| Tuesday, 6th May 2025, 6:12 pm

ആ സിനിമ ചെയ്തപ്പോള്‍ 'ദിസ് ക്യാരക്ടര്‍ വില്‍ മേക്ക് ഓര്‍ ബ്രേക്ക് യുവര്‍ കരിയര്‍' എന്നദ്ദേഹം പറഞ്ഞു; ഒന്നും സംഭവിച്ചില്ല, ആരും ശ്രദ്ധിച്ചില്ല: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ വി.കെ. പ്രകാശിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സൈജു കുറുപ്പ്. പോസിറ്റീവ് സിനിമ കണ്ട ശേഷം വി.കെ. പ്രകാശിനെ വിളിച്ചെന്നും അങ്ങനെയാണ് അദ്ദേഹവുമായി പരിചയവുമെന്നും സൈജു കുറുപ്പ് പറയുന്നു. അതിന് ശേഷം അദ്ദേഹത്തിന്റെ സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പോസിറ്റീവ് സിനിമ കണ്ട ശേഷം ഞാന്‍ പി.ആര്‍.ഒ. ദിനേശ് ചേട്ടനോട് വി.കെ.പി.യുടെ (വി.കെ. പ്രകാശ്) നമ്പര്‍ ചോദിച്ചു. അങ്ങനെയാണ് വി.കെ.പി.യെ വിളിക്കുന്നത്. ഹരിഹരന്‍ സാറിന്റെ പടത്തില്‍ അഭിനയിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു. കുറേനേരം അദ്ദേഹവുമായി സംസാരിച്ചു.

ഫോണ്‍ വെക്കാന്‍ നേരം അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു. കുറച്ച് ഫോട്ടോ അയക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനുപിന്നാലെ അദ്ദേഹം സംവിധാനം ചെയ്യുന്ന പരസ്യത്തിലേക്ക് എന്നെ വിളിച്ചു. അതില്‍ സിമ്രാന്റെ ജോഡിയായിട്ടായിരുന്നു.

സിനിമയിലും അവസരം തന്നു. പോപ്പിന്‍സ്, കര്‍മയോഗി അങ്ങനെ രണ്ട് ചിത്രങ്ങള്‍, കര്‍മയോഗ ചെയ്യുന്ന സമയത്ത് വി.കെ.പി. എന്നോട് പറഞ്ഞു, ‘സൈജു.. ദിസ് ക്യാരക്ടര്‍ വില്‍ മേക്ക് ഓര്‍ ബ്രേക്ക് യുവര്‍ കരിയര്‍’. പക്ഷെ ഒന്നും സംഭവിച്ചില്ല. സിനിമ ആരും ശ്രദ്ധിച്ചില്ല. അതിനുശേഷമാണ് ട്രിവാന്‍ഡ്രം ലോഡ്ജ് വരുന്നത്.

ട്രിവാന്‍ഡം ലോഡ്ജിന്റെ ഷൂട്ടിങ് സമയത്തും വി.കെ.പി. അതുതന്നെ പറഞ്ഞു. ‘സൈജൂ.. ദിസ് ക്യാരക്ടര്‍ വില്‍ മേക്ക് ഓര്‍ ബ്രേക്ക് യുവര്‍ കരിയര്‍’ എന്ന്. അന്ന് ഞാന്‍ വി.കെ.പി.യോട് പറഞ്ഞു, ‘വി.കെ.പി.. ഈ ഡയലോഗ് തന്നെയല്ലേ നിങ്ങള്‍ കഴിഞ്ഞ സിനിമയ്ക്കും പറഞ്ഞത്. ഈ സിനിമ കഴിഞ്ഞിട്ട് കൊച്ചിയില്‍ 20 ലക്ഷം രൂപയുടെ ഫ്‌ളാറ്റ് എടുക്കാനുള്ള സ്ഥിതിയിലേക്ക് ഞാന്‍ മാറിയാല്‍ നമുക്ക് അത് പറയാം’ എന്ന്.

പക്ഷെ ഇത്തവണ ഓക്കെയായിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ ഒരു ബ്രേക്ക് കിട്ടി, അതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമായിരുന്നു അത്. വി.കെ.പിക്ക് ഒപ്പം ഒമ്പത് പടങ്ങളും ദേശീയ പരസ്യങ്ങളും ചെയ്യാനായി,’ സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju Kurup Talks About V K Prakash

We use cookies to give you the best possible experience. Learn more