മിമിക്രി ഷോകളില്‍ നിന്നും ഹാസ്യതാരമായി സിനിമയിലെത്തി പിന്നീട് തന്റെ അഭിനയമികവിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച് ദേശീയ അവാര്‍ഡടക്കം സ്വന്തമാക്കിയ അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. മലയാളത്തിന് പുറമെ തമിഴിലും മാര്‍ക്കറ്റുളള താരം അടുത്തിടെ ഹിറ്റടിച്ച യൂത്തിലും വരാനിരിക്കുന്ന കര, ജയിലര്‍ 2 തുടങ്ങിയ ചിത്രങ്ങളിലും സുപ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നത്.
സുരാജിന് സമാനമായി ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ട് കഠിനധ്വാനം കൊണ്ട് മലയാളത്തിലെ നായക നടന്മാര്‍ക്കിടയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് സൈജു കുറുപ്പ്. ഇരുവരും ഒന്നിച്ചഭിനയിച്ച് നാളെ (വെള്ളി) തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന മോഹിനിയാട്ടം. ഡാര്‍ക്ക് കോമഡി ഴോണറില്‍ ഒരുക്കിയ ചിത്രവുമായി ബന്ധപ്പെട്ട് ക്യൂസ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ താരങ്ങള്‍ പങ്കുവെച്ച രസകരമായ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
മോഹനിയാട്ടം സിനിമയുടെ ആദ്യഭാഗം ഭരതനാട്യത്തിന്റെ കഥ സംവിധായകന്‍ ആദ്യം തന്റെ അടുത്തായിരുന്നു പറഞ്ഞിരുന്നതെന്ന് സുരാജ് പറയുന്നു. ചിത്രത്തില്‍ സൈജു കുറുപ്പ് അവതരിപ്പിച്ച ശശി എന്ന കഥാപാത്രത്തെ താനായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ കഥ കണക്ടാകാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നീട് കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി സൈജു കുറുപ്പിനെ വെച്ച് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേ രീതിയില്‍ സുരാജ് കഥ കേട്ട് പിന്മാറിയ ശേഷം താന്‍ ചെയ്ത ചിത്രങ്ങളെ കുറിച്ച് സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഉപചാര പൂര്‍വ്വം ഗുണ്ട ജയന്‍, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങളിലും ആദ്യം സുരാജിനെ അപ്രോച്ച് ചെയ്തതാണെന്നായിരുന്നു താരം പറഞ്ഞത്. സാരമില്ലെടാ നൂറുകോടി എടുത്തോ എന്നായിരുന്നു ഇത് കേട്ട സുരാജിന്റെ കമന്റ്. ഇപ്പോള്‍ അദ്ദേഹം കഥ കേള്‍ക്കുമ്പോള്‍ ആദ്യം സുരാജേട്ടനോട് പറയാന്‍ ആവശ്യപ്പെടുമെന്നും താന്‍ റിജെക്ട് ചെയ്താല്‍ സൈജു ചെയ്യുമെന്നും സുരാജ് തമാശയോടെ പറഞ്ഞു.
കൃഷ്ണദാസ് മുരളിയുടെ തന്നെ സംവിധാനത്തില്‍ 2024 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭരതനാട്യം. തിയേറ്ററില്‍ ചിത്രം പരാജയമായെങ്കിലും ഒ.ടി.ടി. റിലീസിന് പിന്നാലെ വലിയ പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറപ്രവര്‍ത്തകര്‍ തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തില്‍ ബേബി ജീന്‍, ശ്രീജ രവി, ജഗദീഷ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Saiju Kurup talks about Movies starred by him after rejected by Suraj Venjaramood
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.