| Friday, 16th May 2025, 7:13 am

ദുല്‍ഖര്‍ നമുക്ക് രണ്ടുപേര്‍ക്കും ഫേസ്ബുക്ക് തീറെഴുതി തന്നിരിക്കുകയാണ് എന്നായിരുന്നു ആ നടന്‍ പറഞ്ഞത്: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സൈജു കുറുപ്പ്. 2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ മയൂഖത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രങ്ങളായും സൈജു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു സൈജുവിന് ഏറ്റവും ശ്രദ്ധ നേടി കൊടുത്തത്. അറക്കല്‍ അബുവെന്ന കഥാപാത്രമായിട്ടാണ് സൈജു ആ സിനിമയില്‍ എത്തിയത്.

സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് സൈജു കുറുപ്പ്. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്കിലൂടെ തന്റെ ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് ഇറക്കാന്‍ പറഞ്ഞപ്പോള്‍ ഉണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് സൈജു.

‘ഒരിക്കല്‍ ഞാന്‍ സണ്ണി വെയ്‌നിനെ കണ്ടപ്പോള്‍ ഒരു കാര്യം പറഞ്ഞു. എന്റെ ഒരു പടത്തിന്റെ ഫസ്റ്റ് ലുക്കുമായി ബന്ധപ്പെട്ട കാര്യമായിരുന്നു പറഞ്ഞത്. ആ ഫസ്റ്റ് ലുക്ക് ഞാന്‍ ദുല്‍ഖറിനോട് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്യാന്‍ പറഞ്ഞിരുന്നു.

അന്ന് ഡി.ക്യു പറഞ്ഞത് ‘സണ്ണിയുടെ ഏതോ ഒരു പടത്തിന്റെ ഫസ്റ്റ് ലുക്കും പോസ്റ്റ് ചെയ്യാനുണ്ട്. അപ്പോള്‍ അത് രണ്ടും ക്ലാഷ് ആകില്ലേ’ എന്നായിരുന്നു. ഞാന്‍ ഡി.ക്യു ഇങ്ങനെ പറഞ്ഞുവെന്ന് സണ്ണിയോട് പറഞ്ഞു.

അപ്പോള്‍ സണ്ണി ആ പടത്തിന്റെ പേര് പറഞ്ഞിട്ട് ‘അത് ഈ പടമാണ്. പ്രശ്‌നമാണോ’ എന്നായിരുന്നു ചോദിച്ചത്. ഞാന്‍ അതിന് മറുപടിയായിട്ട് പ്രശ്‌നമില്ലെന്നും എന്റെ ഫസ്റ്റ് ലുക്കിന്റേത് ഞാന്‍ വേറെയൊരു ദിവസത്തേക്ക് മാറ്റിവെക്കാമെന്നും പറഞ്ഞു.

അത് കേട്ടതും സണ്ണി പറഞ്ഞത് ‘ദുല്‍ഖര്‍ സണ്ണി വെയ്‌നും സൈജു കുറുപ്പിനും ഫേസ്ബുക്ക് തീറെഴുതി തന്നിരിക്കുകയാണ്’ എന്നായിരുന്നു (ചിരി). അത് ശരിയാണ്. കാരണം ഞങ്ങളുടെ മിക്ക സിനിമകളുടെയും ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നത് ഡി.ക്യു തന്നെയാണ്,’ സൈജു കുറുപ്പ് പറയുന്നു.


Content Highlight: Saiju Kurupp Talks About Sunny Wayne And Dulquer Salmaan

We use cookies to give you the best possible experience. Learn more