ചിത്രം വിജയിച്ചില്ലെങ്കിൽ ആ കുപ്പായം മടക്കിവെക്കും; മോഹിനിയാട്ടത്തിന്റെ വിജയമനുസരിച്ചായിരിക്കും അടുത്ത പടം: സൈജു കുറുപ്പ്
Malayalam Cinema
ചിത്രം വിജയിച്ചില്ലെങ്കിൽ ആ കുപ്പായം മടക്കിവെക്കും; മോഹിനിയാട്ടത്തിന്റെ വിജയമനുസരിച്ചായിരിക്കും അടുത്ത പടം: സൈജു കുറുപ്പ്
നന്ദന എം.സി
Tuesday, 7th April 2026, 5:30 pm

മലയാളികൾക്കിന്ന് ഏറെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് സൈജു കുറുപ്പ്. ആടിലെ അറയ്ക്കൽ അബു എന്ന കഥാപാത്രത്തിലൂടെ താരം മലയാളി പ്രേക്ഷകരുടെ മനസിൽ കയറി കൂടുകയായിരുന്നു.

അഭിനേതാവെന്നതിനോടൊപ്പം നിർമാണ രംഗത്തും സൈജു പങ്കാളിയാകാറുണ്ട്. ഇപ്പോഴിതാ വരാനിരിക്കുന്ന മോഹിനിയാട്ടം സിനിമയുടെ വിജയമനുസരിച്ചായിരിക്കും തന്റെ നിർമാണ രംഗത്തെ നില നിൽപ്പ് എന്ന് പറയുകയാണ് സൈജു കുറുപ്പ്. മാതൃദഭൂമി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

സൈജു കുറുപ്പ്, Photo: IMDb

‘എൻ്റെ സഹനിർമാതാവായ തോമസ് തിരുവല്ലയാണ് രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചൂടെ എന്നു ചോദിക്കുന്നത്. ‘ഒരു സിനിമ നമ്മൾ തുടങ്ങി കൃത്യമായി അവ സാനിപ്പിച്ചിട്ടുണ്ട്. അതിൽ ഇനി ഒരു രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടോ എന്ന്’ സംവിധായകൻ കൃഷ്ണദാസിനും സംശയമായി. വെറുതേ ഒന്നു ചിന്തിച്ചുനോക്കാനും ഒന്നും കിട്ടിയില്ലെങ്കിൽ വിട്ടേക്കാം എന്നും തോമസേട്ടൻ പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞ പ്പോൾ കൃഷ്ണദാസ് ഒരു പ്ലോട്ട് പറഞ്ഞു. അത് ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു. പെട്ടെന്ന് വൺലൈൻ തയ്യാറാക്കി. തിരക്കഥയും. അടുത്തതായി ഭരതനാട്യം ടീമിലില്ലാത്ത ഒരാളെക്കൊണ്ട് തിരക്കഥ വായിപ്പിക്കാമെന്നായി. മിഥുൻ മാനുവൽ തോമസിനു നൽകി. അദ്ദേഹം അത് വായിച്ച് ചില ചെറിയ തിരുത്തലുകൾ നിർദേശിച്ചു. അതുംകൂടി ആയപ്പോൾ തിരക്കഥയ്ക്കു മാറ്റു കൂടി.

സൈജു കുറുപ്പ് എൻ്റർടെയ്ൻമെന്റ്റ്സിന്റെ ബാനറിൽ ഒരു പടമെങ്കിലും നിർമിക്കണം എന്ന ആഗ്രഹമായിരുന്നു. അത് ഭരതനാട്യത്തോടെ സംഭവിച്ചു. എന്നാൽ, ഭരതനാട്യം തിയേറ്ററിൽ പരാജയപ്പെട്ടു. ഒ.ടി.ടി.യിൽ ചിത്രം പ്രതീക്ഷിച്ചതിലും ഫലം തന്നപ്പോഴാണ് സമാധാനമായത്.

തുരുതുരാ പടം ചെയ്യാനുള്ള ആഗ്രഹമില്ല. മോഹിനിയാട്ടം വിജയിച്ചാൽ നല്ല സിനിമകൾ നിർമിക്കണം. ഹരിഹരൻ സാറിനെപ്പോലൊരു വലിയ സംവിധായകനാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്.

അതുപോലെ പുതിയ ആളുകൾക്ക് അവസരം നൽകണം. ചിത്രം വിജയിച്ചില്ലെങ്കിൽ പിന്നീട് നിർമാതാവിന്റെ കുപ്പായം മടക്കിവെക്കും. മോഹിനിയാട്ടത്തിൻ്റെ വിജയമനുസരിച്ചാണ് അടുത്ത പടത്തിനെക്കുറിച്ചെടുക്കുന്ന തീരുമാനങ്ങൾ,’ സൈജു കുറുപ്പ് പറഞ്ഞു.

സൈജു കുറുപ്പിന്റെ 150-ാമത്തെ ചിത്രമായ ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ഏപ്രിൽ 10ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രം, തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സും ചേർന്നാണ് നിർമിക്കുന്നത്.

Content Highlight: Saiju kurupp talks about mohiniyattam movie

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.