റിന്റെ പരസ്യത്തിലും അഭിനയിച്ചു. പതുക്കെ വി.കെ.പിയുമായി വലിയ സൗഹൃദത്തിലായി. ആ ഒറ്റ ഫോൺ കോൾ കാരണം അദ്ദേഹത്തിന്റെ 10 സിനിമകളിലും 9 നാഷണൽ ആഡ്‌സിലും തനിക്കു അഭിനയിക്കാൻ സാധിച്ചു എന്നും തനിക്ക് സിനിമയിൽ ഒരു ബ്രേക്ക് തന്നതും അദ്ദേഹമാണെന്നും അന്ന് ചാൻസ് ചോദിക്കാൻ മടിച്ചിരുന്നെങ്കിൽ തനിക്ക് ഈ അവസരങ്ങളൊന്നും കിട്ടില്ലായിരുന്നു എന്നും സൈജു പറയുന്നു.
നമ്മൾ ചോദിക്കുന്നത് കാശല്ല, ഒരു അവസരമാണ്. അതുകൊണ്ട് ജോലിക്ക് അപേക്ഷിക്കുന്നത് പോലെ അവസരങ്ങൾക്കായി നമ്മൾ നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കണം എന്നും സൈജു കൂട്ടിച്ചേർത്തു.
Content Highlight: Saiju Kuruppu talks about his career in film industry